അംബാനിയെ പേടിച്ച് ഡിസ്‌നി; ഇന്ത്യയിലെ അവകാശം അദാനിയോ സണ്‍ ടിവിയോ സ്വന്തമാക്കുമോ?
എന്‍.ഡി.ടിവിയെ സ്വന്തമാക്കി മാദ്ധ്യമലോകത്തേക്കും കടന്നുവന്ന ശകകോടീശ്വരന്‍ ഗൗതം അദാനി ഡിസ്‌നി ഇന്ത്യയെയും സ്വന്തമാക്കുമോ? ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം വാള്‍ട്ട് ഡിസ്‌നി ഇന്ത്യയിലെ ആസ്തികള്‍ പലതും വില്‍ക്കാനുള്ള ശ്രമങ്ങളിലാണ്. ഇതിനായി ഗൗതം അദാനി, കലാനിധി മാരന്‍ എന്നിവരുള്‍പ്പെടെ ഇന്ത്യയിലെ സ്ട്രീമിംഗ്, ടെലിവിഷന്‍ ബിസിനസ് പ്രമുഖരുമായി ഡിസ്നി കമ്പനി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി വലിയ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലേക്ക് ആസ്തികള്‍ സംയോജിപ്പിക്കാനും വിവിധ ആസ്തികളുടെ വില്‍പ്പനയ്ക്കായിട്ടുമാണ് ഡിസ്‌നിയുടെ ശ്രമങ്ങളെന്നാണ് അറിയുന്നത്. വില്‍പ്പന സംബന്ധിച്ച് പ്രാരംഭ റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ കരാര്‍ തുക സംബന്ധിച്ച യാതൊരു സൂചനയും വന്നിട്ടില്ലെന്നും ബ്ലൂംബെര്‍ഗ് പറയുന്നു.
ഇന്ത്യയിലെ ഡിജിറ്റല്‍ ഓപ്പറേഷന്‍സ്, ടിവി ബിസിനസ് എന്നിവ വില്‍ക്കാന്‍ ഡിസ്‌നി ശ്രമങ്ങള്‍ ആരംഭിച്ചതായി കഴിഞ്ഞ ജൂലൈയില്‍ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടുണ്ടായിരുന്നു.
അംബാനിയെ പേടിച്ച്
സ്ട്രീമിംഗ് രംഗത്ത് മുകേഷ് അംബാനിയുടെ ജിയോ സിനിമ ഡിസ്‌നിക്ക് സമ്മര്‍ദ്ദം വര്‍ധിപ്പിച്ചിരുന്നു. ഇന്ത്യയില്‍ റിലയന്‍സിനോട് പൊരുതി നില്‍ക്കാന്‍ താല്‍പര്യമില്ലാതെയാണ് ഡിസ്‌നി പിന്മാറാന്‍ ശ്രമിക്കുന്നതെന്നും ചില വൃത്തങ്ങള്‍ പറയുന്നു. ഡിസ്‌നിയുടെ പ്രധാന തട്ടകമായിരുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (IPL) ഡിജിറ്റല്‍ സ്ട്രീമിംഗ് സ്വന്തമാക്കിയ ജിയോസിനിമ സൗജന്യമായി ഐ.പി.എല്‍ കാണാനുള്ള ആക്‌സസ് നല്‍കിയാണ് നിരവധി സബ്‌സ്‌ക്രൈബേഴ്‌സിനെ കയ്യിലെടുത്തത്.
വാര്‍ണര്‍ ബ്രദേഴ്‌സ് ഡിസ്‌കവറിയുടെ ഉടമസ്ഥതയിലുള്ള എച്ച്.ബി.ഒയുടെ സംപ്രേഷണാവകാശവും റിലയന്‍സ് സ്വന്തമാക്കിയിരുന്നു. ഇതും ഡിസ്‌നിയുടെ കൈവശമായിരുന്നു മുമ്പ്. കഴിഞ്ഞ വര്‍ഷം 39 കോടി ഡോളര്‍ (3,237 കോടിരൂപ) നഷ്ടമാണ് ഡിസ്‌നി രേഖപ്പെടുത്തിയത്.