പ്രായം 25 കഴിഞ്ഞിട്ടില്ല, പ്രതിഫലത്തില്‍ മുമ്പില്‍ നില്‍ക്കുന്ന 7 കായികതാരങ്ങള്‍

25 വയസോ അതില്‍ താഴെയോ പ്രായമുള്ള, ലോകത്തില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന കായിക താരങ്ങളെ അറിയാം. ഈ വിഭാഗത്തില്‍ ഏഴുപേരുടെ പട്ടികയാണ് ഫോബ്‌സ് പ്രസിദ്ധീകരിച്ചത്. 2021 മെയ് 1 മുതല്‍ 2022 മെയ് 1 വരെ സമ്മാനത്തുക, ശമ്പളം തുടങ്ങിയ ഇനങ്ങളില്‍ താരങ്ങള്‍ നേടിയ തുകയെ അടിസ്ഥാനമാക്കിയാണ് ഫോബ്‌സ് പട്ടിക തയ്യാറാക്കിയത്.

1. ജോഷ് അലന്‍


യുഎ,സ് റഗ്ബി താരമായ ജോഷ് അലന്റെ (josh Allen) വരുമാനം 67 മില്യണ്‍ യുഎസ് ഡോളറാണ്. റഗ്ബിയില്‍ നിന്ന് 63 മില്യണ്‍ ഡോളറും മറ്റുള്ളവയില്‍ നിന്ന് 4 മില്യണ്‍ ഡോളറുമാണ് ജോഷ് സമ്പാദിച്ചത്. അമേരിക്കന്‍ നാഷണല്‍ ഫുഡ്‌ബോള്‍ ലീഗ് (NFL) ടീമായ ബുഫല്ലോ ബില്‍സ് താരവുമായുള്ള കരാര്‍ പുതുക്കിയതോടെ ആണ് ജോഷ് പട്ടികയില്‍ ഒന്നാമത് എത്തിയത്. നൈക്കി, പെപ്‌സി ഉള്‍പ്പടെയുള്ളവര്‍ താരത്തിന്റെ സ്‌പോണ്‍സര്‍മാരാണ്.

2.നവോമി ഒസാക്ക


ജാപ്പനീസ് ടെന്നീസ് താരം നവോമി ഒസാക്കയാണ് (Naomi Osaka) പട്ടികയില്‍ രണ്ടാമത്. 59.2 മില്യണ്‍ ഡോളറാണ് ഓസാക്കയുടെ വരുമാനം. അതില്‍ 1.2 മില്യണ്‍ ഡോളര്‍ മാത്രമാണ് ടെന്നീസ് കോര്‍ട്ടില്‍ നിന്ന് നേടിയത്. മുന്‍വര്‍ഷം 60 മില്യണ്‍ ഡോളര്‍ നേട്ടത്തോടെ ഒരു വനിതാ കായിക താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലം എന്ന റെക്കോര്‍ഡ് ഒസാക്ക സ്വന്തമാക്കിയിരുന്നു. നൈക്കി, മാസ്റ്റര്‍ കാര്‍ഡ്, എല്‍വി ഉള്‍പ്പടെയുള്ള ഇരുപതോളം ബ്രാന്‍ഡുകളുമായി താരം സഹകരിക്കുന്നുണ്ട്. കൂടാതെ സ്വന്തമായി സ്‌കിന്‍ കെയര്‍ ബ്രാന്‍ഡും സ്‌പോര്‍ട്‌സ് ഏജന്‍സിയും 24കാരിയായ ഒസാക്കയ്ക്ക് ഉണ്ട്.

3.മാക്‌സ് വെര്‍സ്റ്റപ്പന്‍


2021 ഫോര്‍മുല വണ്‍ (F1) ചാംപ്യന്‍ ആയ മാക്‌സ് വെര്‍സ്റ്റപ്പന്‍ (Max Verstappen) ആണ് പട്ടികയില്‍ മൂന്നാമത്. 24കാരനായ വെര്‍സ്റ്റപ്പന്റെ കഴിഞ്ഞ വര്‍ഷത്തെ സമ്പാദ്യം 59.2 മില്യണ്‍ ഡോളറാണ്. അതില്‍ 58 മില്യണും ട്രാക്കിന് വെളിയില്‍ നിന്നാണ് നേടിയത്. പതിനേഴാം വയസില്‍ ട്രാക്കിലെത്തിയ വെഴ്സ്റ്റപ്പന്‍ എഫ്1ലെ ഏറ്റവും പ്രയം കുറഞ്ഞ ഡ്രൈവര്‍ എന്ന റെക്കോര്‍ഡ് നേടിയിരുന്നു. എഫ്1 മത്സരങ്ങളില്‍ വിജയിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും (18ആം വയസില്‍) വെര്‍സ്റ്റപ്പന്‍ ആണ്.

4. കിലിയന്‍ എംബാപ്പെ


43 മില്യണ്‍ ഡോളര്‍ വരുമാനവുമായി ഫ്രാന്‍സിന്റെ ഫുട്‌ബോള്‍ താരം കിലിയന്‍ എംബാപ്പെ (Kylian Mbappé) ആണ് പട്ടികയില്‍ നാലാമത്. 23 വയസാണ് എംബാപ്പെയുടെ പ്രായം. 2018ലെ ഫുഡ്‌ബോള്‍ ലോകകപ്പിലായിരുന്നു എംബാപ്പെ എന്ന താരത്തിന്റെ ഉദയം. വരുമാനത്തില്‍ 28 മില്യണ്‍ ഡോളറും എംബാപ്പെ ഫുഡ്‌ബോള്‍ മൈതാനത്തു നിന്ന് നേടിയതാണ്.

5. മാര്‍ഷണ്‍ ലാറ്റിമോര്‍


അമേരിക്കന്‍ റഗ്ബി താരം മാര്‍ഷണ്‍ ലാറ്റിമോര്‍ (Marshon Lattimore) ആണ് വരുനമാനക്കണക്കില്‍ അഞ്ചാമന്‍. 40.8 മില്യണ്‍ യുഎസ് ഡോളറായിരുന്നു താരത്തിന്റെ വരുമാനം. 25 വയസാണ് താരത്തിന്റെ പ്രായം. ജോഷ് അലനെ പോലെ എന്‍എഫ്എല്‍ താരമാണ് ലാറ്റിമോറും.

6.ഡെവിന്‍ ബൂക്കര്‍


യുഎസ് ബാസ്‌ക്കറ്റ് ബോള്‍ താരമാണ് 25കാരനായ ഡെവിന്‍ ബൂക്കര്‍ (Devin Booker) 39.9 മില്യണ്‍ ഡോളറായിരുന്നു താരത്തിന്റെ സമ്പാദ്യം. എന്‍ബിഎയില്‍ ഫീനിക്‌സ് സണ്‍സിന്റെ താരമാണ് ഡെവിന്‍ ബൂക്കര്‍. കോക്കനട്ട് വാട്ടര്‍ സ്‌പോര്‍ട്‌സ് ഡ്രിങ്ക് കോക്കോ5 ന്റെ ഉടമകളില്‍ ഒരാളുകൂടിയാണ് ഡെവിന്‍ ബൂക്കര്‍

7. ജേക്ക് പോള്‍


യുഎസ് ബോക്‌സിംഗ് താരമാണ് ഇരുപത്തഞ്ചുകാരനായ ജേക്ക് പോള്‍ (Jake Paul). 38 മില്യണ്‍ ഡോളറായിരുന്നു ജേക്ക് പോളിന്റെ സമ്പാദ്യം. അതില്‍ 30 മില്യണ്‍ ഡോളറും ജേക്ക് ഇടിക്കൂട്ടില്‍ നിന്ന് സമ്പാദിച്ചത്.

എല്ലാ വിഭാഗത്തിലുമായി ഏറ്റവും അധികം പ്രതിഫലം നേടുന്ന കായിക താരം ലയണല്‍ മെസിയാണ്. 130 മില്യണ്‍ ഡോളറാണ് 34കാരനായ മെസിക്ക് പ്രതിഫല ഇനത്തില്‍ ലഭിച്ചത്. ബാസ്‌ക്കറ്റ് ബോള്‍ താരം ലെബ്രോണ്‍ ജെയിംസ് ( 121.2 മില്യണ്‍ ഡോളര്‍), ഫുഡ്ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ (115 മില്യണ്‍) എന്നിവരാണ് മെസിക്ക് പിന്നാലെ.

Related Articles
Next Story
Videos
Share it