സമൂഹത്തിനായി സംരംഭകരായ ഡോക്ടര്‍മാര്‍
തുടക്കം
യു.കെയില്‍ ഉപരിപഠനം ചെയ്യുമ്പോഴാണ് ഡോ.ഷാജി കെ. അയിലത്തിന് സ്വന്തം നാട്ടിലെ വൈദ്യശാസ്ത്രമേഖല ഇനിയുമേറെ വളരേണ്ടിയിരിക്കുന്നുവെന്ന് ബോധ്യമാകുന്നത്. കേരളത്തിലേക്ക് തിരിച്ച ഡോ.ഷാജിയുടെ മനസിലെ ലക്ഷ്യങ്ങള്‍ വളരെ വലുതായിരുന്നു. തിരിച്ചെത്തി നാട്ടില്‍ പ്രാക്ടീസ് ചെയ്യുന്നതിനിടെയാണ് പാത്തോളജിസ്റ്റായ ഡോ.രോഹിത്ത് ആര്‍.എസിനെ പരിചയപ്പെടുന്നത്. ആ കണ്ടുമുട്ടല്‍ വലിയൊരു വഴിത്തിരിവായി.
ഇന്നവേഷനിലേക്ക്
ലോകം ഏറ്റവും കൂടുതല്‍ ഭീതിയോടെ വീക്ഷിക്കുന്ന രോഗമാണ് കാന്‍സര്‍. എന്നാല്‍ റിസര്‍ച്ച് മേഖലയും ക്ലിനിക്കല്‍ വിഭാഗവും തമ്മില്‍ വലിയൊരു വിടവുണ്ടെന്ന് ഡോ.ഷാജിക്കും ഡോ.രോഹിത്തിനും മനസിലായി. ഈ വിടവ് നികത്തി കാന്‍സര്‍ ഗവേഷണമേഖലയില്‍ ഗ്രീന്‍ലി ലൈഫ്‌സയന്‍സസ് എന്ന ബയോടെക്‌നോളജി റിസര്‍ച്ച് സ്ഥാപനം കെട്ടിപ്പടുക്കുകയായിരുന്നു. 2016ലാണ് സ്ഥാപനം ആരംഭിക്കുന്നത്. സ്ഥാപകരെക്കൂടാതെ വ്യവസായ വിദഗ്ധനായ ജയറാം സുബ്രമണ്യന്‍ കൂടി ചേര്‍ന്നതോടെ മികച്ചൊരു ടീം തന്നെ സജ്ജമായി. ഓപ്പറേഷന്‍സ് വിഭാഗത്തിന്റെ തലവനാണ് ഇദ്ദേഹം.
ഫണ്ടിംഗ്
കേന്ദ്ര ഗവണ്‍മെന്റിന്റെ ഫാസ്റ്റ് ട്രാക്ക് ഗ്രാന്റ് ആണ് ആദ്യം ലഭിച്ചത്. അതിലൂടെ സംരംഭക ആശയം വിപുലീകരിക്കാനായി. സ്വന്തമായി മൂലധനം സമാഹരിച്ചാണ് സംരംഭം ആരംഭിക്കുന്നത്. പിന്നീട് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഫണ്ട് ലഭിച്ചു. സംരംഭത്തെ വളര്‍ച്ചയിലേക്ക് നയിക്കാന്‍ ആ ഫണ്ട് സഹായകമായി.
അംഗീകാരങ്ങള്‍
”ടൈക്കോണിന്റെ ഭാഗമായി കേരളത്തില്‍ നിന്നുള്ള ഏഴ് സംരംഭങ്ങളില്‍ ഒന്നായി സിലിക്കണ്‍ വാലിയിലേക്കും പിറ്റ്‌സ്ബര്‍ഗിലേക്കും പോകാനായത് അഭിമാനാര്‍ഹമായ നിമിഷമായിരുന്നു. സിലിക്കണ്‍ വാലിയിലെ വൈ കോമ്പിനേറ്റര്‍ നടത്തുന്ന സ്റ്റാര്‍ട്ടപ്പ് സ്‌കൂളില്‍ നിന്ന് ഞങ്ങളുടെ സ്ഥാപനത്തിന് 2018ല്‍ ഗ്രാജുവേഷന്‍ നടത്താനായത് വലിയൊരു നേട്ടമായി കരുതുന്നു.” ഡോ.ഷാജി പറയുന്നു.
വലിയ ലക്ഷ്യങ്ങള്‍
കാന്‍സര്‍ തടയുന്നതിനും നേരത്തെ കണ്ടെത്തുന്നതിനുമൊക്കെ സഹായിക്കുന്ന ബയോമോളിക്യൂളുകള്‍ കണ്ടെത്തുന്നതിനുള്ള നിരന്തര ഗവേഷണത്തിലാണ് ഈ ടീം. ഭാവിയില്‍ കാന്‍സര്‍ തടയാനും കാന്‍സര്‍ രോഗം കണ്ടെത്തുന്നതിനുമൊക്കെ വലിയ രീതിയിലുള്ള സംഭാവനകള്‍ ചെയ്യാന്‍ ഈ സംരംഭത്തിന് കഴിഞ്ഞേക്കും. ബയോ ടെക്‌നോളജിയും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയും ചേര്‍ന്നാല്‍ അതൊരു വലിയ ശക്തിയായി ലോകത്തെത്തന്നെ മാറ്റി മറിക്കും.