

റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്ന് സിനാമാ ആസ്വാദകരും നിരൂപകരും ഒന്നടങ്കം പറഞ്ഞ മണിരത്‌നം ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍. ഉലക അഴകി ഐശ്വര്യ റായി ഉള്‍പ്പെടെ വമ്പന്‍ താരനിരയെ വച്ച് ഒരുക്കിയ ചിത്രം സകല സൗത്ത് ഇന്ത്യന്‍ സിനിമാ റെക്കോര്‍ഡുകളും മറികടന്നേക്കുമെന്നാണ് അറിയുന്നത്. ഇപ്പോള്‍ തന്നെ തെന്നിന്ത്യന്‍ ബോക്‌സ്ഓഫീസ് ചരിത്രത്തിലെ പല റെക്കോര്‍ഡുകള്‍ ചിത്രം സ്വന്തമാക്കി കഴിഞ്ഞു. ആദ്യമായിട്ടാണ് ഒരു ചിത്രം ഇത്ര വേഗത്തില്‍ തമിഴ് ബോക്‌സ്ഓഫീസില്‍ 100 കോടി ക്ലബ്ബില്‍ ഇടം നേടുന്നത്. അത് പോലെ 250 കോടി എന്ന റെക്കോര്‍ഡും തകര്‍ത്തത് ശരവേഗത്തില്‍.
എന്റര്‍ട്ടെയ്ന്‍മെന്റ് റിപ്പോര്‍ട്ടിംഗ് ചാനലായ സിനിട്രാക്ക് റിപ്പോര്‍ട്ട് അനുസരിച്ച് തമിഴ്‌നാട്ടില്‍ നിന്നും ആദ്യ 5 ദിവസത്തില്‍ 102 കോടി രൂപയും നിസാമില്‍ നിന്നും 17.75 കോടിയും കര്‍ണാടകത്തില്‍ നിന്നും കേരളത്തില്‍ നിന്നും യഥാക്രമം 16.25, 15.25 കോടി രൂപ വീതവും നേടി. ഇന്ത്യയിലെ വിവിധ തിയേറ്ററുകളില്‍ നിന്നായി ചിത്രം 166.5 കോടി രൂപ നേടിയതായാണ് റിപ്പോര്‍ട്ട്.
വിദേശ രാജ്യങ്ങളില്‍ നിന്ന് 50 കോടിയാണ് ചിത്രം റിലീസ് ദിനം തന്നെ വാരിക്കൂട്ടിയത്. അമേരിക്കന്‍ ബോക്സ് ഓഫിസില്‍ നിന്നുമാത്രം 30 കോടി കലക്ഷന്‍ ലഭിച്ചതായി ഫാന്‍സ് പേജുകള്‍ പറയുന്നു. ഐമാക്‌സിലാണ് വിദേശരാജ്യങ്ങളില്‍ ചിത്രം എത്തുന്നത്.
ഐശ്വര്യ റായി, വിക്രം, കാര്‍ത്തി, ജയറാം, ജയം രവി, തൃഷ, ശരത് കുമാര്‍, ഐശ്വര്യ ലക്ഷ്മി, ലാല്‍, പ്രകാശ് രാജ്, റഹ്‌മാന്‍ തുടങ്ങിയ താരങ്ങള്‍ അതിഗംഭീര പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. പൊന്നിയിന്‍ സെല്‍വന്‍ എന്ന സിനിമയുടെ ടൈറ്റില്‍ കഥാപാത്രമായി ജയം രവി എത്തുന്നു. പൊന്നിയിന്‍ സെല്‍വന്‍ പാര്‍ട്ട് വണ്‍ ആണ് ഇപ്പോള്‍ റിലീസ് ആയത്.
കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ഇതേ പേരുള്ള തമിഴ് നോവലിനെ ആധാരമാക്കിയാണ് സിനിമ. ചോള രാജാവായിരുന്ന അരുള്‍മൊഴി വര്‍മനെ (രാജരാജ ചോളന്‍ ഒന്നാമന്‍) കുറിച്ചുള്ളതാണ് 2400 പേജുള്ള ഈ നോവല്‍.
Read DhanamOnline in English
Subscribe to Dhanam Magazine