

വാഹനങ്ങള്‍ തീ പിടിച്ച് യാത്രക്കാര്‍ മരിക്കുന്ന സംഭവങ്ങള്‍ കേരളത്തില്‍ അടിക്കടി ഉണ്ടാവുന്നുണ്ട്. തീപിടിച്ച കാറില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിനിടെ പൊള്ളലേല്ക്കുന്നതും വര്‍ധിച്ചിട്ടുണ്ട്. ഇത്തരത്തില്‍ വാഹനങ്ങള്‍ കത്താനുള്ള സാധ്യത മുന്‍കൂട്ടി അറിഞ്ഞ് രക്ഷാമാര്‍ഗം കണ്ടെത്താനുള്ള സാങ്കേതികവിദ്യ കണ്ടുപിടിച്ചിരിക്കുകയാണ് മലപ്പുറം സ്വദേശി അഫ്‌നാസ്.
വി ഫയര്‍ സേഫ് സിസ്റ്റം എന്ന പേരിലാണ് വാഹന സുരക്ഷ സംവിധാനം അഫ്‌നാസ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഒരുവര്‍ഷത്തെ നിരന്തര പരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഈ സംവിധാനം യാഥാര്‍ത്ഥ്യമാക്കിയതെന്ന് അദ്ദേഹം പറയുന്നു.
ഓടുന്ന വാഹനത്തില്‍ തീയുടെ സാന്നിധ്യം കണ്ടെത്തിയാല്‍ സെന്‍സറിന്റെ സഹായത്തോടെ വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന സര്‍ക്യൂട്ട് വഴിയാണ് ഇതിന്റെ പ്രവര്‍ത്തനം. സര്‍ക്യൂട്ടില്‍ നിന്ന് ലഭിക്കുന്ന സന്ദേശപ്രകാരം വാഹനത്തിന്റെ എല്ലാ വാതിലുകളും തല്‍സമയം തുറക്കപ്പെടും.
തീ പടരുമെന്ന സൂചന ലഭിച്ചാലുടന്‍ സന്ദേശം സര്‍ക്യൂട്ടില്‍ ശേഖരിച്ച് ഉടമയുടെ മൊബൈല്‍ നമ്പറിലേക്കും ജിപിഎസ് സിസ്റ്റം വഴി അടുത്തുള്ള ഫയര്‍ഫോഴ്‌സ് യൂണിറ്റിലേക്കും വാഹനത്തിന്റെ ലൊക്കേഷന്‍ അടക്കമുള്ള വിവരങ്ങള്‍ കൈമാറും.
5,000 രൂപയ്ക്ക് ഈ സംവിധാനം കാറുകളില്‍ ഘടിപ്പിക്കാന്‍ സാധിക്കുമെന്ന് അഫ്‌നാസ് പറയുന്നു. സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പുമായി ചേര്‍ന്ന് പദ്ധതി കൂടുതല്‍ പ്രയോജനകരമായ രീതിയില്‍ നടപ്പിലാക്കാന്‍ അഫ്‌നാസിന് പദ്ധതിയുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine