കോവിഡ് മൂന്നാം തരംഗം മൾട്ടിപ്ലെക്സുകൾക്ക് തിരിച്ചടി
കോവിഡ് മൂന്നാം തരംഗം ശക്തമാകുന്നതോടെ മൾട്ടിപ്ലെക്സുകൾക്ക് വീണ്ടും കഷ്ടകാലം. മൾട്ടിപ്ലെക്സുകൾ തുറന്നു പ്രവർത്തിച്ചതോടെ നവംബർ 2021 -മാർച്ച് 2022 കാലയളവിൽ മികച്ച വരുമാനം പ്രതീക്ഷിച്ചിരുന്നു. ഒമൈക്രോൺ വ്യാപിക്കുന്നതും തീയേറ്ററുകൾക്ക് പല സംസ്ഥാനങ്ങളിലും തുറന്ന് പ്രവർത്തിക്കുന്നതിന് നിയന്ത്രണങ്ങൾ വരുന്നതും മൾട്ടിപ്ലെക്സുകളുടെ വരുമാനത്തിൽ ഇടിവുണ്ടാകും. ഹരിയാന, ഡൽഹി സംസ്ഥാനങ്ങളിൽ ഭാഗികമായി തീയേറ്ററുകൾ അടഞ്ഞു കിടക്കുന്നു. ചില സംസ്ഥാനങ്ങളിൽ രാത്രി കർഫ്യൂ ഏർപ്പെടുത്തിയതും മൾട്ടിപ്ലെക്സുകൾക്ക് പ്രതിസന്ധിയാകും.
പി വി ആർ സിനിമാസ് 2021-22 സാമ്പത്തിക വര്ഷം മൂന്നാം പാദത്തിൽ 709.7 കോടി രൂപ മൊത്തം വരുമാനം ലഭിച്ചു. മൊത്തം നഷ്ടം 10.2 കോടി രൂപ. ഇനോക്സ് ലെഷർ കമ്പനിയുടെ 2021 -22 ലെ മൂന്നാം പാദത്തിൽ നഷ്ടം 1.32 കോടി രൂപ, 2020-21 ഇതേ കാലയളവിൽ ഇനോക്‌സിനു നഷ്ടം 102.50 കോടി യായിരുന്നു.
കേരളത്തിൽ തിയറ്ററുകൾ അടച്ചിടേണ്ട സാഹചര്യം വീണ്ടും ഉണ്ടായാൽ ഈ വ്യവസായം തകർച്ചയിലേക്ക് പോകുമെന്ന് ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരള ( എഫ് ഇ ഒ യു കെ ) പ്രസിഡന്റ് കെ വിജയകുമാർ ഒരു ഇംഗ്ലീഷ് മാധ്യമത്തിനോട് പറഞ്ഞു. 'ആർ ആർ ആർ' 'വലിമയ്' തുടങ്ങിയ അന്യ ഭാഷ ചിത്രങ്ങളുടെ റിലീസ് നീട്ടി വെച്ചു. പ്രണവ് മോഹൻലാൽ അഭിനയിച്ച വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം 'ഹൃദയം റിലീസായത് തീയറ്ററുകൾക്ക് പ്രതീക്ഷ നൽകുന്നു.
പല ബിഗ് ബജറ്റ് ബോളിവുഡ് വിവിധ ഭാഷ ചിത്രങ്ങളും തയ്യാറായി വരുന്നതിനാൽ 2022-23 ഒന്നാം പാദത്തിൽ മൾട്ടിപ്ലെക്സുകളുടെ വരുമാനത്തിൽ പുരോഗതി ഉണ്ടാകുമെന്നു, ഐ സി ആർ എ റേറ്റിംഗ്‌സ് വിലയിരുത്തുന്നു.