Begin typing your search above and press return to search.
24 മണിക്കൂറിനിടെ ഒരു ലക്ഷത്തിലേറെ വരുമാനം; പൊടിപൊടിച്ച് പേളി മാണിയുടെ ക്രിയേറ്റര്‍ കൊമേഴ്‌സ്
നടിയും യൂട്യൂബറുമായ പേളി മാണി themerchbay.com എന്ന വെബ്സൈറ്റില്‍ പ്രോഡക്ടുകള്‍ ലിസ്റ്റ് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ നേടിയത് ഒരു ലക്ഷത്തിലേറെ രൂപയുടെ കച്ചവടം. മലയാളത്തില്‍ ആദ്യമായാണ് ഒരു സെലിബ്രിറ്റി 'ക്രിയേറ്റര്‍ കൊമേഴ്സ്' എന്ന ഏറ്റവും പുതിയ കച്ചവട സാധ്യതയിലേക്ക് ചുവടുവെച്ചത്. 126 ഉല്‍പ്പന്നങ്ങളാണ് ആദ്യദിനം വിറ്റുപോയത്.
സ്വെറ്റ് ഷര്‍ട്ടുകള്‍, ഹൂഡി, ടിഷര്‍ട്ട്, സിപ്പര്‍, മൊബൈല്‍ കവര്‍, ബാഗ്, കോസ്റ്റഴ്‌സ്, മഗ് എന്നിങ്ങനെ വിവിധ തരം 66 ഉല്‍പ്പന്നങ്ങളാണ് പേളി മാണിയുടെ ഇന്‍വെന്ററിയിലുള്ളത്. ഇതൊക്കെ എല്ലായിടത്തും കിട്ടുന്ന ഉല്‍പ്പന്നങ്ങള്‍ തന്നെയല്ലേയെന്ന സംശയം തോന്നാം. പക്ഷേ, അങ്ങനെയല്ല. എല്ലാത്തിലും ഒരു പേളി ടച്ചുണ്ട്. പേളി മാണി ഫാന്‍സിനെ ആകര്‍ഷിക്കുന്ന, അവര്‍ ആഘോഷിച്ച വാക്കുകളും വരികളും ചേര്‍ത്തുള്ളതാണ് ഉല്‍പ്പന്നങ്ങളെല്ലാം. ഈ ഉല്‍പ്പനങ്ങളുടെ വില്‍പ്പനയ്ക്കായി താരം ഉപയോഗിക്കുന്നത് സ്വന്തം സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ തന്നെയാണ്. വില്‍പ്പനയ്ക്കു വെച്ച ടീഷര്‍ട്ട് ധരിച്ചാണ് തന്റെ ക്രിയേറ്റര്‍ കൊമേഴ്സ് തുടക്കം താരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. 'ഓരോ തവണ ഇന്‍സ്റ്റഗ്രാം പോസ്റ്റിടുമ്പോഴും കച്ചവടം കുതിച്ചുകയറും'- പേളി മാണി ധനത്തോട് ബിസിനസ് രഹസ്യം പങ്കുവെക്കുന്നു.
20 ലക്ഷത്തിനടുത്ത് സബ്‌സ്‌ക്രൈബര്‍മാരുള്ള യൂട്യൂബ് ചാനലിനുടമയാണ് പേളി മാണി. ഭര്‍ത്താവ് ശ്രീനിഷിനും കുട്ടി നിലയ്ക്കുമൊപ്പമുള്ള വീഡിയോകള്‍ക്ക് ശരാശരി പതിനഞ്ചു ലക്ഷം കാഴ്ചക്കാരുണ്ടാവാറുണ്ട്. ഈ ചാനലിലെയും ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെയും ഇന്‍ഫ്‌ളുവന്‍ഷ്യല്‍ മാര്‍ക്കറ്റിംഗിനു പുറമെയാണ് താരം, ക്രിയേറ്റര്‍ കൊമേഴ്‌സിന്റെ കൂടി ഭാഗമാവുന്നത്. 'വൈകാതെ തന്നെ കുട്ടികള്‍ക്കായുള്ള ഉല്‍പ്പന്നങ്ങളും വിപണിയിലിറക്കും'-, പേളി മാണി ധനത്തോട് പങ്കുവെച്ചു.
ചുരുക്കത്തില്‍, സെലിബ്രിറ്റികളും ക്രിയേറ്റര്‍മാരും ഇന്‍ഫ്ളുവന്‍സര്‍മാരും തങ്ങളുടെ ആരാധകര്‍ക്കായി സാധനങ്ങള്‍ വില്‍ക്കുന്ന ഇ-കൊമേഴ്സ് മോഡലാണ് ക്രിയേറ്റര്‍ കൊമേഴ്സ്. ഓണ്‍ലൈനില്‍ വീഡിയോ കണ്ടന്റുകള്‍ നിര്‍മിക്കുന്നവരെയാണ് 'ക്രിയേറ്റര്‍' എന്ന പേരില്‍ വിളിക്കുന്നത്. ക്രിയേറ്റര്‍മാര്‍ ആരാധകര്‍ക്കിടയില്‍ ചെലുത്തുന്ന സ്വാധീനം പറയേണ്ടതില്ലല്ലോ.
തന്റെ ഇന്‍വെന്ററിയില്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ വൈകാതെ ചേര്‍ക്കുമെന്ന് താരം പറഞ്ഞു. മകള്‍ നിലയുടെ ബ്രാന്‍ഡ് കൂടി ഉള്‍പ്പെടുത്തി കുട്ടികള്‍ക്കായുള്ള ഉല്‍പ്പന്നങ്ങളും വില്‍പ്പനയ്ക്ക് വെക്കുമെന്നും പേളി മാണി പറഞ്ഞു.
Next Story
Videos