ക്രിപ്‌റ്റോ ലോകത്തേക്ക് പൃഥ്വിരാജും: ആദ്യ എന്‍എഫ്ടി സ്വന്തമാക്കി

താര ലോകത്തെ ക്രിപ്‌റ്റോകറന്‍സിയും എന്‍എഫ്ടിയും കുറച്ചു കാലങ്ങളായി ഡിജിറ്റല്‍ ലോകത്തെ പ്രധാന ചര്‍ച്ചാവിഷയങ്ങളിലൊന്നാണ്. അമിതാഭ് ബച്ചന്‍ മുതലുള്ള രാജ്യത്തെ മുന്‍നിര താരങ്ങള്‍ മുതല്‍ സ്‌കൂള്‍ കുട്ടികള്‍ വരെ എന്‍എഫ്ടിയിലൂടെ വന്‍ വരുമാനമുണ്ടാക്കുന്നുണ്ട്. കേരളത്തില്‍ റിമ കല്ലിങ്കലും പേളി മാണിയുമൊക്കെ എന്‍എഫ്ടി സ്വന്തമാക്കിയ താരങ്ങളാണ്.

ഇപ്പോഴിതാ സൂപ്പര്‍ താരം പൃഥ്വിരാജും എന്‍എഫ്ടി സ്വന്തമാക്കിയിരിക്കുകയാണ്. ലക്ഷ്മി മാധവന്‍ എന്ന കലാകാരിയുടെ ഐ സ്‌പൈ വിത് മൈ ലിറ്റില്‍ ഐ എന്ന ആര്‍ട്ട് വര്‍ക്കാണ് താരം വാങ്ങിയത്. 0.80 ഇടിഎച്ച് (1.9 ലക്ഷം രൂപ) വരുന്നതാണ് ഈ എന്‍ഇഎഫ്ടി. ലക്ഷ്മിയുടെ എന്‍എഫ്ടി ഈ അടുത്ത കാലത്താണ് ആരംഭിച്ചത്.
ബിനാലെയില്‍ പങ്കെടുത്ത് ശ്രദ്ധേയയായ കലാകാരിയാണ് ലക്ഷ്മി. പൃഥ്വി തന്നെയാണ് താന്‍ ക്രിപ്‌റ്റോ ലോകത്തേക്ക് കാലു വച്ചെന്നു ആദ്യ എന്‍എഫ്ടി ഇതാണെന്നും ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത്.
താരങ്ങളും എന്‍എഫ്ടിയും
കവിയായ അച്ഛന്‍ ഹരിവംശ് റായി ബച്ചന്റെ 'മധുശാല' എന്ന കവിതകള്‍ നടന്‍ അമിതാഭ് ബച്ചന്റെ സ്വരത്തില്‍ എന്‍എഫ്ടിയാക്കി വിറ്റുപോയത് 7,56,000 ഡോളറിനാണ്. ഇതടക്കം ഓട്ടോഗ്രാഫ് ചെയ്ത സിനിമാ പോസ്റ്ററുകള്‍, മറ്റു ശേഖരങ്ങളെല്ലാം കൂടി നാലു ദിവസത്തെ ലേലത്തില്‍ ബച്ചന് മൊത്തം ഒരു മില്യണ്‍ ഡോളറിന്റെ അടുത്ത് കിട്ടി!.
ട്വിറ്റര്‍ സ്ഥാപകന്‍ ജാക്ക് ഡോര്‍സി തന്റെ ആദ്യ ട്വീറ്റ് എന്‍എഫ്ടിയാക്കി വിറ്റത് 2.9 മില്യണ്‍ ഡോളറിനാണ്. മലയാളി നടി റിമ കല്ലിങ്കലിന്റെ ഡിജിറ്റല്‍ ആര്‍ട്ട് വര്‍ക്ക് 24 മണിക്കൂര്‍ കൊണ്ട് 7.7 ലക്ഷം രൂപയ്ക്ക് വിറ്റുപോയിരുന്നു.
എന്താണ് എന്‍എഫ്ടി?
നോണ്‍ - ഫഞ്ചിബിള്‍ ടോക്കണ്‍ എന്ന് പൂര്‍ണരൂപം. നോണ്‍ - ഫഞ്ചിബിള്‍ എന്നാല്‍ സവിശേഷവും അതിനോട് മറ്റൊന്നിന് പകരംവെക്കാന്‍ പറ്റാത്തതും എന്നര്‍ത്ഥം. ലോകത്ത് ഒന്നേ ഉണ്ടാവുകയുള്ളൂ. സ്വാഭാവികമായും അതിന് ഡിമാന്‍ഡ് കൂടുമല്ലോ.
ക്രിപ്‌റ്റോകറന്‍സികളെന്ന പോലെ ബ്ലോക്ക്‌ചെയിന്‍ അധിഷ്ഠിതമായി തന്നെയാണ് എന്‍എഫ്ടിയും പ്രവര്‍ത്തിക്കുന്നത്. ഓഡിയോ, ഛായാചിത്രങ്ങള്‍, ചലനചിത്രങ്ങള്‍, ഡിജിറ്റല്‍ ആര്‍ട്ട് വര്‍ക്ക് തുടങ്ങി ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങള്‍ എന്തും എന്‍എഫ്ടിയാക്കാം. ബച്ചന്‍ എന്‍എഫ്ടിയാക്കി വിറ്റത് ഓഡിയോയും സിനിമാ പോസ്റ്ററുമാണല്ലോ. ഡോര്‍സിയാണെങ്കില്‍ ട്വീറ്റും. റിമ കല്ലിങ്കല്‍ ഡിജിറ്റല്‍ ആര്‍ട്ടും.
സാങ്കേതികമായി പറഞ്ഞാല്‍, വികേന്ദ്രീകൃത കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യയുപയോഗിച്ച് ഡിജിറ്റല്‍ ലഡ്ജറില്‍ ഡാറ്റ പരിപാലിക്കുന്നതിനെയാണ് എന്‍എഫ്ടി ടെക്‌നോളജി എന്ന് പറയുന്നത്.
ഇവയിലെ ഓരോ യൂണിറ്റ് ഡാറ്റയും ഓരോ എന്‍എഫ്ടിയായിരിക്കും. ഇങ്ങനെ സൃഷ്ടിക്കുന്ന എന്‍എഫ്ടികളെ Axie Infinity, Decentraland, Foundation, Mintable തുടങ്ങി വിവിധ എക്‌സ്‌ചേഞ്ചുകളിലൂടെ വില്‍പ്പനക്ക് വെക്കുവാന്‍ കഴിയും.
ഓരോ എന്‍എഫ്ടിയുടെയും അടിസ്ഥാനവില നിര്‍ണ്ണയിക്കുന്നത് അവയുടെ നിര്‍മ്മാതാവായിരിക്കും. വില്‍ക്കാനാണെങ്കിലും വാങ്ങാനാണെങ്കിലും ഈ എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.
അതിന് നിശ്ചിത ഫീസും ഉണ്ട്. എഥറിയം, ടെസോസ്, വസീര്‍ എക്‌സ് ടോക്കണ്‍, സോലാന മുതലായ ക്രിപ്‌റ്റോകറന്‍സികളാണ് നിലവില്‍ വിപണികളിലെ ഇടപാടുകള്‍ക്കായി ഉപയോഗിക്കുന്നതില്‍ ചിലത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it