

സ്റ്റാർട്ടപ്പുകളെ സഹായിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കൂടി മുന്നോട്ട് വന്നതോടെ നിരവധി ഫണ്ടിംഗ് സാധ്യതകൾ ഇപ്പോൾ നമ്മുടെ മുന്നിലുണ്ട്.
വിവിധ ഘട്ടങ്ങളിലായി ഗ്രാന്റുകള്‍, ലോണുകള്‍, ഇക്വിറ്റി ഇന്‍വെസ്റ്റ്‌മെന്റ് തുടങ്ങിയ നിരവധി ഫണ്ടിംഗ് സ്‌കീമുകള്‍ മുഖേന കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെ.എസ്.യു.എം) സംരംഭകരെ സഹായിക്കുന്നു. സ്റ്റാര്‍ട്ടപ് മിഷന്‍ നിക്ഷേപം നടത്തിയിട്ടുള്ള ഫണ്ടുകള്‍ക്ക് പുറമേ ഐ.ഇ.ഡി.സികള്‍, മെമ്പര്‍ ഇന്‍കുബേറ്റേഴ്‌സ് എന്നിവ മുഖേനയോ അല്ലെങ്കില്‍ നേരിട്ടോ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഫണ്ടുകള്‍ ലഭ്യമാക്കുന്നു.
രണ്ട് വിധത്തിലാണ് ഇന്നവേഷൻ ഗ്രാന്റ് നൽകുന്നത്. 1) ഐഡിയ ഗ്രാന്റ്, 2) പ്രോഡക്റ്റൈസേഷൻ/ സ്കെയ്ൽ അപ് ഗ്രാന്റ്.
ഐഡിയ ഗ്രാന്റ്: ഒരു സ്റ്റാർട്ടപ്പ് ആശയത്തെ പ്രോട്ടോടൈപ് ആക്കി മാറ്റുന്നതിന് വേണ്ട സാമ്പത്തിക സഹായമാണ് ഇതിലൂടെ ലഭിക്കുക. പരമാവധി 2 ലക്ഷം രൂപയാണ് ഇതിന് ലഭിക്കുക.
പ്രോഡക്റ്റൈസേഷൻ ഗ്രാന്റ്: ഐഡിയ ഗ്രാന്റ് ലഭിച്ചവർക്കും കൂടാതെ ഒരു വർക്കിംഗ് പ്രോട്ടോടൈപ്പ് ഉള്ളവർക്കും പ്രോഡക്റ്റൈസേഷൻ ഗ്രാന്റ് ലഭിക്കും. 5 ലക്ഷമാണ് ഗ്രാന്റ് . ഐഡിയ ഗ്രാന്റ് ലഭിക്കാത്തവർക്ക് 7 ലക്ഷം രൂപയും.
സ്കെയ്ൽ അപ് ഗ്രാന്റ്: ഒരു പ്രോട്ടോടൈപ്പിനെ മിനിമം വയബിൾ പ്രോഡക്റ്റ് (MVP) ആക്കി മാറ്റുന്നതിനാണ് ഈ ഗ്രാന്റ്. പരമാവധി 5 ലക്ഷമാണ് ഗ്രാന്റ്. ഐഡിയ ഗ്രാന്റും പ്രോഡക്റ്റൈസേഷൻ ഗ്രാന്റും ലഭിക്കാത്തവർക്ക് 12 ലക്ഷം രൂപ ലഭിക്കും.
സ്റ്റാര്‍ട്ടപ് മിഷനിലൂടെ നേരിട്ടോ അല്ലെങ്കില്‍ മെമ്പര്‍ ഇന്‍കുബേറ്റേഴ്‌സ് മുഖേനയോ ഇന്നവേറ്റീവായിട്ടുള്ള ഓരോ സ്റ്റാര്‍ട്ടപ്പിനും സീഡ് ഫണ്ടിനത്തില്‍ പരമാവധി 10 ലക്ഷം രൂപ വരെ ലഭിക്കും.
സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കാന്‍ ഒരു സഞ്ചിത നിധി (കോര്‍പ്പസ് ഫണ്ട്) സൃഷ്ടിക്കുന്നതിനായി സെബിയുടെ അംഗീകാരമുള്ള വെന്‍ച്വര്‍ കാപ്പിറ്റല്‍ ഫണ്ടുകളുമായി സ്റ്റാര്‍ട്ടപ് മിഷന്‍ സഹകരിക്കുന്നുണ്ട്. ആരംഭഘട്ടത്തിലുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ 25 ലക്ഷം മുതല്‍ രണ്ടു കോടി രൂപ വരെയുള്ള നിക്ഷേപം ഈ ഫണ്ടുപയോഗിച്ച് നടത്തുന്നതാണ്.
അപരിചിതരായ ഒരുപാട് പേര്‍ നിങ്ങളുടെ സംരംഭത്തിന് സാമ്പത്തിക സഹായം ചെയ്യാന്‍ മുന്നോട്ട് വരുന്ന ഒരു സാഹചര്യം ഒന്നാലോചിച്ച് നോക്കൂ. അതും, ബാങ്ക് ഗാരന്റിയും കൊളാറ്ററലും ഒന്നുമില്ലാതെ. ഇതാണ് ക്രൗഡ് ഫണ്ടിംഗ്. നിങ്ങളുടെ ആശയവും പദ്ധതിയും മികച്ചതാണെങ്കില്‍, അതിനു വേണ്ടി വലിയ തുക തന്നെ മുടക്കാന്‍ ആളുകള്‍ തയാറാകും. സോഷ്യല്‍ മീഡിയ വഴിയും ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റുഫോമുകള്‍ വഴിയും ഫണ്ട് സമാഹരിക്കാം.
ഇന്ത്യയില്‍ ഇപ്പോള്‍ പ്രചാരത്തിലുള്ള ക്രൗഡ് ഫണ്ടിംഗ് ഏറെയും റിട്ടേണ്‍സ് അധിഷ്ഠിതമാണ്. സംരംഭകരും നിക്ഷേപകരും മാത്രമുണ്ടായിരുന്ന ക്രൗഡ് ഫണ്ടിംഗ് രംഗത്ത് ഇപ്പോള്‍ 'പ്ലാറ്റ്‌ഫോം' ആയി ഒട്ടേറെ ഏജന്‍സികളുമുണ്ട്. വിഷ്‌ബെറി, ഇന്‍ഡിഗോഗോ, ഇഗ്‌നൈറ്റ് ഇന്റെന്റ്, രംഗ് ദേ എന്നിങ്ങനെ പല കമ്പനികളും ഇന്ന് ഈ രംഗത്ത് സജീവമായുണ്ട്. വണ്‍ ടൈം പ്രോജക്റ്റുകള്‍ക്കാണ് ക്രൗഡ് ഫണ്ടിംഗ് കൂടുതല്‍ യോജിച്ചത്. ദീര്‍ഘകാല പദ്ധതികള്‍ക്ക് ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റ്‌മെന്റും വെന്‍ച്വര്‍ കാപ്പിറ്റലും തെരഞ്ഞെടുക്കുക.
വ്യക്തികളോ സ്ഥാപനങ്ങളോ ഉടമ്പടികളോടെ സംരംഭങ്ങളില്‍ നിക്ഷേപിക്കാൻ തയ്യാറാകുന്നു. ഇവരാണ് വെന്‍ച്വര്‍ കാപ്പിറ്റലിസ്റ്റുകൾ. തികച്ചും പ്രൊഫഷണലായി കൈകാര്യം ചെയ്യപ്പെടുന്ന ഫണ്ടുകളാണ് ഇവ. വിജയ സാധ്യതയുള്ള സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കാൻ ഇവർ ഒരുക്കമാണ്. പകരം അവരുടെ നിബന്ധനകൾ നമ്മൾ പാലിക്കേണ്ടതായി വരുമെന്നു മാത്രം. സാധാരണയായി ഇക്വിറ്റിയിലാണ് ഇവർ നിക്ഷേപിക്കുക.
വെന്‍ച്വര്‍ കാപ്പിറ്റല്‍ ഫണ്ടുകളുമായി സ്റ്റാർട്ടപ്പുകളെ ബന്ധിപ്പിക്കുന്ന സ്ഥാപങ്ങൾ ഇപ്പോൾ നിരവധിയുണ്ട്. മുകളിൽ പറഞ്ഞപോലെ സ്റ്റാര്‍ട്ടപ് മിഷനും വെന്‍ച്വര്‍ കാപ്പിറ്റല്‍ ഫണ്ടുകളുമായി സഹകരിക്കുന്നുണ്ട്.
സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കാൻ ഒരുക്കമുള്ള വ്യക്തികളെയാണ് ഏഞ്ചൽ ഇൻവെസ്റ്റർ എന്ന് വിളിക്കുന്നത്. ഇത് ഒരാളോ ഒരു കൂട്ടം വ്യക്തികളോ ആവാം. ഏഞ്ചലുകൾ നിക്ഷേപം നടത്തുന്ന സ്റ്റാർട്ടപ്പുകൾ ലാഭകരമായാൽ, അവരുടെ നേട്ടത്തിന്റെ ഒരു നിശ്ചിത ഭാഗം സ്വാഭാവികമായും അവരുടേതായിരിക്കും. ഗൂഗിൾ, യാഹൂ, അലിബാബ എന്നീ കമ്പനികൾ ഏഞ്ചൽ ഇൻവെസ്റ്റർമാരുടെ സഹായത്താൽ ഉയർന്നു വന്നവരാണ്. സംസ്ഥാനത്ത് കേരള ഏഞ്ചൽ നെറ്റ് വർക്ക് തുടങ്ങിയ കൂട്ടായ്മകൾ ഈ രംഗത്ത് പ്രവർത്തിക്കുന്നുണ്ട്.
പ്രധാൻമന്ത്രി മുദ്രാ യോജന (PMMY) വഴി സ്റ്റാർട്ടപ്പുകൾക്കായി ഈടില്ലാതെ 10 ലക്ഷം രൂപവരെ വായ്പ ലഭിക്കും. പിഎംഎംവൈ ലോൺ അപേക്ഷ ആവശ്യമായ രേഖകൾ സഹിതം ബാങ്കിൽ സമർപ്പിച്ചാൽ മതി.
കേന്ദ്ര സർക്കാരിന്റെ 10,000 കോടി രൂപയുടെ 'ഫണ്ട് ഓഫ് ഫണ്ട്സ് ഫോർ സ്റ്റാർട്ടപ്സ്' (FFS) പ്രയോജനപ്പെടുത്തി ഫണ്ടിംഗ് നേടാം. ഇതിനായി ആദ്യം ചെയ്യേണ്ടത് സ്റ്റാർട്ടപ്പ് ഇന്ത്യയുടെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുക എന്നുള്ളതാണ്. ഇതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ/നിബന്ധനകൾ കൃത്യമായി പാലിക്കുന്ന സ്റ്റാർട്ടപ്പ് ആണെങ്കിൽ എഫ്.എഫ്.എസ് വഴി ഫണ്ടിംഗ് ലഭിക്കും. എഫ്.എഫ്.എസ് നേരിട്ട് സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കാറില്ല. എന്നാൽ സെബി അംഗീകാരമുള്ള എ.ഐ.എഫുകൾ (Alternative Investment Funds) വഴി ഫണ്ടിംഗ് ലഭിക്കാൻ സഹായിക്കും.
രാജ്യത്തെ പ്രധാന മെട്രോ നഗരങ്ങളിലെല്ലാം വളരെ വികസിതമായ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റമാണുള്ളത്. കേരളത്തിൽ സർക്കാർ സ്ഥാപനങ്ങൾക്ക് പുറമേ ടൈ-കേരള, കെഎംഎ തുടങ്ങിയവയുടെ സഹായത്താൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം വളരെ വേഗത്തിൽ വളർന്നു കൊണ്ടിരിക്കുന്നു.
With inputs from Ebby J. Chirayil (Private Equity, Venture Capital & Start-up Consultant) Managing Partner, Transcend Business Solutions. ebby@thetranscend.in
Read DhanamOnline in English
Subscribe to Dhanam Magazine