ഏഥര്‍ എനര്‍ജിയില്‍ ഓഹരി സ്വന്തമാക്കാന്‍ സീറോദയുടെ നിഖില്‍ കാമത്ത്

അടുത്തിടെ നസാറ ടെക്‌നോളജീസില്‍ 100 കോടി രൂപയുടെ നിക്ഷേപം നടത്തിയിരുന്നു
Nikhil Kamath, Ceo, Zerodha, Ather Energy Scooter
Image Credit : Instagram/ceo.nikhilkamath
Published on

ബംഗളൂരു ആസ്ഥാനമായ ഇരുചക്ര വൈദ്യുത വാഹന നിര്‍മാതാക്കളായ ഏഥര്‍ എനര്‍ജിയില്‍ ഓഹരി സ്വന്തമാക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ സ്‌റ്റോക്ക് ബ്രോക്കറേജ് സ്ഥാപനമായ സീറോദയുടെ സഹസ്ഥാപകന്‍ നിഖില്‍ കാമത്ത്. നിലവിലെ നിക്ഷേപകരുടെ കൈവശമുള്ള ഓഹരികളാണ് (secondary share sale) സ്വന്തമാക്കുകയെന്ന് കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഏത് സ്ഥാപനം വഴിയാണ് ഏഥറില്‍ കാമത്ത് ഓഹരി വാങ്ങുക എന്നത് വ്യക്തമല്ല.  കാമത്ത് സോസിയേറ്റ്‌സ്, എന്‍.കെ.എസ് ക്വാര്‍ഡ് എന്നിവ വഴിയാണ് സാധാരണ നിക്ഷേപം നടത്താറുള്ളത്. വാര്‍ത്തകളെ കുറിച്ച് കാമത്ത് പ്രതികരിച്ചിട്ടില്ല.

തുടരുന്ന നിക്ഷേപങ്ങൾ 

ആഭ്യന്തര സ്റ്റാര്‍ട്ടപ്പ് കമ്പനികളില്‍ സജീവമായി നിക്ഷേപിക്കുന്ന വ്യക്തിയാണ് നിഖില്‍ കാമത്ത്. സെപ്റ്റംബര്‍ നാലിന് ഗെയിമിംഗ് കമ്പനിയായ നസാറ ടെക്‌നോളജീസില്‍ 100 കോടി രൂപയുടെ നിക്ഷേപം നടത്തിയിരുന്നു. ഓണ്‍ലൈന്‍ മത്സ്യ, മാംത്സ്യ വിതരണ കമ്പനിയായ ലിഷിയസ്, കോഫി ബ്രാന്‍ഡും കഫേ ഓപ്പറേറ്ററുമായ തേഡ് വേവ് കോഫി റോസ്‌റ്റേഴ്‌സ് എന്നീ സ്റ്റാര്‍ട്ടപ്പുകളിലും കാമത്തിന് നിക്ഷേപമുണ്ട്.

ബ്രോക്കിംഗ് സ്ഥാപനം കൂടാതെ ടൂ ബീക്കണ്‍ എന്ന വെല്‍ത്ത് മാനേജ്‌മെന്റ് കമ്പനിയും റിയല്‍ എസ്റ്റേറ്റ് ടെക്, ക്ലീന്‍ ടെക് എന്നിവയില്‍ ശ്രദ്ധപതിപ്പിക്കുന്ന വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനമായ ഗൃഹാസ് എന്നീ കമ്പനികളും നിഖില്‍ കാമത്തിനു കീഴിലുണ്ട്. വിപണി സാഹചര്യങ്ങള്‍ അനുകൂലമല്ലാത്തതിനാല്‍ 25 കോടി ഡോളറിന്റെ (2,000 കോടി രൂപയ്ക്ക് മുകളിൽ  ഫണ്ട് സമാഹരണ പദ്ധതി ഏഥര്‍ ഉപേക്ഷിച്ച സമയത്താണ് നിഖില്‍ കാമത്ത് നിക്ഷേപവുമായി എത്തിയിരിക്കുന്നത്.

ഇരുചക്ര വൈദ്യുത വാഹന വിപണിയിലെ പ്രമുഖ ബ്രാന്‍ഡായ ഓല ഇലക്ട്രിക്കിനോട് ഏറ്റുമുട്ടാന്‍ കൂടുതല്‍ ഉത്പന്ന നിരയും വില്‍പ്പനയും ഉയര്‍ത്താനുള്ള ശ്രമത്തിലാണ് ഏഥര്‍ ഏനര്‍ജി. സെപ്റ്റംബര്‍ ആറിന് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പും  സിംഗപ്പൂര്‍ സോവറിന്‍ വെത്ത് ഫണ്ടും റൈറ്റ് ഇഷ്യൂ വഴി 900 കോടി രൂപയോളം നിക്ഷേപിച്ചതായി ഏഥര്‍ പറഞ്ഞിരുന്നു. ഏഥര്‍ എനര്‍ജിയില്‍ 33.1 ശതമാനം ഓഹരി പങ്കാളിത്തമുള്ള ഹീറോ മോട്ടോ കോര്‍പ്പ് 550 കോടി രൂപയോളമാണ് റൈറ്റ് ഇഷ്യു വഴി നിക്ഷേപിക്കുന്നത്. 

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com