എസ്‌ട്രോ ടെക് റോബോട്ടിക്‌സിന് ഒരു കോടിയുടെ സീഡ് ഫണ്ടിംഗ്

പ്രമുഖ റോബോട്ടിക്‌സ് കമ്പനിയായ ജെന്റോബോട്ടിക്‌സിന്റെ നേതൃത്വത്തിലാണ് ഫണ്ട് സമാഹരിച്ചത്.
എസ്‌ട്രോ ടെക് റോബോട്ടിക്‌സിന് ഒരു കോടിയുടെ സീഡ് ഫണ്ടിംഗ്
Published on

മലയാളി സ്റ്റാര്‍ട്ടപ്പായ എസ്‌ട്രോ ടെക് റോബോട്ടിക്‌സ് (Estro Tech Robotics) ഒരു കോടി രൂപയുടെ സീഡ് ഫണ്ടിംഗ് സ്വന്തമാക്കി. പ്രമുഖ റോബോട്ടിക്‌സ് കമ്പനിയായ ജെന്റോബോട്ടിക്‌സിന്റെ നേതൃത്വത്തിലാണ് ഫണ്ട് സമാഹരിച്ചത്. ഫോബ്‌സിന്റെ അണ്ടര്‍ 30 ഏഷ്യ പട്ടികയില്‍ ഇടംപിടിച്ച കേരള സ്റ്റാര്‍ട്ടപ്പാണ് ജെന്‍ റോബോട്ടിക്‌സ് (Genrobotics Innovations).

റോബോട്ടിക്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഓഫ് തിങ്ക്‌സ് സൊല്യൂഷന്‍സ് എന്നിവയില്‍ മുന്നിട്ടു നില്ക്കുന്ന എസ്‌ട്രോ ടെക് റോബോട്ടിക്‌സിന് സാങ്കേതികരംഗത്തും വാണിജ്യവത്ക്കരണത്തിലും മുന്നേറാന്‍ പുതിയ സീഡ് ഫണ്ടിംഗ് സഹായിക്കും.

കോവിഡ് കാലത്ത് 2020ലാണ് നാല് സുഹൃത്തുക്കള്‍ ചേര്‍ന്ന് എസ്‌ട്രോ ടെക്കിന് തുടക്കമിടുന്നത്. ക്രിസ്‌റ്റോ വര്‍ഗീസ്, ക്രിസ്‌റ്റോ കൊല്ലന്നൂര്‍, രാഹുല്‍ വിന്‍സെന്റ്, ബോണ്‍സ്‌റ്റോ വില്‍സണ്‍ സ്ഥാപകര്‍. തൃശൂര്‍ കൊരട്ടി ഇന്‍ഫോപാര്‍ക്കിലാണ് കമ്പനിയുടെ ആസ്ഥാനം.

കോവിഡ് മഹാമാരിയുടെ കാലത്ത് ഇന്ത്യയിലെ ആദ്യത്തെ യുവി സ്‌റ്റെറിലൈസിംഗ് റോബോട്ട് നിര്‍മിച്ച് ഇവര്‍ ശ്രദ്ധ നേടിയിരുന്നു. നിലവില്‍ നൈജീരിയ, ഖത്തര്‍, ദക്ഷിണകൊറിയ, ബോട്‌സ്വാന തുടങ്ങിയ വിപണികൡ കമ്പനിക്ക് വ്യാപാര പങ്കാളിത്തമുണ്ട്. ഇന്ത്യയിലെ പ്രമുഖ എഫ്എംസിജി ബ്രാന്‍ഡുകളുമായും റീട്ടെയ്‌ലര്‍മാരുമായും സഹകരണവും കമ്പനിക്കുണ്ട്.

ഭാവി പദ്ധതികള്‍

കേരളത്തെ ആഗോള റോബോട്ടിക്‌സ് ഹബ്ബായി ഉയര്‍ത്തി കൊണ്ടുവരാന്‍ പുതിയ നിക്ഷേപം സഹകരിക്കുമെന്നാണ് വിലയിരുത്തല്‍. നിര്‍മിത ബുദ്ധി (AI), ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് (AIoT) എന്നിവയില്‍ അധിഷ്ഠിതമായ ലോകോത്തര നിലവാരമുള്ള ഇന്‍സ്‌പെക്ഷന്‍ റോബോട്ടുകള്‍, സ്മാര്‍ട്ട് മലിനജല നിരീക്ഷണ സംവിധാനങ്ങള്‍, മലിനജല പൈപ്പുകളുടെ തകരാറുകള്‍ മുന്‍കൂട്ടി കണ്ടെത്താനും കൃത്യമായ അറ്റകുറ്റപ്പണികള്‍ നിര്‍ദ്ദേശിക്കാനും സഹായിക്കുന്ന പ്രെഡിക്റ്റീവ് ഇന്റലിജന്‍സ് പ്ലാറ്റ്ഫോമുകള്‍ എന്നിവ നിര്‍മിക്കുകയാണ് ഈ സ്റ്റാര്‍ട്ടപ്പിന്റെ ലക്ഷ്യം.

ജെന്‍ റോബോട്ടിക്‌സിന്റെ തുടക്ക കാലത്ത് കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് സംവിധാനമാണ് ഞങ്ങളുടെ ആശയങ്ങളെ വിപുലമാക്കാന്‍ സഹായിച്ചത്. ഇപ്പോള്‍ പുതിയ സംരംഭകരെ പിന്തുണയ്‌ക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്വമാണ്- ജെന്‍ റോബോട്ടിക്‌സ് സിഇഒ വിമല്‍ ഗോവിന്ദ് എ.കെ സീഡ് ഫണ്ടിംഗിനെക്കുറിച്ച് വ്യക്തമാക്കുന്നു.

കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെ വളര്‍ച്ചയുടെ അടയാളമാണിത്. വിജയിച്ച സംരംഭകര്‍ അടുത്ത തലമുറയെ വളര്‍ത്താന്‍ മുന്നോട്ടുവരുന്നത് ഡീപ്-ടെക് മേഖലയ്ക്ക് വലിയ ഊര്‍ജ്ജം നല്‍കുമെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി.ഇ.ഒ അനൂപ് അംബിക പറഞ്ഞു.

Kerala-based Estro Tech Robotics secures ₹1 crore seed funding led by Genrobotics to accelerate AI-powered robotics and AIoT solution development

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com