

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ അഴുക്കുചാലുകള്‍ ഇനി റോബോട്ട് വൃത്തിയാക്കും. രാജ്യത്താദ്യമായാണ് വിമാനത്താവളങ്ങളില്‍ ഇത്തരം ജോലികള്‍ക്കായി റോബോട്ടിനെ വാങ്ങുന്നത്. ടെക്‌നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ജെന്‍ റോബോട്ടിക്‌സുമായി ഇത് സംബന്ധിച്ച കരാറിലെത്തിയിട്ടുണ്ട്. ഇവര്‍ വികസിപ്പിച്ച വില്‍ബോര്‍ റോബോട്ടിനെ അടിസ്ഥാനമാക്കി തിരുവനന്തപുരം വിമാനത്താവളത്തിന്റെ ആവശ്യങ്ങള്‍ കൂടി പരിഗണിച്ചാകും പുതിയ റോബോട്ട് നിര്‍മിക്കുന്നത്. രണ്ട് മാസത്തിനുള്ളില്‍ റോബോട്ടിനെ വിമാനത്താവള അധികൃതര്‍ക്ക് കൈമാറും. എന്നാല്‍ എത്ര രൂപയുടെ കരാറാണ് നടന്നതെന്ന കാര്യത്തില്‍ വ്യക്തതയില്ല.
തിരുവനന്തപുരം വിമാനത്താവളത്തിലെ മാലിന്യം കൊണ്ടുപോകുന്ന കനാലുകള്‍ വൃത്തിയാക്കാന്‍ റോബോട്ടിനെ വാങ്ങണമെന്ന ചര്‍ച്ച നേരത്തെ ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ആമയിഴഞ്ചാന്‍ തോട്ടിലുണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്നില്‍ നിന്ന ജെന്‍ റോബോട്ടിക്‌സിന്റെ റോബോട്ടുകളുടെ സേവനം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ അദാനി ഗ്രൂപ്പ് അന്തിമ തീരുമാനത്തിലെത്തിയത്. നേരത്തെ അദാനിയുടെ നിയന്ത്രണത്തിലുള്ള ഉത്തരേന്ത്യയിലെ ഒരു വിമാനത്താവളത്തിലെ ഓട വൃത്തിയാക്കാന്‍ ബണ്ടിക്കൂട്ട് എന്ന റോബോട്ടിന്റെ സേവനം ഉപയോഗിച്ചതും തുണയായി.
ബണ്ടിക്കൂട്ട്, ഡ്രാക്കോ, മാമത്ത് എന്നീ റോബോട്ടുകളാണ് ആമയിഴഞ്ചാന്‍ തോട്ടിലെ രക്ഷാപ്രവര്‍ത്തനത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ റിഫൈനറി ടാങ്കുകള്‍ വൃത്തിയാക്കാനായി നിര്‍മിച്ച ഡ്രാക്കോയുടെ ക്യാമറയിലാണ് കാണാതായ ജോയിയുടെ കാലുകള്‍ പതിഞ്ഞത്. മനുഷ്യസഹായമില്ലാതെ ഓടകള്‍ വൃത്തിയാക്കാനായി നിര്‍മിച്ച ആദ്യ റോബോട്ടാണ് ബണ്ടിക്കൂട്ട്.
വില്‍ബോര്‍
പാറപോലെ ഉറച്ച മാലിന്യം പോലും തുരന്ന് മാറ്റാന്‍ കഴിവുള്ള റോബോട്ടാണ് വില്‍ബോര്‍. ഇതിലെ ഹൈ പ്രഷര്‍ വാട്ടര്‍ ജെറ്റ് മാലിന്യം നീക്കുന്നത് എളുപ്പമാക്കും. മനുഷ്യന് കടന്നുചെല്ലാന്‍ പറ്റാത്ത മാന്‍ഹോളുകളിലും വലിയ റിഫൈനറികള്‍, ഓയില്‍ ടാങ്കുകള്‍ തുടങ്ങിയ ഇടുങ്ങിയ സ്ഥലങ്ങളിലും ഇറങ്ങി മാലിന്യനീക്കം നടത്താമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇതില്‍ ഉപയോഗിച്ചിരിക്കുന്ന ഐ.പി 68 മഷീന്‍ വിഷന്‍ ടെക്‌നോളജി ക്യാമറകള്‍ മാന്‍ഹോളുകളും ഇടുങ്ങിയ ടാങ്കുകളും മറ്റും പരിശോധിക്കാന്‍ സഹായിക്കും. നിലവില്‍ മലേഷ്യയില്‍ ശുചീകരണത്തിനായി ഉപയോഗിക്കുന്നുണ്ട്. ഇതില്‍ ചില മാറ്റങ്ങള്‍ വരുത്തിയ കസ്റ്റമൈസ്ഡ് റോബോട്ട് ആയിരിക്കും തിരുവനന്തപുരം വിമാനത്താവളത്തിന് നല്‍കുക.
Read DhanamOnline in English
Subscribe to Dhanam Magazine