ഭൂമിയിലും ആകാശത്തുമല്ല, ഈ കല്യാണം മെറ്റാവേഴ്‌സില്‍; സേവ് ദി ഡേറ്റ് വീഡിയോ വൈറല്‍

കടലിലും ആകാശത്തും വെച്ച് നടന്ന കല്യാണങ്ങള്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇപ്പോള്‍ ആ നിരയിലേക്ക് എത്തുകയാണ് മെറ്റാവേഴ്‌സ് കല്യാണവും. തമിഴ്‌നാട് സ്വദേശികളായ ദിനേശ് എസ്പിയും ജനഗനന്ദിനിയുമാണ് രാജ്യത്ത് ആദ്യമായി മെറ്റാവേഴ്‌സില്‍ വിവാഹം ആഘോഷിക്കാന്‍ ഒരുങ്ങുന്നത്. ഫെബ്രുവരി ആറിനാണ് ഇരുവരും വിവാഹിതരാവുന്നത്. പരമ്പരാഗത ചടങ്ങുകള്‍ക്ക് ശേഷം വൈകിട്ട് സല്‍ക്കാര ചടങ്ങുകള്‍ മെറ്റാവേഴ്‌സില്‍ നടത്തും. ഹാരിപ്പോര്‍ട്ടര്‍ തീമില്‍ ഹോഗ്വാര്‍ട്‌സ് സ്‌കൂളിലാണ് സല്‍ക്കാരം നടക്കുക.

യാഥാര്‍ത്ഥ ലോകത്തിന്റെ വിര്‍ച്വല്‍ പതിപ്പാണ് മെറ്റാവേഴ്‌സ്. ഇതില്‍ ഓരോരുത്തര്‍ക്കും സ്വന്തം ത്രിഡി വെര്‍ച്വല്‍ അവതാറുകളുണ്ടാവും. സാധാരണ ജിവിതത്തിലെന്ന പോലെ പരസ്പരം കാണാനും സംസാരിക്കാനും മേറ്റാവേഴ്‌സില്‍ സാധിക്കും. വിര്‍ച്വല്‍ റിയാലിറ്റി, ഓഗ്മെന്റ് റിയാലിറ്റി, ത്രിഡി എന്നിവയുടെ സംയോജനമാണ് മെറ്റാവേഴ്‌സ്. ചടങ്ങില്‍ ദിനേശും നന്ദിനിയും പരമ്പരാഗത വേഷത്തില്‍ പ്രത്യക്ഷപ്പെടും. ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇഷ്ടാനുസരണം വിവിധ വേഷങ്ങളില്‍ തങ്ങളുടെ ഡിജിറ്റല്‍ അവതാര്‍ തെരഞ്ഞെടുക്കാം. യുപിഐ, ഡിജിറ്റല്‍ ഗിഫ്റ്റ് വൗച്ചര്‍ എന്നിവയിലൂടെ ദമ്പതികള്‍ക്ക് സമ്മാനങ്ങളും നല്‍കാം.
ഐഐടി മദ്രാസിലെ അസോസിയേറ്റാണ് ദിനേശ്. സോഫ്‌റ്റ്വെയര്‍ ഡവലപ്പെറായി ജോലി ചെയ്യുകായണ് നന്ദിനി. എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്ന ആലോചനയില്‍ നിന്നാണ് ഇരുവരും മേറ്റാവേഴ്‌സില്‍ എത്തിയത്. പലരോടും മെറ്റാവേഴ്‌സ് എന്താണെന്ന് പറഞ്ഞു മനസിലാക്കല്‍ ശ്രമകരമായിരുന്നു. എല്ലാക്കാര്യങ്ങള്‍ക്കും പിന്തുണയുമായി നന്ദിനി കൂടെ നിന്നപ്പോള്‍ കാര്യങ്ങള്‍ എളുപ്പമായെന്നും ദിനേശ് പറയുന്നു.
കഴിഞ്ഞ ഒരു വര്‍ഷമായി ക്രിപ്‌റ്റോ മൈനിംഗ് രംഗത്തുള്ള ദിനേശിന് ചില സ്റ്റാര്‍ട്ടപ്പ് സ്വപ്‌നങ്ങളുമുണ്ട്. അതിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുക എന്ന ലക്ഷ്യവും ഈ മെറ്റാവേഴ്‌സ് വിവാഹ ആഘോഷത്തിന് പിന്നിലുണ്ട്. പോളിഗ്ലോണ്‍ ബ്ലോക്ക്‌ചെയിനില്‍ രാജ്യത്തെ ആദ്യ മെറ്റവേഴ്‌സ് സ്റ്റാര്‍ട്ടപ്പ് ആയ TardiVerse ആണ് ചടങ്ങ് ഒരുക്കുന്നത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it