

'' ഞാന്‍ പഠിച്ചിരുന്ന കാലത്ത് വിദ്യാര്‍ത്ഥികളുടെ ഏറ്റവും വലിയ ആഗ്രഹം ഏതെങ്കിലും ബഹുരാഷ്ട്ര കമ്പനിയില്‍ ജോലി നേടുകയെന്നതായിരുന്നു. എന്നാല്‍ ഇന്ന് ബിരുദധാരികള്‍ ഇഷ്ടപ്പെടുന്നത് ജോലിയല്ല. സംരംഭകരാകാനാണ് അവര്‍ ആഗ്രഹിക്കുന്നത്.' ഇന്ത്യന്‍ യുവതലമുറയുടെ മാറുന്ന കാഴ്ചപ്പാടുകളെ കുറിച്ച് പറയുന്നത് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര. വാഷിംഗ്ടണില്‍ യുഎസ്-ഇന്ത്യ സാമ്പത്തിക ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമീപ കാലത്ത് ഇന്ത്യയിലെ ഒട്ടേറെ എഞ്ചിനിയറിംഗ്, മാനേജ്‌മെന്റ് ബിരുദധാരികള്‍ സംരംഭകരായി മാറിയിട്ടുണ്ട്. ജോലി തേടുന്നവരുടെ രാജ്യം എന്ന നിലയില്‍ നിന്ന് തൊഴില്‍ നല്‍കുന്നവരുടെ രാജ്യമായി ഇന്ത്യ അതിവേഗം മാറുകയാണ്. ഈ മാറ്റം ഇന്ത്യയില്‍ സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥയെ ശക്തിപ്പെടുത്തിയിട്ടുണ്ട്. സഞ്ജയ് മല്‍ഹോത്ര പറഞ്ഞു.
ഇന്ത്യയില്‍ സര്‍ക്കാര്‍ അംഗീകാരമുള്ള ഒന്നര ലക്ഷം സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ട്. ലോകത്തെ വലിയ യൂണികോണ്‍ കമ്പനികളില്‍ മൂന്നിലൊന്ന് ഇന്ത്യയിലാണ്. ഗ്ലോബല്‍ ഇന്നൊവേഷന്‍ ഇന്‍ഡക്‌സില്‍ ഇന്ത്യ 81 ല്‍ നിന്ന് 39-ാം സ്ഥാനത്തേക്ക് കയറി.
ഇടത്തരം വരുമാനമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ രാജ്യം മുന്നിലാണ്. സര്‍ക്കാരിന്റെ സഹായം, ഡിജിറ്റല്‍ മുന്നേറ്റം, ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ എന്നിവ ഇന്ത്യയില്‍ സ്റ്റാട്ടപ്പുകളുടെ മുന്നേറ്റത്തിന് കാരണമായിട്ടുണ്ടെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.
Read DhanamOnline in English
Subscribe to Dhanam Magazine