'ബാന്‍ഡിക്കൂട്ട്' റോബോട്ടിനു രൂപം നല്‍കിയ ടെക്കികള്‍ക്ക് ഇന്‍ഫോസിസ് പുരസ്‌കാരം

'ബാന്‍ഡിക്കൂട്ട്' റോബോട്ടിനു  രൂപം നല്‍കിയ ടെക്കികള്‍ക്ക്   ഇന്‍ഫോസിസ് പുരസ്‌കാരം
Published on

മാന്‍ഹോള്‍ ക്ലീനിംഗ് റോബോട്ട് വികസിപ്പിച്ചെടുത്ത തിരുവനന്തപുരത്തെ മൂന്നു ടെക്കികള്‍ക്ക് ഇന്‍ഫോസിസ് ഫൗണ്ടേഷന്റെ 2019ലെ ആരോഹണ്‍ സോഷ്യല്‍ ഇന്നവേഷന്‍ ഗോള്‍ഡ് അവാര്‍ഡ്. ജെന്റോബോട്ടിക്സ് എന്ന കമ്പനി വഴി 'ബാന്‍ഡിക്കൂട്ട്' റോബോട്ടിനെ ലോകത്തിനു മുന്നിലവതരിപ്പിച്ച് റാഷിദ് കെ, വിമല്‍ ഗോവിന്ദ് എം കെ, നിഖില്‍ എന്‍ പി എന്നിവരാണ് 20 ലക്ഷം രൂപയുടെ അവാര്‍ഡിനര്‍ഹരായത്.

മാന്‍ഹോളുകള്‍ വൃത്തിയാക്കുന്നതിന് ലോകത്തില്‍ ആദ്യമായി റോബോട്ടിനെ വികസിപ്പിച്ച സ്ഥാപനമാണ് ജെന്റോബോട്ടിക്സ്. മാന്‍ഹോളുകള്‍ വൃത്തിയാക്കുന്നതിന് മനുഷ്യരെ ഉപയോഗിക്കുന്ന ഹാനികരമായ സമ്പ്രദായത്തിന് വിരാമമിട്ടുകൊണ്ടാണ് ജെന്റോബോട്ടിക്സ് കേരളത്തില്‍ ആദ്യമായി ബാന്‍ഡിക്കൂട്ട് അവതരിപ്പിച്ചത്. പ്ലാസ്റ്റിക്, മറ്റ് മാലിന്യങ്ങള്‍ എന്നിവ നിറഞ്ഞ മാന്‍ഹോളുകള്‍ വൃത്തിയാക്കി് തിരുവനന്തപുരത്ത് നടത്തിയ വിജയകരമായ പരീക്ഷണത്തിന് ശേഷം ഇത് വിവിധ ആവശ്യങ്ങള്‍ക്കായി കേരള വാട്ടര്‍ അതോറിറ്റി ഉപയോഗിക്കുന്നുണ്ട്.

സ്റ്റാര്‍ട്ട്അപ്പ് മിഷന്റെ സഹായത്തോടെയാണ് ഈ സംവിധാനം വികസിപ്പിച്ചെടുത്തത്. ഇന്ത്യയിലെ 12 സംസ്ഥാനങ്ങളിലും കഴിഞ്ഞ വര്‍ഷം മുതല്‍ ദുബായിലും ബാന്‍ഡിക്കൂട്ട് സേവനം ലഭ്യമാക്കുന്നുണ്ട്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ 2017-ലെ ഇന്നവേഷന്‍ ഗ്രാന്‍ഡ് ലഭിച്ചത് ജെന്റോബോട്ടിക്‌സിനായിരുന്നു. അമേരിക്കന്‍ സൊസൈറ്റി ഫോര്‍ റിസര്‍ച്ചിന്റെ സെര്‍ട്ടിഫിക്കേഷനും നാഷണല്‍ തായ്പേയ് യൂണിവേഴ്സിറ്റി (തായ്വാന്‍)യുടെ അംഗീകാരവും ജെന്റോബോട്ടിക്‌സിനെ തേടിയെത്തി. കേരള വാട്ടര്‍ അതോറിറ്റി ഇന്നവേഷന്‍ സോണിന്റെ ഗ്രാന്‍ഡും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്.

മണ്ണിനടിയിലേക്ക് 20 മീറ്റര്‍ ആഴത്തില്‍ വരെ കടന്നു ചെല്ലാന്‍ കഴിയുന്ന രീതിയിലാണ് ബാന്‍ഡിക്കൂട്ട് രൂപകല്‍പന ചെയ്തിരിക്കുന്നത്. ഈ ആശയമനുസരിച്ചാണ് റോബോട്ടിന് ബാന്‍ഡിക്കൂട്ട് എന്ന പേരിട്ടത്. നാല് കാലുള്ള, ചിലന്തിയുടെ ആകൃതിയുള്ള റോബോട്ടിനെ മാന്‍ഹോളിന് പുറത്ത് നിന്ന് ഒരാള്‍ക്ക് നിയന്ത്രിക്കാനാകും. ക്യാമറകളുടെ സഹായത്തോടെയാണ് ഇത് നടക്കുന്നത്. ഓടകളും മാന്‍ഹോളുകളും വൃത്തിയാക്കാന്‍ 15 മുതല്‍ 45 മിനിറ്റ് വരെയാണ് ബാന്‍ഡിക്കൂട്ടിന് ആവശ്യമായി വരിക. സോളിഡ് വേസ്റ്റ് കോരിയെടുത്ത് സെന്‍സറുകളുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ബക്കറ്റിലേക്ക് മാറ്റുന്നു. 10 മുതല്‍ 20 കിലോ വരെ ഭാരം ഉയര്‍ത്തിയെടുക്കാന്‍ ശേഷിയുളളതാണ് ഈ ബക്കറ്റ് സിസ്റ്റം.

മാന്‍ഹോള്‍ വൃത്തിയാക്കുന്ന ബാന്‍ഡിക്കൂട്ട് റോബോട്ടിന്റെ വന്‍തോതിലുള്ള ഉല്‍പ്പാദനത്തിന് കേരള സ്റ്റാര്‍ട്ടപ് മിഷന്റെ (കെഎസ് യുഎം) മേല്‍നോട്ടത്തിലുള്ള ജെന്റോബോട്ടിക്സ് ഇന്നൊവേഷന്‍സും ടാറ്റ മോട്ടോഴ്സിന്റെ സഹസ്ഥാപനമായ ടാറ്റാ ബ്രബോയും കഴിഞ്ഞ നവംബറില്‍ ധാരണയായിരുന്നു.

നിരാലംബരെ സഹായിക്കുന്നതിനു ക്രിയാത്മകമായ മാര്‍ഗങ്ങള്‍ മുന്നോട്ടുവച്ച വ്യക്തികള്‍, ടീമുകള്‍, എന്‍ജിഒകള്‍ എന്നിവരെ അംഗീകരിക്കുന്നതിനും അവര്‍ക്ക് പ്രതിഫലം നല്‍കുന്നതിനുമായി 2018ലാണ് ഇന്‍ഫോസിസിന്റെ ജീവകാരുണ്യ, സിഎസ്ആര്‍ വിഭാഗമായ ഇന്‍ഫോസിസ് ഫൗണ്ടേഷന്‍, ആരോഹണ്‍ സോഷ്യല്‍ ഇന്നൊവേഷന്‍ അവാര്‍ഡുകള്‍ നല്‍കാന്‍ ആരംഭിച്ചത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com