

വിദ്യാഭ്യാസ സാങ്കേതിക സ്ഥാപനമായ (Edtech) ബൈജൂസിന്റെ അഡ്വൈസറി കമ്മിറ്റിയിലേക്ക് എസ്.ബി.ഐ മുന്‍ ചെയര്‍മാന്‍ രജനീഷ് കുമാറിനെയും ഇന്‍ഫോസിസ് മുന്‍ സി.എഫ്.ഒ മോഹന്‍ദാസ് പൈയേയും നിയമിച്ചു.
കമ്പനിയുടെ ഓഡിറ്റര്‍മാരും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും പിരിഞ്ഞു പോയതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. ബൈജൂസിന്റെ ബോര്‍ഡിനേയും സ്ഥാപകന്‍ ബൈജു രവീന്ദ്രനെയും കമ്പനി നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൗൺസിൽ ഉപദേശിക്കുമെന്ന് കമ്പനി വ്യക്തമാക്കി.
നല്ല നടപ്പു പഠിക്കാൻ
ബൈജൂസിന്റെ കമ്പനി ഘടനയില്‍ മാറ്റം വരുത്തി തിരിച്ചുവരാന്‍ പ്രമോട്ടര്‍മാര്‍ തീവ്രശ്രമം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് അഡ്വൈസറി കൗണ്‍സിലിനു രൂപം കൊടുക്കുന്നത്.സാമ്പത്തിക കാര്യങ്ങളില്‍ വീഴ്ചവരുത്തിയ ബൈജൂസ് കമ്പനി നടത്തില്‍ ശ്രദ്ധ നല്‍കുന്നില്ലെന്ന് കഴിഞ്ഞ മാസം നല്‍കിയ ഒരു അഭിമുഖത്തില്‍ മോഹന്‍ദാസ് പൈ പറഞ്ഞിരുന്നു.
ഇന്‍ഫോസിസിന്റെ മുന്‍ സി.എഫ്.ഒയും ബോര്‍ഡ് അംഗവുമായ മോഹന്‍ദാസ് പൈ ബൈജൂസിന്റെ ആദ്യകാല നിക്ഷേപകരിലൊരാളാണ്. അക്ഷയ പാത്ര എന്ന ഉച്ച ഭക്ഷണ പദ്ധതിയുടെ സഹസ്ഥാപകനുമാണ്.
നിലവില്‍ ഭാരത്‌പേയുടെ ചെയര്‍മാനായ രജനീഷ് നിരവധി കമ്പനികളുടെ സാമ്പത്തിക പ്രതിസന്ധി പരിഹാര ദൗത്യത്തില്‍ പങ്കാളിയായിട്ടുണ്ട്.
2200 കോടി ഡോളര്‍ വിപണി മൂല്യമുണ്ടായിരുന്ന ബൈജൂസ് പ്രതിസന്ധികളെ തുടര്‍ന്ന് തകര്‍ച്ചയിലേക്ക് നീങ്ങിയിരുന്നു. യഥാസമയം പ്രവര്‍ത്തനഫലങ്ങള്‍ പ്രസിദ്ധീകരിക്കാനാകാത്തതു മൂലം കഴിഞ്ഞ മാസമാണ് ഓഡിറ്റര്‍മാരും ഡയറക്ടര്‍മാരും കമ്പനിയില്‍ നിന്ന് പിന്മാറിയത്.
Read DhanamOnline in English
Subscribe to Dhanam Magazine