സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 20 ലക്ഷം രൂപ വരെ ഗ്രാന്റ് സ്വന്തമാക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാം

കെഎസ്‌യുഎം നല്‍കുന്ന ഗ്രാന്റിന്റെ വിശദാംശങ്ങള്‍
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 20 ലക്ഷം രൂപ വരെ ഗ്രാന്റ് സ്വന്തമാക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാം
Published on

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നൂതന ആശയങ്ങളെ സംരംഭങ്ങളാക്കി മാറ്റാന്‍ ഗ്രാന്റ് 20 ലക്ഷം രൂപ വരെ. 'കേരള ഇന്നൊവേഷന്‍ ഡ്രൈവ് 2022' ന്റെ ഭാഗമായിട്ടാണ് സംസ്ഥാന സര്‍ക്കാരിന്റെ ഇന്നൊവേഷന്‍ ഗ്രാന്റ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയിലേക്ക് സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നും കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ്‌യുഎം) അപേക്ഷ ക്ഷണിച്ചു. പദ്ധതിയുടെ ഭാഗമായി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 20 ലക്ഷം രൂപ വരെ ഗ്രാന്റ് ലഭിക്കും.

ഐഡിയ ഗ്രാന്റ്, പ്രോഡക്ടൈസേഷന്‍ ഗ്രാന്റ്, സ്‌കെയില്‍അപ് ഗ്രാന്റ്, മാര്‍ക്കറ്റ് ആക്‌സിലറേഷന്‍ ഗ്രാന്റ് എന്നിങ്ങനെയാണ് വിവിധ ഘട്ടങ്ങളിലായി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നത്. നൂതനാശയങ്ങളെ മികച്ച സംരംഭങ്ങളാക്കി മാറ്റുന്നതിന് സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും സാമ്പത്തിക സഹായം നല്‍കുകയാണ് ലക്ഷ്യം. പ്രാരംഭഘട്ടത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനും സര്‍ക്കാര്‍ പദ്ധതിയിലൂടെ ഊന്നല്‍ നല്‍കുന്നുണ്ട്.

മികച്ച ആശയങ്ങള്‍ക്കാണ് മൂന്ന് ലക്ഷം രൂപയുടെ ഐഡിയ ഗ്രാന്റ് നല്‍കുന്നത്. നൂതനാശയങ്ങളെ രൂപകല്‍പ്പന ചെയ്യാന്‍ ഇത് പ്രയോജനപ്പെടുത്താം. വളര്‍ച്ചയുടെ ഘട്ടത്തില്‍ കൂടുതല്‍ നിക്ഷേപവും ഉല്‍പ്പന്നവികസനവും വരുമാനവും ആഗ്രഹിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 15 ലക്ഷം രൂപയുടെ സ്‌കെയില്‍അപ് ഗ്രാന്റിന് അപേക്ഷിക്കാവുന്നത്. വരുമാനവര്‍ദ്ധനവ് ലക്ഷ്യമിടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പത്ത് ലക്ഷം രൂപയുടെ മാര്‍ക്കറ്റ് ആക്‌സിലറേഷന്‍ ഗ്രാന്റ് ലഭിക്കും. ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ വിപണി കണ്ടെത്താന്‍ ഈ ഗ്രാന്റ് ഉപയോഗിക്കാം.

ഉല്‍പ്പന്നങ്ങള്‍ തയ്യാറായിട്ടുള്ള, അവ വിപണിയിലെത്തിക്കാന്‍ തയ്യാറെടുത്തിരിക്കുന്നവര്‍ക്ക് ഏഴ് ലക്ഷം രൂപയുടെ പ്രോഡക്ടൈസേഷന്‍ ഗ്രാന്റിന് അപേക്ഷിക്കാം. നിലവിലെ മാനദണ്ഡങ്ങള്‍ക്കു പുറമേ വനിതകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും പ്രോഡക്ടൈസേഷന്‍ ഗ്രാന്റില്‍ അഞ്ച് ലക്ഷം രൂപ കൂടുതല്‍ ലഭിക്കും. ഇവര്‍ക്ക് സ്റ്റാര്‍ട്ടപ്പുകളില്‍ പകുതിയിലധികം ഓഹരി ഉണ്ടായിരിക്കണം.

വിദഗ്ധരുടെ പാനല്‍ അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കും. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ വിദഗ്ധ സമിതിക്കു മുന്നില്‍ അവതരണം നടത്തണം. ഈ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തെരഞ്ഞെടുപ്പ്.

അപേക്ഷിക്കേണ്ട അവസാന തിയതി ഓഗസ്റ്റ് 16 ആണ്.

വിശദവിവരങ്ങള്‍ക്ക് https://grants.startupmission.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com