

ഇന്ത്യയുടെ സ്റ്റാര്‍ട്ടപ്പ് മേഖല കോവിഡ് ആഘാതത്തില്‍ ഗുരുതരമായി ഉലഞ്ഞുനില്‍ക്കുന്നതായി ടെക്‌നോളജി ഇന്‍ഡസ്ട്രി ബോഡിയായ നാസ്‌കോം പ്രസിദ്ധീകരിച്ച സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിക്കഴിഞ്ഞ മൂന്നിലൊന്നിലേറെ സ്റ്റാര്‍ട്ടപ്പുകളില്‍ നല്ലൊരു പങ്ക് ഇനി തുറക്കാനിടയില്ല. വരുമാനത്തില്‍ ഭീമമായ കുറവാണുണ്ടായതെന്ന് 90 ശതമാനം സ്റ്റാര്‍ട്ടപ്പുകളും ചൂണ്ടിക്കാട്ടി.
ബി 2 സി സ്റ്റാര്‍ട്ടപ്പുകളില്‍ 60 ശതമാനവും അടച്ചുപൂട്ടലിനെ അഭിമുഖീകരിക്കുന്നതായി നാസ്‌കോം കണ്ടെത്തി. രണ്ടു മാസത്തെ ബസിനസ് പൂര്‍ണമായും നഷ്ടമായതോടെ പിടിച്ചുനില്‍ക്കാന്‍ കഴിയാതായി. ബിസിനസ്സില്‍ ഉപഭോക്താക്കളുമായി നേരിട്ടു ബന്ധം വരുന്ന സെഗ്മെന്റുകള്‍ ആണ് ഏറ്റവും മോശം അവസ്ഥയിലായത്.ട്രാവല്‍, ടൂറിസം മേഖലയിലെ സ്റ്റാര്‍ട്ടപ്പുകളില്‍ 70 ശതമാനത്തിലധികത്തിനും വരുമാനം 40 ശതമാനത്തിലേറെ ഇടിഞ്ഞു. 50 ശതമാനം ഫിന്‍ടെക്, ലോജിസ്റ്റിക് ബിസിനസുകളും സമാനമായ ഇടിവ് രേഖപ്പെടുത്തി. ബി 2 ബി സ്റ്റാര്‍ട്ടപ്പുകള്‍ക്കും വരുമാനം ഗണ്യമായി കുറഞ്ഞു.
സ്റ്റാര്‍ട്ടപ്പ് മേഖലയിലെ ഏറ്റവും തിളക്കമുള്ള ഇടം നിലവില്‍ എഡ്-ടെക്ക് ആണ്. ഈ മേഖലയില്‍ 14% വരുമാന വര്‍ദ്ധനവ് രേഖപ്പെടുത്തി.
രണ്ട് മാസക്കാലം നടത്തിയ സര്‍വേയില്‍ 250 ഓളം സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് പ്രതികരണങ്ങള്‍ ലഭിച്ചു.വരുമാനത്തില്‍ കുറവുണ്ടായതായി 92% പേരും പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകളില്‍ 40% താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവച്ചു. 70% പേര്‍ക്ക് 3 മാസത്തില്‍ താഴെ വരെ കരുതല്‍ ധനം ഉണ്ട്.
'ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് പ്രസ്ഥാനം അതിന്റെ വളര്‍ച്ചാ പാതയില്‍ പാളം തെറ്റുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാരില്‍ നിന്നുള്ള കാര്യക്ഷമമായ നടപടികള്‍ ഉണ്ടാകണമെന്ന് നാസ്‌കോം പ്രസിഡന്റ് ഡെബ്ജാനി ഘോഷ് പറഞ്ഞു. പ്രവര്‍ത്തന മൂലധനം, അനുകൂല ധനനയം തുടങ്ങിയവയാണ് പ്രധാന ശുപാര്‍ശകള്‍. ഇന്ത്യയിലെ 9,300 ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകളില്‍ നേരിട്ട് 4,00,000 ആളുകള്‍ ജോലി ചെയ്യുന്നു. സര്‍വേയില്‍ പ്രതികരിച്ച 54 ശതമാനം പേരും തങ്ങളുടെ ബിസിനസ് മുന്നോട്ട് കൊണ്ടുപോകാന്‍ തീവ്രമായി ആഗ്രഹിക്കുന്നവരാണെന്ന് നാസ്‌കോം അറിയിച്ചു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine