ഇന്ത്യയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ ആകര്‍ഷിച്ചത് 10.14 ശതകോടി ഡോളര്‍!

കൂടുതല്‍ ഫണ്ട് ആകര്‍ഷിച്ച സ്റ്റാര്‍ട്ടപ്പുകളുടെ പട്ടികയും പുറത്തു വിട്ടു
Image courtesy: canva
Image courtesy: canva
Published on

കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും 2020 ല്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ ആകര്‍ഷിച്ചത് 10.14 ശതകോടി ഡോളര്‍. ഏകദേശം 1200 ഓളം ഇടപാടുകളിലൂടെയാണ് ഇത് സമാഹരിച്ചതെന്ന് ഹെക്‌സ്ജിഎന്‍ എന്ന കണ്‍സള്‍ട്ടിംഗ് സ്ഥാപനം തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

2020 ല്‍ നേടിയ തുക മുന്‍ വര്‍ഷത്തേക്കാള്‍ കുറവാണ്. 14.5 ശതകോടി ഡോളറാണ് 2019 ല്‍ രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകള്‍ നേടിയിരുന്നത്. അതേസമയം കൂടുതല്‍ ഇടപാടുകളുടെ എണ്ണത്തില്‍ 20 ശതമാനം വര്‍ധനയുണ്ട്.

സാഹചര്യങ്ങള്‍ മോശമായിട്ടു കൂടി സീഡ്-സ്‌റ്റേജിലുള്ള സ്റ്റാര്‍ട്ടപ്പുകളിലെ ഇടപാടുകളില്‍ 50 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 2019 ല്‍ 420 ഇടപാടുകളില്‍ നിന്നായി 353 ദശലക്ഷം ഡോളറാണ് നേടിയതെങ്കില്‍ ഇത്തവണ 672 ഇടപാടുകളില്‍ നിന്നായി 372 ദശലക്ഷം ഡോളര്‍ സമാഹരിക്കാനായിട്ടുണ്ട്.

നിക്ഷേപത്തിന്റെ കാര്യത്തില്‍ യുഎസ്, ചൈന, യുകെ എന്നിവയ്ക്ക് പിന്നില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. തുടര്‍ച്ചയായി മൂന്നു വര്‍ഷത്തോളമായി നാലാം സ്ഥാനത്തുണ്ട് ഇന്ത്യ.

ആഗോളതലത്തില്‍ 308 ശതകോടി ഡോളറാണ് സ്റ്റാര്‍ട്ടപ്പുകള്‍ നിക്ഷേപം നേടിയിരിക്കുന്നത്. ഇതില്‍ യുഎസ് മാത്രം 165 ശതോകിട ഡോളര്‍ നേടി.

രാജ്യത്ത് നേടിയ നിക്ഷേപത്തില്‍ 90 ശതമാനവും ബംഗളൂര്‍, മുംബൈ, ഡല്‍ഹി എന്‍സിആര്‍ എന്നിവിടങ്ങളിലെ സ്റ്റാര്‍ട്ടപ്പുകളിലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബംഗളൂര്‍ 4.3 ശതകോടി ഡോളര്‍ നേടിയപ്പോള്‍ ഡല്‍ഹി എന്‍സിആര്‍ 3 ശതകോടി ഡോളറും മുംബൈ 2 ശതകോടി ഡോളറും നിക്ഷേപം നേടി.

മൂന്നു ശതകോടി ഡോളര്‍ നേടിയ ഇ കൊമേഴ്‌സ് ആണ് ഏറ്റവും കൂടുതല്‍ നിക്ഷേപം ആകര്‍ഷിച്ച മേഖല. ഫിന്‍ടെക് (2.37 ശതകോടി ഡോളര്‍), എഡ്‌ടെക് (1.52 ശതകോടി ഡോളര്‍) എന്നിവ പിന്നാലെയുണ്ട്. അതേസമയം ലോജിസ്റ്റിക്‌സ്, ട്രാവല്‍ ആന്‍ഡ് ടൂറിസം തുടങ്ങിയ മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകള്‍ നേടിയ നിക്ഷേപത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ 90 ശതമാനം കുറവുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

സൊമാറ്റോ (1.02 ശതകോടി ഡോളര്‍), ബൈജൂസ് (922 ദശലക്ഷം ഡോളര്‍), ഫോണ്‍പേ (807 ദശലക്ഷം ഡോളര്‍), അണ്‍അക്കാദമി (260 ദശലക്ഷം ഡോളര്‍), ഇ കോം എക്‌സ്പ്രസ് (250 ദശലക്ഷം ഡോളര്‍) എന്നിവയാണ് നിക്ഷേപത്തിന്റെ കാര്യത്തില്‍ 2020 ല്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com