സംരംഭകർക്ക് പ്രതീക്ഷയേകി 'സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവ്' കൊച്ചിയിൽ
രണ്ടാമത് നാഷണല്‍ ഡീപ്‌ടെക് സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവ് നാളെ കൊച്ചിയിൽ ആരംഭിക്കും. കേരള സ്റ്റാർട്ടപ്പ് മിഷന് കീഴിലുള്ള ഇലക്ട്രോണിക്‌സ് ഹാര്‍ഡ് വെയര്‍ ഇന്‍കുബേറ്ററായ മേക്കര്‍ വില്ലേജാണ് ഹാര്‍ഡ്‌ടെക് 19′ സംഘടിപ്പിക്കുക.
ഏപ്രില്‍ 5,6 തിയതികളില്‍ കളമശ്ശേരിയിലെ ടെക്‌നോളജി ഇനോവേഷന്‍ സോണില്‍ നടക്കുന്ന സമ്മേളനത്തില്‍ ആഭ്യന്തര, അന്താരാഷ്ട്ര തലത്തിലുള്ള വിദ്ഗധര്‍ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കും.
കേന്ദ്ര പ്രതിരോധ ഉത്പാദന വകുപ്പ് സെക്രട്ടറി ഡോ. അജയ് കുമാര്‍, ടെലികോം സെക്രട്ടറി അരുണ സുന്ദരരാജന്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫോര്‍മേഷന്‍ സെക്രട്ടറി അജയ് പ്രകാശ് സ്വാഹിനി, ജോയിന്റ് സെക്രട്ടറി ഗോപാലകൃഷ്ണന്‍ എസ്, സംസ്ഥാന ഐടി സെക്രട്ടറി എം ശിവശങ്കര്‍ തുടങ്ങിയ സര്‍ക്കാര്‍ പ്രതിനിധികളും മൈക്രോസോഫ്റ്റ്, ഐബിഎം, ക്വാല്‍കോം, ബോഷ്, ഇന്റെല്‍, ഗൂഗിള്‍, ടെക്‌സാസ് ഇന്‍സ്ട്രുമെന്റ്‌സ, ജിയോ ഇന്‍ഫോകോം, വിസ്‌റ്റ്രോണ്‍, എച് പി, ഡസോള്‍ട്ട് സിസ്റ്റംസ് എന്നിവയുടെ പ്രതിനിധികളും, ഫണ്ട് മാനേജര്‍മാര്‍, വിദ്യാഭ്യാസ വിദഗ്ധര്‍ തുടങ്ങിയവരും ഈ സമ്മേളനത്തില്‍ പങ്കെടുക്കും.
ഇതുകൂടാതെ പ്രമുഖരായ 10 എയ്ഞ്ചൽ നിക്ഷേപകരും വെഞ്ച്വര്‍ ക്യാപിറ്റൽ നിക്ഷേപകരും തെരഞ്ഞെടുക്കപ്പെട്ട സംരംഭകരുമായി ചർച്ച നടത്തും. സംസ്ഥാനത്ത് മികച്ച സ്റ്റാർട്ട്അപ്പ് എക്കോസിസ്റ്റം വികസിപ്പിക്കാൻ വേണ്ട കാര്യങ്ങളെക്കുറിച്ച് കോൺക്ലേവ് ചർച്ച ചെയ്യും.
രാജ്യത്തെ മുന്‍നിരയിലുള്ള ഇലക്ട്രോണിക്‌സ് സ്റ്റാര്‍ട്ടപ്പുകളുടെ പ്രദര്‍ശനവും ഒരുക്കും. ഐഐടി മുംബൈ, ഐഐടി ചെന്നൈ, ടി-ഹബ് ഹൈദരാബാദ്, തുടങ്ങിയവയില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകളും ഇതിലുള്‍പ്പെടും. സാങ്കേതിക സ്ഥാപനങ്ങള്‍, സേവനദാതാക്കള്‍, വില്‍പ്പനക്കാര്‍, ചെറുകിടമധ്യവര്‍ഗ വ്യവസായങ്ങള്‍ എന്നിവയുടെ ഉത്പന്നങ്ങളും പ്രദര്‍ശനത്തിനുണ്ടാകും.
ഈ സമ്മേളനത്തോടൊപ്പം തന്നെ അത്യാധുനിക മാതൃകനിര്‍മ്മാണ സംവിധാനം, എന്‍ജിനീയറിംഗ് രൂപകല്‍പ്പന, സിമുലേഷന്‍ എന്നിവയുടെ മികവിന്റെ കേന്ദ്രം, എന്നിവയുള്‍പ്പെടുന്ന ഇന്റര്‍നാഷണല്‍ ഹാര്‍ഡ് വെയര്‍ ആക്‌സിലറേറ്റര്‍ എന്നിവയും രൂപീകരിക്കും.
കൂടുതൽ വിവരങ്ങൾക്ക്: http://www.makervillage.in/hardtechkochi/
രജിസ്‌ട്രേഷൻ: https://in.explara.com/e/hardtech-2019