പ്രതിസന്ധിയില്‍ ഒപ്പംനിന്ന 140 ജീവനക്കാര്‍ക്ക് 14.5 കോടി രൂപയുടെ ബോണസ്; ഞെട്ടിച്ച് കേരളത്തിന്റെ അയല്‍ക്കാരന്‍!

കേരളത്തിന്റെ അതിര്‍ത്തിയില്‍ സ്റ്റാര്‍ട്ടപ്പ് തുടങ്ങിയ ഈ ഐ.ടി പ്രഫഷണലിന്റെ ഇടപാടുകാര്‍ ബി.ബി.സി അടക്കമുള്ള വമ്പന്മാരാണ്‌
Saravana Kumar ceo kovai.co
www.kovai.co
Published on

മലയാളികള്‍ ഉള്‍പ്പെടെ ജോലി ചെയ്യുന്ന ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനി ഉടമ തന്റെ ജീവനക്കാരെ ഞെട്ടിച്ചിരിക്കുകയാണ്. മൂന്നുവര്‍ഷം മുമ്പ് താന്‍ നല്‍കിയ വാക്കുപാലിച്ചാണ് അദ്ദേഹം ഏവരെയും അമ്പരപ്പിച്ചത്. കോയമ്പത്തൂര്‍ ആസ്ഥാനമായി കോവൈ.കോ (kovai.co) എന്നപേരില്‍ എ.ഐ സേവനങ്ങള്‍ നല്‍കുന്ന കമ്പനിയുടെ ഉടമയായ ശരവണ കുമാറാണ് കഥയിലെ നായകന്‍. തന്റെ കമ്പനിയിലെ 140 ജീവനക്കാര്‍ക്ക് 14 കോടി രൂപ ബോണസായി നല്‍കിയിരിക്കുകയാണ് അദ്ദേഹം.

14 വര്‍ഷം മുമ്പാണ് കോവൈ.കോ എന്നപേരില്‍ ശരവണകുമാര്‍ സ്റ്റാര്‍ട്ടപ്പ് തുടങ്ങുന്നത്. അതുവരെ ഒരു ഐ.ടി കമ്പനിയിലെ സാധാരണ ജീവനക്കാരനായിരുന്നു അദ്ദേഹം. കുടുംബാംഗങ്ങളുടെ കൈയില്‍ നിന്നും മറ്റും സ്വരൂപിച്ച പണമെടുത്താണ് സ്റ്റാര്‍ട്ടപ്പ് തുടങ്ങുന്നത്.

ബോണസിനു പിന്നിലെ കാരണം?

നാലു വര്‍ഷം മുമ്പ് സ്‌പെയിനിലേക്ക് നടത്തിയ ഒരു യാത്രയ്ക്കിടയിലാണ് തനിക്ക് ബോണസ് ഐഡിയ തോന്നിയതെന്ന് ശരവണകുമാര്‍ പറയുന്നു. പലരും സ്റ്റാര്‍ട്ടപ്പ് കമ്പനികളില്‍ ജോലി ചെയ്യുന്നത് സമ്പന്നരാകാന്‍ വേണ്ടിയാണ്. എന്നാല്‍ പല സ്റ്റാര്‍ട്ടപ്പ് കമ്പനികളും ജീവനക്കാര്‍ക്ക് നല്‍കുന്നത് കമ്പനിയുടെ ഓഹരികളാണ്. കമ്പനി ലിസ്റ്റ് ചെയ്യാത്തിടത്തോളം കാലം ആ ഓഹരികള്‍ക്ക് പേപ്പറിന്റെ വില മാത്രമാണുള്ളതെന്ന് അദ്ദേഹം പറയുന്നു.

ഒപ്പം നില്‍ക്കുന്നവര്‍ക്ക് ഗുണകരമായ രീതിയില്‍ എന്തെങ്കിലും ചെയ്യണമെന്ന ആശയമാണ് ഇത്തരത്തിലൊരു കാര്യം ചെയ്യുന്നതിലേക്ക് നയിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. 2022 ലാണ്‌ ജീവനക്കാരെ വിളിച്ചുചേര്‍ത്ത് മൂന്നുവര്‍ഷം കമ്പനിയില്‍ തുടരുന്നവര്‍ക്ക് ആറുമാസത്തെ ശമ്പളത്തിന് തുല്യമായ ബോണസ് നല്‍കുമെന്ന് പ്രഖ്യാപിച്ചത്. ജനുവരിയില്‍ ശരവണകുമാര്‍ തന്റെ വാക്കു പാലിക്കുകയും ചെയ്തു. ജീവനക്കാരില്‍ പലര്‍ക്കും അപ്രതീക്ഷിതമായി ലക്ഷങ്ങളാണ് ലഭിച്ചത്.

ബി.ബി.സി മുതല്‍ ബോയിംഗ് വരെ ഇടപാടുകാര്‍

ബ്രിട്ടനിലെ മാധ്യമശൃംഖലയായ ബി.ബി.സി, എയര്‍ലൈന്‍ രംഗത്തെ വമ്പന്മാരായ ബോയിംഗ് ഉള്‍പ്പെടെ ലോകത്തെ മുന്‍നിര കമ്പനികള്‍ കോവൈ.കോയുടെ ഇടപാടുകാരാണ്. 130 കോടി രൂപയാണ് കമ്പനിയുടെ വാര്‍ഷിക വരുമാനം. ലണ്ടനില്‍ ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പമാണ് അദ്ദേഹത്തിന്റെ താമസം. ഇപ്പോഴും കമ്പനിയുടെ പ്രധാന ഓഫീസ് സ്ഥിതിചെയ്യുന്നത് കോയമ്പത്തൂരിലാണ്. വന്നവഴി മറക്കാതിരിക്കാന്‍ കമ്പനിയുടെ പേരില്‍ ജന്മനാട് കൂടി ചേര്‍ത്ത ശരവണകുമാര്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളിലും സജീവമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com