

കാര്‍ഷിക മേഖലയില്‍ പുത്തന്‍ ബിസിനസ് സാധ്യതകള്‍ കണ്ടെത്തിയ കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം. വിവിധ മേഖലകളില്‍ വിജയവഴിയില്‍ മുന്നേറുന്ന ആറ് സ്റ്റാര്‍ട്ടപ്പ് കമ്പനികളാണ് അഗ്രി ബിസിനസ് ഇന്‍ക്വബേറ്ററുകളുടെ യോഗത്തില്‍ ആദരിക്കപ്പെട്ടത്. കേന്ദ്ര കാര്‍ഷിക ക്ഷേമ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ റഫ്ത്താര്‍ അഗ്രിബിസിനസ് ഇന്‍ക്യുബേറ്ററുകളുടെയും അവക്ക് കീഴിലുള്ള സ്റ്റാര്‍ട്ടപ്പുകളുടെയും സംഗമത്തിലാണ് ആദരം.
കേരള കാര്‍ഷിക സര്‍വകലാശാലയുടെ അഗ്രിബിസിനസ് ഇന്‍ക്യുബേറ്ററിന്റെ കീഴില്‍ പരിശീലനം നേടിയ ബിസിനസ് സംരംഭങ്ങളാണ് അംഗീകരിക്കപ്പെട്ടത്. മാനസ് മധുവിന്റെ ഡോ.ജാക്ക് ഫ്രൂട്ട് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഡോ.സജി വര്‍ഗീസിന്റെ സാഫോണ്‍ റിപര്‍പ്പസ്, ബ്രിജിത്ത് കൃഷ്ണയുടെ ഈറ്ററി മലബാറിക്കസ്, ടി.കെ.തങ്കച്ചന്റെ ടി.എം.ജെ ഫുഡ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, എം.കെ.വിനീതയുടെ ബയോ ആര്യവേദിക് നാച്ചുറല്‍സ് പ്രൈവറ്റ് ലിമിറ്റഡ്, കെ.എസ് വിദ്യയുടെ സ്വേജാസ് ഫാംസ് എന്നീ കമ്പനികളാണ് മികച്ച ആശയങ്ങളുടെ പേരില്‍ അംഗീകാരത്തിന്റെ വേദിയില്‍ എത്തിയത്. ഡോ.കെ.പി.സുധീര്‍ നേതൃത്വം നല്‍കുന്ന കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ റാഫ്ത്താര്‍ അഗ്രിബിസിനസ് ഇന്‍ക്യുബേറ്ററിലാണ് ഇവര്‍ പരിശീലനം നേടിയത്.
കാര്‍ഷിക വ്യവസായത്തില്‍ പുത്തന്‍ കണ്ടെത്തലുകളെ പ്രോല്‍സാഹിപ്പിക്കുന്നതിനും സ്റ്റാര്‍ട്ടപ്പുകളെ വളര്‍ത്തുന്നതിനുമായി കേന്ദ്ര കൃഷി വകുപ്പിന് കീഴിലുള്ള പദ്ധതിയാണ് റഫ്ത്താര്‍. അഗ്രി ബിസിനസ് സംബന്ധമായ വിവരങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍, പരിശീലനം, മികച്ച പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം തുടങ്ങി കാര്യങ്ങളാണ് ഈ പദ്ധതി വഴി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine