പണമൊഴുക്ക് ദുര്‍ബലം; സ്റ്റാര്‍ട്ടപ്പുകളിലേക്കുള്ള ഫണ്ടിംഗില്‍ വീണ്ടും കനത്ത മാന്ദ്യം

ഏറ്റെടുക്കലുകളുടെ എണ്ണവും കുറഞ്ഞു
Image courtesy: canva
Image courtesy: canva
Published on

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗ് 2024ലെ ഒന്നാം പാദത്തില്‍ (2024 ജനുവരി ഒന്ന് മുതല്‍ മാര്‍ച്ച് 15 വരെ) മാന്ദ്യം നേരിട്ടതായി മാര്‍ക്കറ്റ് ഇന്റലിജന്‍സ് പ്ലാറ്റ്ഫോമായ ട്രാക്ഷൻ (Tracxn) പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കി. 1.6 ബില്യണ്‍ ഡോളറാണ് (13,000 കോടി രൂപ) ഇക്കാലയളവില്‍ സമാഹരിച്ചത്. മുന്‍ മൂന്ന് പാദങ്ങളിലെ തുടര്‍ച്ചയായ വളര്‍ച്ചയ്ക്ക് ശേഷമാണ് ഈ ഇടിവുണ്ടായത്. ഫണ്ടിംഗ് 2023 രണ്ടാം പാദത്തിലെ 1.6 ബില്യണില്‍ നിന്ന് മൂന്നാം പാദത്തില്‍ 1.9 ബില്യണിലേക്കും (15,000 കോടി രൂപ) നാലാം പാദത്തില്‍ 2.2 ബില്യണിലേക്കും (18,000 കോടി രൂപ) ഉയര്‍ന്നിരുന്നു. പിന്നാലെയാണ് ഈ ഇടിവ്.  

മുന്നില്‍ ഈ മേഖലകള്‍

സ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗില്‍ 2024ലെ ഒന്നാം പാദത്തില്‍ റീറ്റെയ്ല്‍, ഫിന്‍ടെക്, എന്റര്‍പ്രൈസ് ആപ്ലിക്കേഷനുകള്‍ എന്നിവ മികച്ച പ്രകടനം കാഴ്ചവച്ച മേഖലകളാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. റീറ്റെയ്ല്‍ മേഖലയ്ക്ക് 494 മില്യണ്‍ ഡോളറിന്റെ (4,000 കോടി രൂപ) ഫണ്ടിംഗ് ലഭിച്ചു. എന്നിരുന്നാലും ഇത് മുന്‍ പാദത്തെ അപേക്ഷിച്ച് 34 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഫിന്‍ടെക്കിന് 48 ശതമാനം വളര്‍ച്ചയോടെ 429 മില്യണ്‍ ഡോളര്‍ (3,500 കോടി രൂപ) ഫണ്ടിംഗ് ലഭിച്ചു. എന്റര്‍പ്രൈസ് ആപ്ലിക്കേഷനുകള്‍ 448 മില്യണ്‍ ഡോളര്‍ (3,600 കോടി രൂപ) നേടി.

ഫണ്ടിംഗില്‍ മുന്നില്‍ ഈ സ്റ്റാര്‍ട്ടപ്പ്

2024 ഒന്നാം പാദത്തിലെ 1.6 ബില്യണ്‍ ഡോളര്‍ ഫണ്ടിംഗില്‍ ഷാഡോഫാക്‌സ്, ക്രെഡിറ്റ് സായ്‌സണ്‍ എന്നീ സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് ഏറ്റവും ഉയര്‍ന്ന ഫണ്ടിംഗ് ലഭിച്ചത്. ഇരു കമ്പനികള്‍ക്കും 100 മില്ല്യണ്‍ ഡോളറിലധികം ലഭിച്ചു. കാപ്പിലറി, റെന്റോമോജോ, ക്യാപ്റ്റന്‍ ഫ്രഷ് എന്നീ സ്റ്റാര്‍ട്ടപ്പുകളും മികച്ച ഫണ്ടിംഗ് നേടി. ഈ പാദത്തില്‍ പെര്‍ഫിയോസ്, ഒല കൃത്രിം എന്നിങ്ങന രണ്ട് പുതിയ യൂണികോണുകളുണ്ടായി. കൂടാതെ, മീഡിയ അസിസ്റ്റ്, ഡബ്ല്യു.ടി.ഐ, എക്സികോം, ലോസിഖോ എന്നിവയുള്‍പ്പെടെ എട്ട് ടെക് കമ്പനികള്‍ ഐ.പി.ഒയ്ക്ക് ഒരുങ്ങി. ഈ പാദത്തില്‍ മൊത്തത്തില്‍ 20 ഏറ്റെടുക്കലുകളാണുണ്ടായത്. കഴിഞ്ഞ പാദത്തില്‍ നിന്ന് 33 ശതമാനം ഇടിവ് രേഖപ്പെടുത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com