

കേരളത്തിലെ വീടുകളില്‍ നിന്നുള്ള പഴയ സാധനങ്ങള്‍ ടെക്‌നോളജി ഉപയോഗിച്ച് ശേഖരിക്കുന്ന 'ആക്രി' ആപ്പിന് ആഗോള അംഗീകാരം. ഫോബ്‌സ് മാസികയുടെ പ്രോമിസിംഗ് സ്റ്റാര്‍ട്ടപ്പില്‍ ആക്രി ആപ്പ് ഇടംപിടിച്ചു. സി. ചന്ദ്രശേഖരനാണ് 2019ല്‍ ആപ്പിന് തുടക്കം കുറിക്കുന്നത്. തുടക്കത്തിലുള്ള പ്രതിസന്ധികളെ അതിജീവിച്ച ഈ സംരംഭം അമേരിക്കന്‍ എംബസിയുടെ നെക്‌സസ് പരിപാടിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 10,000 ടണ്‍ മാലിന്യമാണ് ആക്രി ആപ്പ് വഴി കൈകാര്യം ചെയ്തത്. വീടുകള്‍, സ്‌കുളൂകള്‍, ഓഫീസുകള്‍ എന്നിവയെ മാലിന്യം ശേഖരിക്കുന്ന വിവിധ മാലിന്യ നിര്‍മാര്‍ജന ഏജന്‍സികളുമായി ടെക്‌നോളജിയിലൂടെ ബന്ധിപ്പിക്കുകയാണ് ആക്രി ആപ്പ് ചെയ്യുന്നത്. കളമശേരി മുനിസിപ്പാലിറ്റിയുമായിട്ടായിരുന്നു ആദ്യ സഹകരണം.
2022 മുതല്‍ മുനിസിപ്പാലിറ്റിയില്‍ ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ ശേഖരിക്കാന്‍ ആരംഭിച്ചു. ആദ്യ ദിവസങ്ങളില്‍ രണ്ടോ മൂന്നോ കിലോ മാലിന്യം മാത്രം സംഭരിച്ചിരുന്ന സ്ഥാനത്ത് ഇന്ന് പ്രതിദിനം മൂന്ന് ടണ്ണിനടുത്ത് മാലിന്യം വീടുകളില്‍ നിന്ന് ശേഖരിക്കുന്നുണ്ട്.
തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലാണ് ആക്രിയുടെ കേരളത്തിലെ പ്രവര്‍ത്തനം. മാലിന്യം ശേഖരിക്കേണ്ട സമയം, എവിടേക്കു കൊണ്ടുപോകുന്നു തുടങ്ങിയ കാര്യങ്ങളും ആപ് വഴി ഉപയോക്താക്കള്‍ക്ക് അറിയാന്‍ സാധിക്കും. മെഡിക്കല്‍ മാലിന്യങ്ങള്‍ക്കൊപ്പം ഇ-മാലിന്യങ്ങളും കമ്പനി കൈകാര്യം ചെയ്യുന്നുണ്ട്. നിലവില്‍ 65,000ത്തിലധികം ഉപയോക്താക്കള്‍ ഈ സേവനം ഉപയോഗിക്കുന്നുണ്ട്. കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് അണിയറ പ്രവര്‍ത്തകര്‍.
Read DhanamOnline in English
Subscribe to Dhanam Magazine