റെക്കോര്‍ഡ് നേട്ടവുമായി നെറ്റ്ഫ്‌ലിക്‌സ്

വീഡിയോ സ്ട്രീമിംഗ് രംഗത്തെ വമ്പന്മാരായ നെറ്റ്ഫ്‌ലിക്‌സ് റെക്കോര്‍ഡ് നേട്ടത്തില്‍. പേയ്മന്റെ സ്ട്രീമിംഗ് കമ്പനിയായ നെറ്റ്ഫ്‌ലിക്‌സിന്റെ ആകെ ഉപഭോക്താക്കളുടെ എണ്ണം 200 ദശലക്ഷം കടന്നു. പ്രതീക്ഷിച്ചതിലും കൂടുതല്‍ ഉപഭോക്താക്കളാണ് കമ്പനിക്ക് പുതുതായി ലഭിച്ചത്. കഴിഞ്ഞവര്‍ഷത്തെ അവസാന മൂന്നുമാസങ്ങളില്‍ 8.51 ദശലക്ഷം പുതിയ ഉപഭോക്താക്കളാണ് നെറ്റ്ഫ്‌ലിക്‌സിന് ലഭിച്ചത്. 6.06 ദശലക്ഷം പുതിയ ഉപഭോക്താക്കളെ ലഭിക്കുമെന്നായിരുന്നു കമ്പനി പ്രതീക്ഷിച്ചിരുന്നത്. ഇതോടെ കമ്പനിയുടെ ഓഹരികള്‍ 17% ഉയര്‍ന്ന് 586.34 ഡോളറിലെത്തി.

അതേസമയം ഏവരെയും പ്രതിസന്ധിയിലാക്കിയ കോവിഡ് മഹാമാരി നെറ്റ്ഫ്‌ലിക്‌സിന്റെ ബിസിനസ്സിന് വലിയ ഉത്തേജനമാണ് നല്‍കിയത്. ആളുകള്‍ വീടുകള്‍ക്കുള്ളില്‍ കഴിയേണ്ടിവരികയും സിനിമാ തിയേറ്ററുകള്‍, സംഗീതക്കച്ചേരികള്‍ എന്നിവ പോലുള്ള മറ്റ് വിനോദ സൗകര്യങ്ങള്‍ പരിമിതപ്പെടുത്തുകയും ചെയ്തതോടെ നിരവധി പേരാണ് നെറ്റ്ഫ്‌ലിക്‌സിന്റെ ഉപഭോക്താക്കളായത്. കഴിഞ്ഞ വര്‍ഷം ആദ്യ ആറുമാസത്തിനുള്ളില്‍ കമ്പനിക്ക് 25.9 ദശലക്ഷം ഉപഭോക്താക്കളെയാണ് ലഭിച്ചത്.
'ലീനിയറില്‍ നിന്ന് സ്ട്രീമിംഗ് വിനോദത്തിലേക്കുള്ള വലിയ മാറ്റം ഇത് ത്വരിതപ്പെടുത്തി,'' കമ്പനിയുടെ മുഖ്യ ധനകാര്യ ഓഫീസര്‍ സ്‌പെന്‍സര്‍ ന്യൂമാന്‍ പറഞ്ഞു.
2020 ന്റെ ആദ്യ പകുതിയിലെ കുതിച്ചുചാട്ടം തുടര്‍ന്നുള്ള പാദങ്ങളിലെ വളര്‍ച്ചയെ പരിമിതപ്പെടുത്തി. ഇതിനെ ''പുള്‍-ഫോര്‍വേഡ്'' പ്രഭാവം എന്നാണ് വിളിക്കുന്നത്. ഇത് 2021 ലെ വളര്‍ച്ചയിലും തുടരുമെന്ന് ന്യൂമാന്‍ പറഞ്ഞു.
കാലിഫോര്‍ണിയയിലെ സിലിക്കണ്‍ വാലി നഗരമായ ലോസ് ഗാറ്റോസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നെറ്റ്ഫ്‌ലിക്‌സ് ഇപ്പോള്‍ അന്താരാഷ്ട്ര വിപണികളിലേക്ക് കൂടുതല്‍ വളരുകയാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി യൂറോപ്പിലും ലാറ്റിന്‍ അമേരിക്കയിലും ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന നെറ്റ്ഫ്‌ലിക്‌സ് ഏഷ്യയിലും വ്യാപകമായി. ഉപഭോക്താക്കളില്‍ 60 ശതമാനത്തിലധികം പേരും ഇപ്പോള്‍ യുഎസിനും കാനഡയ്ക്കും പുറത്താണ് താമസിക്കുന്നത്. 2020 ല്‍ വര്‍ധിച്ച ഉപഭോക്താക്കളില്‍ 83 ശതമാനം പേരും വിദേശത്തുനിന്നാണ്. 41 ശതമാനം പേര്‍ യൂറോപ്പില്‍നിന്നാണ്. ഏകദേശം 15 ദശലക്ഷം ആളുകള്‍. 9.3 ശതമാനം പേരാണ് ഏഷ്യയില്‍നിന്നുള്ളത്.




Related Articles

Next Story

Videos

Share it