നിയന്ത്രണങ്ങള്‍ പാലിച്ച് തിയേറ്ററുകള്‍ സജീവം; പുത്തന്‍ വിഷു റിലീസുകള്‍ എത്തുക ഒടിടി യില്‍

ഇക്കുറി വിഷുദിനത്തില്‍ പുതിയ മലയാള സിനിമകള്‍ തീയറ്ററുകള്‍ റിലീസ് ചെയ്യുന്നില്ല. എന്നാല്‍ ഒ ടി ടി യില്‍ വിഷു റിലീസിന് ചിത്രങ്ങളെത്തുന്നുണ്ട്. റംസാന്‍ മാസത്തില്‍ സിനിമകള്‍ റിലീസ് ചെയ്യുന്നത് പതിവില്ലാത്തതിനാലാണ് ഇക്കുറി വിഷു ദിനത്തില്‍ പുതിയ റിലീസുകള്‍ ഇല്ലാത്തത്. റംസാന്‍ മാസത്തില്‍ മലബാറില്‍ സിനിമക്ക് കളക്ഷന്‍ കുറയുമെന്നതാണ് ഇതിന് കാരണം.

ഒരാഴ്ച മുമ്പേ പ്രദര്‍ശനത്തിനെത്തിയ വിഷു ചിത്രങ്ങള്‍ കോവിഡ് രണ്ടാം തരംഗ ഭീഷണിക്കിടയിലും മികച്ച പ്രകടനം തുടരുകയാണ്. മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ ജോജു ജോര്‍ജ്-കുഞ്ചാക്കോ ബോബന്‍ ചിത്രമായ 'നായാട്ട്', അപ്പു എന്‍ ഭട്ടതിരി സംവിധാനം ചെയ്ത കുഞ്ചാക്കോ ബോബന്‍- നയന്‍താര ചിത്രമായ 'നിഴല്‍', മഞ്ജുവാര്യര്‍-സണ്ണി വയ്ന്‍ ജോഡികളുടെ ഹൊറര്‍ ചിത്രമായ 'ചതുര്‍മുഖം' എന്നിവയാണ് വിഷുവിന് തൊട്ടുമുമ്പായി തീയറ്ററുകളിലെത്തിയ സിനിമകളില്‍ ശ്രദ്ധനേടിയത്.
ബിജു മേനോന്‍-പാര്‍വതി തെരുവോത്ത് എന്നിവര്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ആര്‍ക്കറിയാം' വിഷുവിന് എത്തിയ സിനിമകളില്‍ കലാമേന്‍മകൊണ്ട് ശ്രദ്ധിക്കപ്പെട്ടു. സനു ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചിരിക്കുന്നത് സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേര്‍ന്നാണ്. ഫഹദ് ഫാസിലും സൗബിന്‍ ഷഹീറും പ്രധാന വേഷങ്ങളിലെത്തുന്ന സൈക്കോ ത്രില്ലറായ 'ഇരുള്‍' ആണ് വിഷുവിന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ മറ്റൊരു ചിത്രം. സണ്ണി വെയ്‌നെ നായകനാക്കി പ്രിന്‍സ് ജോയ് സംവിധാനം ചെയ്ത 'അനുഗ്രഹീതന്‍ ആന്റണി'യും വിഷുവിന് തൊട്ടുമുമ്പായി പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്. ധനുഷിന്റെ തമിഴ് ചിത്രം 'കര്‍ണന്‍' ആശീര്‍വാദ് സിനിമാസ് ആണ് വിഷുവിന് തീയറ്ററുകളിലെത്തിച്ചത്.
മമ്മൂട്ടി- മഞ്ജു വാര്യര്‍ ചിത്രമായ ദി പ്രീസ്റ്റ് തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുമ്പോഴാണ് കൂടുതല്‍ ചിത്രങ്ങള്‍ റിലീസിനെത്തിയത്. ടൊവിനോ തോമസിന്റെ കള എന്ന ചിത്രം വയലന്‍സിന്റെ അതിപ്രസരം കൊണ്ട് യുവാക്കള്‍ക്കിടയില്‍ മികച്ച അഭിപ്രായം നേടി ഇപ്പോഴും തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നുണ്ട്.
ഡൊമിന്‍ ഡിസില്‍വ സംവിധാനം ചെയ്ത പൃഥ്വിരാജ്- ജോജു ജോര്‍ജ് ചിത്രമായ സ്റ്റാര്‍, ആഹാ, അജഗജാന്തരം, വെള്ളാരംകുന്നിലെ വെള്ളിമീനുകള്‍, ഇന്‍സെപ്ക്ടര്‍ വിക്രം എന്നിവ വിഷുവിന് ചാര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഇവയില്‍ പലതും റിലീസ് നീട്ടി.
വിഷു ദിനത്തില്‍ ഒ ടി ടി പ്ലാറ്റ്‌ഫോമിലാകും പുതിയ സിനിമകള്‍ പ്രദര്‍ശനത്തിനെത്തുക. ഇത് കുടുംബ പ്രേക്ഷകരെ തീയറ്ററില്‍ നിന്നകറ്റുമോ എന്ന ആശങ്ക തീയറ്ററുടമകള്‍ പങ്കുവെക്കുന്നുണ്ട്. മമ്മൂട്ടിയുടെ 'ദി പ്രീസ്റ്റ്' വിഷു ദിനത്തില്‍ ആമസോണ്‍ പ്രൈം വീഡിയോസ് റിലീസ് ചെയ്യും. സുരേഷ് ഗോപിയെ നായകനാക്കി ജയരാജ് സംവിധാനം ചെയ്ത 'അത്ഭുതം' വിഷുദിനത്തില്‍ ഒ ടി ടി റിലീസ് ആയി എത്തുന്നുണ്ട്. റൂട്‌സിന്റെ ഒ ടി ടി പ്ലാറ്റ്‌ഫോമിലാണ് ചിത്രം റിലീസ് ചെയ്യുക. ഒ ടി ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്ന സുരേഷ്‌ഗോപിയുടെ ആദ്യ ചിത്രം കൂടിയാണ് 'അത്ഭുതം'.
ദയാവധം പ്രമേയമാക്കുന്ന ചിത്രം ദയാവധം നടക്കുന്ന ഏതാനും മണിക്കൂറുകളില്‍ ആശുപത്രിയില്‍ നടക്കുന്ന സംഭവങ്ങളാണ് പറയുന്നത്. ഒടിടി പ്ലാറ്റ്‌ഫോമിലെ വിഷു ചിത്രങ്ങളില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട ഫഹദ് ഫാസില്‍- ദിലീഷ് പോത്തന്‍ ടീമിന്റെ 'ജോജി' മലയാളികളുടെ പ്രിയപ്പെട്ട സിനിമകളിലൊന്നായി ഇതിനോടകം മാറി. ദൃശ്യം 2ന് ശേഷം ഒ ടി ടി യില്‍ വലിയ വിജയം നേടുന്ന മറ്റൊരു ചിത്രമായി ജോജി.
വിഷുവിന് എത്തേണ്ടിയിരുന്ന ഫഹദ് ഫാസിലിന്റെ മാലിക്, പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ടീമിന്റെ കുഞ്ഞാലിമരക്കാര്‍, സുരേഷ് ഗോപി- നിഥിന്‍ രഞ്ജിപണിക്കര്‍ ചിത്രമായ കാവല്‍ എന്നിവ മെയ് ജൂണ്‍, ജൂലൈ മാസങ്ങളിലായി തീയറ്ററുകളിലെത്തുമെന്ന് കരുതുന്നു.
കോവിഡിന്റെ രണ്ടാം തരംഗം ഉയര്‍ത്തുന്ന ഭീഷണി തീയറ്ററുകളെ എങ്ങനെ ബാധിക്കുമെന്ന് ഉറ്റുനോക്കുകയാണ് സിനിമാ ലോകം. വലിയൊരു ഇടവേളക്ക് ശേഷം തുറന്ന തീയറ്ററുകള്‍ സജീവമായി വരുന്ന സമയത്താണ് കോവിഡ്് വ്യാപനത്തെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ശനമാക്കിയിരിക്കുന്നത്. നിയന്ത്രണങ്ങള്‍ സിനിമാ തീയറ്ററുകളെ ബാധിച്ചിട്ടില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹിയായ എം രഞ്ജിത് പറഞ്ഞു.
അതേസമയം പുതിയ സിനിമകളുടെ റിലീസ് തോന്നുന്ന പോലെയാണ് നടക്കുന്നതെന്നും വ്യക്തമായ ആസൂത്രണം ഇല്ലാത്തത് ചിത്രങ്ങളുടെ വിജയത്തെ ബാധിക്കുമെന്നും ഫിലിം ചേംബര്‍ ഭാരവാഹിയായ അനില്‍ വി തോമസ് മുന്നറിയിപ്പ് നല്‍കുന്നു. ഏതൊക്കെ ചിത്രങ്ങള്‍ റിലീസിന് എത്തുന്നുവെന്ന കാര്യത്തില്‍ സിനിമാ സംഘടനകള്‍ക്ക് വ്യക്തമായ വിവരം ലഭിക്കുന്നില്ല. കോവിഡിന് മുമ്പ് സിനിമാ റിലീസിന് ചില മാനദണ്ഡങ്ങള്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് പാലിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. കോവിഡ് ഭീഷണി ഒഴിയാതെ സിനി്മാ റിലീസ് കൃത്യമായ പ്ലാനിംഗോടെ നടത്താന്‍ കഴിയില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it