സ്റ്റാര്‍ട്ടപ്പുകളിലേക്കുള്ള വെഞ്ച്വര്‍ കാപ്പിറ്റല്‍ നിക്ഷേപം താഴേക്ക്

ഏപ്രിലിലെ നിക്ഷേപം 28 മാസത്തെ താഴ്ചയില്‍; മികച്ച നിക്ഷേപം ലഭിച്ചവരിൽ മുൻനിരയിൽ മലയാളി സംരംഭം ഫ്രഷ് ടു ഹോമും
സ്റ്റാര്‍ട്ടപ്പുകളിലേക്കുള്ള വെഞ്ച്വര്‍  കാപ്പിറ്റല്‍ നിക്ഷേപം താഴേക്ക്
Published on

ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകളിലേക്കുള്ള വെഞ്ച്വര്‍ കാപ്പിറ്റല്‍ (Venture Capital) നിക്ഷേപം ഏപ്രിലില്‍ കഴിഞ്ഞ 28 മാസത്തെ ഏറ്റവും താഴ്ചയിലേക്ക് കൂപ്പുകുത്തി. 2023ല്‍ ആദ്യ നാലുമാസക്കാലം (ജനുവരി-ഏപ്രില്‍) സ്റ്റാര്‍ട്ടപ്പുകള്‍ നേടിയ വെഞ്ച്വര്‍ കാപ്പിറ്റല്‍ നിക്ഷേപം 240 കോടി ഡോളറാണ് (19,680 കോടി രൂപ). 2022ലെ സമാനകാലത്ത് ഇത് 1,400 കോടി ഡോളറായിരുന്നു (1.14 ലക്ഷം കോടി രൂപ). 2021ലെ സമാനകാലത്ത് 1,100 കോടി ഡോളറും (90,200 കോടി രൂപ) ലഭിച്ചിരുന്നു. വെഞ്ച്വര്‍ ഇന്റലിജന്‍സ് പുറത്തുവിട്ട റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇടപാടുകളും കുറയുന്നു

2021 ജനുവരി-ഏപ്രിലില്‍ ആകെ വെഞ്ച്വര്‍ കാപ്പിറ്റല്‍ ഇടപാടുകള്‍ 311 ആയിരുന്നത് 2022ലെ സമാനകാലത്ത് 499 ആയി ഉയര്‍ന്നിരുന്നു. എന്നാല്‍, ഈ വര്‍ഷം ഇത് വെറും 197 ആണ്. ഏപ്രിലിലെ മാത്രം നിക്ഷേപം 2022 ഏപ്രിലിലെ 290 കോടി ഡോളറില്‍ (23,780 കോടി രൂപ) നിന്ന് 88 ശതമാനം ഇടിഞ്ഞ് 34 കോടി ഡോളറിലെത്തി (2,788 കോടി രൂപ). 28 മാസത്തെ താഴ്ചയാണിത്. സ്റ്റാര്‍ട്ടപ്പുകള്‍ നേടുന്ന ഓഹരി (ഇക്വിറ്റി) അധിഷ്ഠിത നിക്ഷേപമാണ് വെഞ്ച്വര്‍ കാപ്പിറ്റല്‍ നിക്ഷേപങ്ങള്‍.

നേട്ടം കുറിച്ചവരില്‍ ഫ്രഷ് ടു ഹോമും

ഈ വര്‍ഷം ജനുവരി-ഏപ്രിലില്‍ ഏറ്റവും ഉയര്‍ന്ന വെഞ്ച്വര്‍ കാപ്പിറ്റല്‍ നിക്ഷേപം സ്വന്തമാക്കിയവരില്‍ മലയാളി സംരംഭമായ ഫ്രഷ് ടു ഹോമുമുണ്ട് (Fresh To Home). 50 കോടി ഡോളര്‍ നേടി ലെന്‍സ്‌കാര്‍ട്ട് ആണ് ഒന്നാമത്. ഇന്‍ഷ്വറന്‍സ് ദേഖോ (15 കോടി ഡോളര്‍), ക്രെഡിറ്റ് ബീ (12 കോടി ഡോളര്‍), മിന്റിഫൈ (11 കോടി ഡോളര്‍), ഫ്രഷ് ടു ഹോം (10.4 കോടി ഡോളര്‍) എന്നിവയാണ് മുന്നിലെത്തിയത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com