'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍'; ഒരു ഒടിടി റിലീസ് വിജയ കഥ

ജനുവരി പകുതിയോടെ നീസ്ട്രീം (NeeStream) ഒടിടി (ഓവര്‍ ദി ടോപ്) പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്ത, മലയാള സിനിമ 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' പ്രമേയത്തിന്റെ പുതുമ കൊണ്ടും, കാഴ്ചക്കാരുടെ എണ്ണം കൊണ്ടും മലയാളി പ്രേക്ഷകര്‍ക്കിടയില്‍ സൃഷ്ടിച്ചത് ഒരു പുതുതരംഗം. ചിത്രത്തെ സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ വന്ന റിവ്യൂ, അനാലിസിസ് റിപ്പോര്‍ട്ടുകളാണ് മലയാള പ്രേക്ഷകര്‍ ഈ സിനിമയെ സ്വീകരിക്കാന്‍ പ്രധാന കാരണം. ഒന്നര കോടി മുതല്‍ മുടക്കി ചിത്രീകരിച്ച സിനിമ ലക്ഷക്കണക്കിന് പ്രേക്ഷകര്‍ ഇതിനോടകം കണ്ടുകഴിഞ്ഞു. രണ്ട് ലക്ഷം വരിക്കാര്‍ക്ക് പുറമെ പുതുതായെത്തിയ ഒരു ലക്ഷം പെയ്ഡ് വരിക്കാരും ഉള്‍പ്പടെ മൂന്ന് ലക്ഷം പേരാണ് ഒരാഴ്ച കൊണ്ട് ഈ കൊച്ചു സിനിമ കണ്ടെതെന്ന് നീസ്ട്രീം ഡയറക്ടര്‍ വിനോദ് ജോര്‍ജ് ധനം മാഗസിനോട് പറഞ്ഞു.

ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ ഇതുവരെ റിലീസ് ചെയ്ത മലയാള സിനിമയില്‍ ഏറ്റവുമധികം പ്രേക്ഷകരെ ലഭിച്ചുവരുന്ന ആദ്യ മലയാള സിനിമ 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' തന്നെയാവും. ആമസോണ്‍, നെറ്റ്ഫ്‌ളിക്സ് തുടങ്ങിയ വന്‍കിട ഒടിടി പ്ലാറ്റ്‌ഫോമുകള്‍ വിജയിക്കില്ലെന്ന് ചൂണ്ടിക്കാട്ടി തിരസ്‌കരിച്ച, ഈ കൊച്ചു മലയാള സിനിമ, വിപണന സാധ്യതകള്‍ കണ്ടറിഞ്ഞു ഏറ്റെടുത്തത് അമേരിക്കയിലെ വിര്‍ജിനിയ ആസ്ഥാനമായുള്ള ജെകെഎച്ച് ഹോള്‍ഡിംഗ്സ് എന്ന ബഹുരാഷ്ട്ര കമ്പനിയാണ്. ഈ കമ്പനിയുടെ നീസ്ട്രീം എന്ന ഒടിടി പ്ലാറ്റ്‌ഫോമിന്റെ ചെയര്‍മാന്‍ മലയാളിയായ ഡോ. ജവാദ് കെ. ഹസ്സന്‍ ആണ്. കൊച്ചിയിലെ നെസ്റ്റ് ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ജവാദ് ഹസ്സന്‍ മലയാളിയുടെ വാര്‍ത്തയുടെയും വിനോദത്തിന്റെയും വിപുലമായ ആഗോള സാധ്യത കണ്ടറിഞ്ഞാണ് മലയാള ഒടിടി പ്ലാറ്റ്ഫോമുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. തുടക്കത്തില്‍ അമേരിക്ക, കാനഡ എന്നിവിടങ്ങളിലെ പ്രവാസി മലയാളികളെ ലക്ഷ്യംവെച്ചായിരുന്നു പ്രവര്‍ത്തനം.
കണക്കുകൂട്ടലുകള്‍ക്കും അപ്പുറം!
നീസ്ട്രീമിന്റെ കേരള ഹെഡ് ചാള്‍സ് ജോര്‍ജിന്റെ ഒരു കണക്കുകൂട്ടലാണ് ഈ സിനിമ വാങ്ങാന്‍ നിമിത്തമായത്. ''എല്ലാവര്‍ക്കും എളുപ്പത്തില്‍ മനസിലാവുന്ന ഒരു ഗ്ലോബല്‍ സബ്‌ജെക്ട് വിജയിക്കുമെന്ന് കരുതി, പക്ഷേ ഇത്രയധികം സ്വീകാര്യത കിട്ടുമെന്ന് കരുതിയില്ല'' ചാള്‍സ് ജോര്‍ജ് പറയുന്നു. 'തൊണ്ടി മുതലും ദൃക്സാക്ഷിയും' എന്ന സിനിമയുടെ വിജയം മുന്‍നിര്‍ത്തിയാണ് 'ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണി'ലേക്ക് നിമിഷ - സുരാജ് കൂട്ടുകെട്ടിനെ കൊണ്ടുവന്നത്. ഇതിനു പുറമെ വ്യത്യസ്തമായ കുടുംബ പ്രമേയവും സംവിധായകന്‍ ജിയോ ബേബിയുടെ മേക്കിംഗും പുതിയ തലമുറ ചിത്രം ഏറ്റെടുക്കുമെന്ന് കരുതി.
ജിയോ ബേബിയുടെ അടുത്ത സുഹൃത്തുക്കള്‍ തന്നെയായിരുന്നു നിര്‍മ്മാതാക്കള്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആയ മാത്യു പുളിക്കന്‍ ഉള്‍പ്പടെയുള്ളവര്‍ വലിയ സാമ്പത്തിക ശേഷിയുള്ള നിര്‍മ്മാതാക്കള്‍ ആയിരുന്നില്ല. ലോക്ക്ഡൗണില്‍ ഇളവ് ലഭിച്ച ആദ്യ മാസങ്ങളില്‍ തന്നെ ഷൂട്ടിംഗ് ആരംഭിച്ച സിനിമകളില്‍ ഒന്നായ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്റെ അണിയറ പ്രവര്‍ത്തകര്‍ ഒടിടി പ്ലാറ്റ്‌ഫോം മനസ്സില്‍ കണ്ടുതന്നെയാണ് അത്് നിര്‍മ്മിച്ചതും.
മൂന്ന് മലയാള സിനിമകള്‍ റിലീസ് ചെയ്ത ഒടിടി പ്ലാറ്റ്‌ഫോമായിരുന്നു നീസ്ട്രീമെങ്കിലും ജനങ്ങള്‍ ഏറെ അതിനെ ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ റിലീസ് ചെയ്തതോടെ ലോകത്ത് എമ്പാടുമുള്ള ലക്ഷക്കണക്കിന് മലയാള പ്രേക്ഷകര്‍ പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറി. തിരക്ക് വര്‍ധിച്ചതോടെ പലപ്പോഴും പ്ലാറ്റ്‌ഫോം ഹാംഗ് ആയി. ഇത്രയധികം ട്രാഫിക് ഒട്ടും പ്രതിക്ഷിച്ചിരുന്നില്ലെന്ന് നീസ്ട്രീം ഡയറക്ടറും ചീഫ് ടെക്‌നോളജി ഓഫീസറുമായ വിനോദ് ജോര്‍ജ് തുറന്നു പറയുന്നു.
സിനിമയുടെ പ്രമേയം ചുരുങ്ങിയ ദിവസം കൊണ്ട് സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. സോഷ്യല്‍ മീഡിയയിലെ ആഘോഷം സിനിമയ്ക്ക് വന്‍ പ്രചാരമാണ് നല്‍കിയത്. കുടുംബ പ്രേക്ഷകര്‍ പ്രത്യേകിച്ച് സ്ത്രീകള്‍ വലിയ തോതില്‍ സിനിമ കണ്ടു. പിന്നീടത് മലയാളത്തിലെ ആദ്യത്തെ ഒടിടി ബ്ലോക്ക് ബസ്റ്റര്‍ സിനിമയായി. ഒടിടിയില്‍ മെഗാഹിറ്റായ ആദ്യ മലയാള സിനിമ!
ഈ വിജയം സൂചിപ്പിക്കുന്നത് എന്ത്?
മലയാളത്തിലെ 80 സിനിമകളാണ് ഇപ്പോള്‍ തിയേറ്റര്‍ റിലീസിനായി കാത്തിരിക്കുന്നത്. ഇതിനുപുറമെ 23 സിനിമകളുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. ഏതാണ്ട് 600 കോടി രൂപയുടെ മൂലധനമാണ് മലയാള സിനിമ വ്യവസായ രംഗത്ത് ഇപ്പോള്‍ ബ്ലോക്ക് ആയി കിടക്കുകയാണ്. തീയറ്റര്‍ തുറന്നെങ്കിലും ഇത്രയധികം സിനിമകള്‍ക്ക് റിലീസ് തീയതി കിട്ടാന്‍ സാധ്യതയില്ല.
കിട്ടിയാല്‍ തന്നെ പ്രദര്‍ശനത്തിന് മതിയായ സമയം കിട്ടണമെന്നില്ല. അതോടെ മിക്ക സിനിമകളും മൂന്നുനാലുദിവസം കൊണ്ട് തിയേറ്റര്‍ വിടും. കുടുംബ പ്രേക്ഷകര്‍ വരാതെ എങ്ങനെ സിനിമ ലാഭകരമാകുമോയെന്ന ആശങ്കയും നിര്‍മാതാക്കള്‍ക്കുണ്ട്. 50 ശതമാനം ടിക്കറ്റ് നല്‍കി തിയേറ്റര്‍ ലാഭകരമാക്കാനും കഴിയില്ല. ദൃശ്യം 2 പോലെയൊരു കുടുംബ ചിത്രം ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യാന്‍ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ തയ്യാറായതും ഈയൊരു സാഹചര്യം കണക്കിലെടുത്താണ്.
''ഒരു പുതിയ സിനിമ കാണാന്‍ പ്രേക്ഷകര്‍ 140 രൂപ ഒടിടി പ്ലാറ്റ്‌ഫോമിന് നല്‍കുമ്പോള്‍ നിര്‍മാതാവിന് ലഭിക്കുന്നത് ശരാശരി 70 രൂപയാണ്. അതായത് സിനിമയുടെ മുതല്‍ മുടക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ വലിയ ലാഭം കിട്ടണമെന്നില്ല. ചെറിയ മുതല്‍ മുടക്കിയ സിനിമകള്‍ക്ക് ഓടിടി റിലീസ് താല്‍ക്കാലിക ആശ്വാസമാണ്. ഒടിടി റൈറ്റ്‌സിന് പുറമെയുള്ള റൈറ്റ്‌സുകള്‍ വഴിയാണ് പലരും ആദായം നേടുന്നത്.'' പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ സി ഹോം സിനിമയുടെ മാനേജിംഗ് ഡയറക്ടര്‍ എസ്. സിബു പറയുന്നു.
ജനങ്ങള്‍ വീട്ടിലിരുന്ന ലോക്ക്ഡൗണ്‍ കാലത്ത് ഒടിടി പ്ലാറ്റ്ഫോമിലൂടെ നിരവധി പേര്‍ സിനിമ കണ്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രേക്ഷകര്‍ കുറവാണ് അതുകൊണ്ട് നിര്‍മ്മാതാക്കള്‍ക്ക് ഒടിടി വരുമാനവും കുറവാണ്. ഒടിടി പ്ലാറ്റ്‌ഫോമിന്റെ ടാര്‍ഗറ്റ് ഓഡിയന്‍സ് വിദേശ മലയാളികള്‍ തന്നെയാണ്. ഗള്‍ഫ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസി മലയാളികള്‍ പണം കൊടുത്ത് തന്നെ സിനിമ കാണും. വ്യാജ പതിപ്പുകള്‍ പ്രവാസികള്‍ കാണുന്നത് കുറവാണ്. വിദേശ രാജ്യങ്ങളിലെ നിയമങ്ങള്‍ കര്‍ശനമായതിനാല്‍ വ്യാജ സൈറ്റ് കാണാന്‍ അവര്‍ താല്‍പ്പര്യപ്പെടുന്നില്ല. ഏതാണ്ട് 35 ലക്ഷം പ്രവാസികള്‍ തന്നെയാണ് ഒടിടിയുടെ ടാര്‍ഗറ്റ് വിപണിയെന്ന് സിബു കുട്ടിച്ചേര്‍ത്തു.
പ്രാദേശിക ഒടിടി പ്ലാറ്റ്‌ഫോമുകള്‍ കൂടുന്നു
കേരളത്തില്‍ മാത്രം പന്ത്രണ്ടോളം ഒടിടി പ്ലാറ്റ്‌ഫോമുകള്‍ വിവിധ ഘട്ടത്തിലാണെന്നു മീഡിയ ടീം സൊല്യൂഷന്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ ബിജു സ്‌കറിയ പറഞ്ഞു. എന്നാല്‍ വന്‍ മുതല്‍ മുടക്കോടെ വരുന്ന കോര്‍പ്പറേറ്റ് വമ്പന്മാരുടെ മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ഈ കമ്പനികള്‍ക്ക് എങ്ങനെ കഴിയുമെന്ന ആശങ്കയും ബിജു പ്രകടിപ്പിക്കുന്നുണ്ട്. കേരളത്തിലെ വന്‍കിട മീഡിയ കമ്പനികളുടെ ഭാഗമായ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് വമ്പന്മാരെ ഭയക്കാതെ നില്‍ക്കാന്‍ സാധിച്ചേക്കും.
സ്റ്റോക്ക് മോജോ കമ്പനിയുടെ കൂടെ, എസ്. സിബു പ്രൊമോട്ടര്‍ ആയ സി ഹോം സിനിമ, ഇടവേള ബാബുവിന്റെ വി നെക്സ്റ്റ്, പ്രൈം റീല്‍സ് തുടങ്ങിയ നിരവധി മലയാള ഒടിടി പ്ലാറ്റ്‌ഫോമുകളാണ് പ്രധാനമായും കേരളം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നത്.
''ഇത് ഞങ്ങള്‍ പ്രതീക്ഷിക്കാത്ത വിജയം''
നീസ്ട്രീം ഒടിടി പ്ലാറ്റ്ഫോം ചീഫ് ടെക്‌നോളജി ഓഫീസറും ഡയറക്ടറുമായ വിനോദ് ജോര്‍ജുമായുള്ള അഭിമുഖം

വിനോദ് ജോര്‍ജ്ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ഒടിടി റിലീസ് വിജയം മുന്‍കൂട്ടി കണ്ടിരുന്നോ?
ഒരു സാധാരണ വിജയം മാത്രമാണ് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നത്. റിലീസ് ചെയ്ത രണ്ടാം ദിവസം അപ്രതീക്ഷിതമായി പ്രേക്ഷകര്‍ പ്ലാറ്റ്‌ഫോമിലേക്ക്് ഇരച്ചെത്തി. അതോടെ ചില സാങ്കേതിക പ്രശ്‌നങ്ങള്‍ ഉടലെടുത്തു. പെട്ടെന്ന് തന്നെ അതൊക്കെ പരിഹരിച്ചു. ഒരുലക്ഷം പെയ്ഡ് കസ്റ്റമേഴ്‌സ് പുതിയതായി വന്നു. 140 രൂപയാണ് സിനിമക്ക് ചാര്‍ജ് ചെയ്തത്. ഇതിനു പുറമെ 2 ലക്ഷം നിലവിലെ വരിക്കാരെ കൂടി ചേര്‍ക്കുമ്പോള്‍ 3 ലക്ഷം പേര്‍ സിനിമ കണ്ടിട്ടുണ്ടാവും.
സോഷ്യല്‍ മീഡിയയിലെ പ്രചാരണം എങ്ങനെ സഹായിച്ചു?
ഈ സിനിമ വിജയിച്ചത് സോഷ്യല്‍ മീഡിയയുടെ പരിപൂര്‍ണ പിന്തുണ കൊണ്ടാണ്. കേരളത്തിലെ പ്രബുദ്ധരായ സോഷ്യല്‍ മീഡിയ പ്രവര്‍ത്തകര്‍ സിനിമ സമഗ്രമായി വിശകലനം ചെയ്തു. സ്ത്രീകള്‍ അവരുടെ സ്വന്തം അനുഭവങ്ങള്‍ പങ്കുവെച്ചു. ഓരോരുത്തര്‍ക്കും സിനിമയുടെ പ്രമേയം സ്വന്തം അനുഭവമായി തോന്നി ഏറ്റെടുത്തു. പരസ്യങ്ങള്‍ ഇല്ലാതെ തന്നെ സിനിമ വിജയം നേടി.
ഇന്ത്യയിലെ ഇതര ഭാഷകളില്‍ സബ് ടൈറ്റില്‍ വരുന്നതോടെ കൂടുതല്‍ ആളുകള്‍ ഇനി പടം കാണും. ഇപ്പോള്‍ തന്നെ ഇംഗ്ലീഷ്, ഹിന്ദി, റിവ്യൂസ് സോഷ്യല്‍ മീഡിയയില്‍ വന്നു തുടങ്ങി. മറ്റു ഭാഷക്കാരായ നിര്‍മ്മാതാക്കളും താല്‍പ്പര്യം കാണിക്കുന്നുണ്ട്. മികച്ച പ്രതികരണം ലഭിച്ചതോടെ പ്ലാറ്റ്ഫോം കൂടുതല്‍ വിപുലപ്പെടുത്താന്‍ ചെയര്‍മാന്‍ ഡോ. ജവാദ് ഹസന്‍ നിര്‍ദേശിച്ചിട്ടുമുണ്ട്.
വന്‍കിട ഒടിടി പ്ലാറ്റ്ഫോമുകളോട് എങ്ങനെ മത്സരിക്കും?
മലയാള തനിമയുള്ള പ്രോഗ്രാം നല്‍കിയാല്‍ ഏത് വന്‍കിടക്കാരോടും മത്സരിച്ചു ജയിക്കം. ഞങ്ങളുടെ പ്ലാറ്റ്ഫോം മലയാളികളുടെ അഭിരുചി അറിഞ്ഞു തയാറാക്കുന്നതാണ്. നല്ല പ്രോഗ്രാം നല്‍കിയാല്‍ അവര്‍ സ്വീകരിക്കും. പ്രവാസി മലയാളികളുടെ വലിയൊരു വിപണി തുറന്നു കിടക്കുകയാണ്. അതൊക്കെ ഉപയോഗപ്പെടുത്താം.
പുതിയ പദ്ധതികള്‍ എന്തൊക്കെയാണ്?
ആകര്‍ഷകമായ പുതിയ സിനിമകള്‍ ഉടന്‍ റിലീസ് ചെയ്യും. മലയാളത്തിലെ പുത്തന്‍ സിനിമ റിലീസ് താമസിയാതെ വരും. നിര്‍മാതാക്കള്‍ ആത്മവിശ്വാസത്തോടെ ഇപ്പോള്‍ ഞങ്ങളെ അന്വേഷിച്ചു വരുന്നുണ്ട്. അതൊരു നല്ല തുടക്കമാണ്. സിനിമ പ്ലാറ്റ്ഫോം മാത്രമല്ല ഞങ്ങളുടെ ലക്ഷ്യം. മലയാളിയുടെ 'ക്രിയേറ്റീവ് കള്‍ച്ചര്‍ ടാലെന്റ്' പുറത്ത് കൊണ്ടുവരാന്‍ സഹായിക്കുന്ന പുതിയ പ്ലാറ്റ്‌ഫോം വരുന്നുണ്ട്. യൂട്യൂബ് മാതൃകയിലുള്ള ഈ ചാനലില്‍ ക്രിയേറ്റീവ് ആയ കണ്ടന്റുകള്‍ അപ്ലോഡ് ചെയ്യാം. കഴിവുള്ളവര്‍ക്ക് ഇവിടെ അവരുടെ ക്രിയാത്മകമായ പരിപാടികള്‍ അപ്‌ലോഡ് ചെയ്യാന്‍ അവസരം നല്‍കും.


Related Articles

Next Story

Videos

Share it