ദുബായ് ജൈടെക്‌സ് മേളയില്‍ തിളങ്ങി കേരള സ്റ്റാര്‍ട്ടപ്പുകള്‍

ദുബായ് ജൈടെക്‌സ് മേളയില്‍ തിളങ്ങി കേരള സ്റ്റാര്‍ട്ടപ്പുകള്‍
Published on

അത്യാധുനിക ഉല്‍പ്പന്നങ്ങള്‍ ലോകത്തിനു പരിചയപ്പെടുത്തിയ ദുബായിയിലെ വാര്‍ഷിക ജൈടെക്‌സ് സാങ്കേതികവിദ്യാ വാരത്തില്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ കാഴ്ചവച്ചത് മികച്ച പ്രകടനം. പത്തു സംരഭങ്ങളില്‍ ആഗോള നിക്ഷേപത്തിനു വഴിയൊരുങ്ങി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വ്യാപാരസ്ഥാപനങ്ങളുമായി 15 സ്റ്റാര്‍ട്ടപ്പുകള്‍ ബന്ധമുണ്ടാക്കും.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ (കെ.എസ്.യു.എം) നേതൃത്വത്തില്‍ സംസ്ഥാനത്തെ പുതു സംരംഭങ്ങളുടെ സാന്നിധ്യം രാജ്യാന്തര തലത്തില്‍ ശ്രദ്ധേയമായി. ഇതാദ്യമായാണ് കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ ഇത്രയും ശക്തവും വൈവിധ്യമേറിയതുമായ സാന്നിധ്യം ജൈടെക്‌സില്‍ തെളിയിച്ചതെന്ന് ഗള്‍ഫ് മലയാളികള്‍ ചൂണ്ടിക്കാട്ടുന്നു.  

ഗള്‍ഫ് വിപണിയിലേക്ക് പ്രവേശിക്കാനുള്ള താല്പര്യവുമായെത്തിയ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അതിനുള്ള മികച്ച അവസരമാണ് ലഭിച്ചത്. ബ്ലോക്‌ചെയിന്‍, നിര്‍മിത ബുദ്ധി, വിര്‍ച്വല്‍ റിയാലിറ്റി, റോബോട്ടിക്‌സ് തുടങ്ങിയ വിപ്ലവകരമായ സാങ്കേതികവിദ്യകളില്‍ ഇന്ത്യയില്‍ നിന്ന് മറ്റൊരു സംസ്ഥാനത്തിനും കഴിയാത്ത വിധം കേരള സ്റ്റാര്‍ട്ടപ്പുകളുടെ സംരംഭകത്വ ശേഷി പ്രകടമാക്കാന്‍ കഴിഞ്ഞു.

ബഹറൈന്‍ ഇക്കണോമിക് ഡെവലപ്‌മെന്റുമായി ജൈടെക്‌സില്‍ വച്ച് കെഎസ്‌യുഎം ധാരണാപത്രം കൈമാറിയത് കേരളത്തിലെ നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നേട്ടമാകും. ഫിന്‍ടെക്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്‌നോളജി തുടങ്ങിയ മേഖലകളിലായിരിക്കും രണ്ടു സ്ഥാപനങ്ങളും സഹകരിക്കുക. ഗവേഷണ സ്ഥാപനങ്ങള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുമായി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ബന്ധം സ്ഥാപിക്കാന്‍ ഈ ധാരണാപത്രത്തിലൂടെ കഴിയും.

കെഎസ്‌യുഎം രൂപം നല്‍കിയ വിപണി ബന്ധിത പരിപാടിയില്‍  ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിപണിയിലേയ്ക്ക് പ്രവേശിക്കാനുള്ള സഹായം ഈ പരിപാടിയിലൂടെ ലഭ്യമാകും.

വിവിധ രാജ്യങ്ങളില്‍നിന്നുള്ള പ്രമുഖ വ്യവസായ സ്ഥാപനങ്ങളുടെ  പ്രതിനിധികളും ഫണ്ട് ഡയറക്ടര്‍മാരും കെഎസ്‌യുഎം പവിലിയനിലെത്തി സ്റ്റാര്‍ട്ടപ് ടീമുകളുമായി ചര്‍ച്ച നടത്തി. ഇവരുടെ ഉല്പന്നങ്ങള്‍ക്ക് ആഗോള വിപണി തുറക്കാനുള്ള അവസരങ്ങളാണ് ഈ ചര്‍ച്ചയിലൂടെ തെളിഞ്ഞത്. ലോകത്തിലെ വിവിധ കേന്ദ്രങ്ങളില്‍നിന്നുള്ള ആയിരത്തോളം സ്റ്റാര്‍ട്ടപ്പുകള്‍ പങ്കെടുത്ത മത്സരങ്ങളലും കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ നേട്ടമുണ്ടാക്കി. ട്രാവല്‍സ്‌പോക് എന്ന സ്റ്റാര്‍ട്ടപ് ഫ്യൂച്ചര്‍ ട്രാവല്‍ മത്സരത്തില്‍ ഫൈനലിലെത്തി. ട്രാവല്‍സ്‌പോക്, എംബ്രൈറ്റ്, ട്രെസെരിസ്, ഗ്ലോബ്‌ടെക് എന്നിവ സൂപ്പര്‍നോവ ചാലഞ്ചിന്റെ സെമിയില്‍ പ്രവേശിച്ചു.ഇവരില്‍ നിന്ന് എംബ്രൈറ്റ് ഫൈനലിലെത്തുകയും ചെയ്തു.

കഴിഞ്ഞ 15 വര്‍ഷങ്ങളായി ജൈടെക്‌സ് മേളയില്‍ സ്ഥിരമായി കേരളം പങ്കെടുത്തു വരുന്നു.സൂണ്ടിയ,ഓസ്പിന്‍,വെബ് ആന്‍ഡ് ക്രാഫ്റ്റ്,ടൂബ്ലര്‍, ഒ ജി ഇ എസ് ഇന്‌ഫോടെക്,വെഫ്റ്റ്  ടെക്‌നോളജിസ്,നിയോറ്റോ ടെക്‌നോളജിസ്, ബാസ്സം ഇന്‌ഫോടെക്, ഓഫീസ് കിറ്റ് എച്ച് ആര്‍, ക്യാപിയോ ഇന്ററാക്ടിവ്, മെന്റര്‍ പെര്‍ഫോമന്‍സ് റേറ്റിംഗ്, സയ്‌ബ്രോസിസ്,സിസോള്‍, ബീക്കന്‍ ഇന്‌ഫോടെക്, സിഗോ സോഫ്ട് തുടങ്ങിയവയാണ് ഇത്തവണ കേരളത്തില്‍ നിന്നു പങ്കെടുത്തത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com