വനിതയെന്ന വ്യത്യാസമില്ല! സംരംഭകയായി തലയുയര്‍ത്തി നില്‍ക്കണം; വനിതാ ദിനത്തില്‍ ഈ സംരംഭകര്‍ പറയുന്നു
പ്രോഫിറ്റ് അല്ല പ്രോസസ് ആണ് ആസ്വദിക്കേണ്ടത്; പൂര്‍ണിമ ഇന്ദ്രജിത്ത്
കേരള സര്‍ക്കാര്‍ നല്‍കുന്ന ശ്രദ്ധേയമായ വനിതാ സംരംഭകത്വ അവാര്‍ഡിന് നടിയും സ്റ്റൈലിസ്റ്റുമായ പൂര്‍ണിമ ഇന്ദ്രജിത്ത് അര്‍ഹയായ വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. നടിയായി കരിയര്‍ തുടങ്ങുകയും പിന്നീട് സംരംഭകയായി മാറുകയും ചെയ്ത പൂര്‍ണിമ പ്രാണ എന്ന തന്റെ ബ്രാന്‍ഡിലൂടെ ഇന്ന് ലോകം മുഴുവന്‍ അറിയപ്പെടുന്ന ഡിസൈനറും സ്റ്റൈലിസ്റ്റുമെല്ലാമാണ്. പാഷനെ പിന്തുടര്‍ന്ന് സംരംഭകത്വത്തിലേക്ക് ചുവടുവച്ചപ്പോള്‍ ആദ്യ ചിന്ത സ്വപ്നത്തെ കൈയെത്തി പിടിക്കുന്നതു തന്നെയായിരുന്നു. പിന്നീടാണ് ബിസിനസിന്റെ കയ്പും മധുരവുമെല്ലാം അറിഞ്ഞതെന്ന് ലോക വനിതാ ദിനത്തില്‍ പൂര്‍ണിമ പറയുന്നു. 'കല പാഷനാക്കിയ ഒരു വ്യക്തിയെന്ന നിലയില്‍ കലാ രംഗത്ത് പ്രവര്‍ത്തിക്കുമ്പോള്‍ വൈകാരികമായി മാത്രമേ ബിസിനസിനെയും കാണാന്‍ കഴിയൂ. എന്നാല്‍ അതി വൈകാരികതകളെ നീക്കി വച്ച് സംരംഭകത്വത്തിന്റെ ഓരോ വഴികളും ആസ്വദിക്കാന്‍ കഴിയണം.'' പൂര്‍ണിമ പറയുന്നു.
മലയാളത്തിലെ പ്രമുഖ നടന്റെ ഭാര്യ, വെള്ളിത്തിരയിലെ നായിക, മോഡല്‍, അവതാരക എന്നിവയില്‍ ഒതുങ്ങാതെ തന്റെ മേഖല വസ്ത്രങ്ങളുടെ ലോകമാണെന്ന് ചിന്തിച്ച് തിരഞ്ഞെടുത്തതാണ് പ്രാണയുടെ ടേണിംഗ് പോയ്ന്റ്. ഒരു വീട്ടമ്മയായി ഒതുങ്ങാതെ സ്ത്രീകളുടെ വസ്്ത്ര സങ്കല്പത്തില്‍ എന്തെങ്കിലും വ്യത്യസ്തമായ തരത്തില്‍ ചെയ്യണെമന്ന് ചിന്തിച്ച് തുടങ്ങിയതാണ് പ്രാണയെ വ്യത്യസ്തമാക്കിയത്. ക്വാളിറ്റി ചോര്‍ന്നു പോകാതെ കസ്റ്റമൈസേഷന്‍ നല്‍കാമെന്നത് പ്രാണയിലൂടെ ഉപഭോക്താക്കള്‍ മനസ്സിലാക്കി. 'പ്രാണ' ബ്രാന്‍ഡ് ചെയ്തതും അതിലേക്കായി വസ്ത്രശേഖരങ്ങളും ഡിസൈനുകളും കണ്ടെത്താനായി നടത്തുന്ന യാത്രകളും കണ്ടുമുട്ടുന്ന ആളുകളുമെല്ലാം ഓരോ അനുഭവമായി. ബിസിനസില്‍ നില്‍ക്കാന്‍ തന്നെ ഹരം പിടിപ്പിച്ച ഘടകങ്ങളാണിതെന്ന് പൂര്‍ണിമ പറയുന്നു. പിന്നീട് കസ്റ്റമേഴ്‌സിന്റെ സംതൃപ്തി.
ഏതൊരു ബിസിനസ്സിന്റേയും അടിത്തറ എന്നത് കസ്റ്റമേഴ്സാണ്. അവരുടെ സംതൃപ്തിയാണ് ആ ബിസിനസിന്റെ വിജയവും. വസ്ത്രവിപണനമാകുമ്പോള്‍ അത് കണ്ണിനും മനസ്സിനും ഒരുപോലെ തൃപ്തി നല്‍കുന്നത് ആയിരിക്കണം. അത്തരത്തില്‍ തൃപ്തി നല്‍കാന്‍ കഴിഞ്ഞാല്‍ മാത്രമേ ആ ബിസിനസ്സ് വിജയം വരിച്ചു എന്ന് പറയാന്‍ സാധിക്കൂ'' പൂര്‍ണിമ പറയുന്നു. സംരംഭകത്വത്തില്‍ വനിത, പുരുഷന്‍ അത്തരത്തിലെ വ്യത്യാസങ്ങള്‍ തോന്നിയിട്ടില്ല എന്നാണ് പൂര്‍ണിമയുടെ അനുഭവം. ലാഭത്തെക്കാളേറെ ബിസിനസിന്റെ പ്രവര്‍ത്തനമാണ് ആസ്വദിക്കേണ്ടത് എന്നാണ് സ്വന്തം അനുഭവത്തില്‍ നിന്ന് പൂര്‍ണിമ ഇന്ദ്രജിത്ത് വ്യക്തമാക്കുന്നത്.
പുതു സംരംഭകര്‍ക്കായി പൂര്‍ണിമയുടെ ടിപ്‌സ്
- പ്രോഫിറ്റ് അല്ല പ്രോസസ് ആസ്വദിക്കൂ
- സ്വന്തമായി റിസ്‌കുകള്‍ ഏറ്റെടുക്കുമ്പോള്‍ ആത്മവിശ്വാസമാകണം കരുത്ത്.
- റിസ്‌കില്ലാതെ വിജയവുമില്ല.
- അതിവൈകാരികത ബിസിനസില്‍ ഗുണം ചെയ്യില്ല.
- ജീവിതവും ജോലിയും ബാലന്‍സ്ഡ് ആയിരിക്കണം.
2.
സാധ്യതകളെ അവസരങ്ങളാക്കി മാറ്റാനുള്ള കഴിവുണ്ടെങ്കില്‍ വിജയം അകലെയല്ല; കുടുംബശ്രീ മാട്രിമോണിയുടെ മാനേജിംഗ് ഡയറക്ടര്‍ സിന്ധു ബാലന്‍
സമൂഹത്തിലെ നീറുന്ന പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമാണ് ഓരോ സംരംഭവും. അത്തരത്തില്‍ ഒരു പ്രശ്നം ശ്രദ്ധയില്‍പ്പെട്ടതാണ് കുടുംബശ്രീയുടെ സിഡിഎസ് ചെയര്‍പേഴ്സണായിരുന്ന സിന്ധുബാലനെ ഇന്ന് കേരളം മുഴുവന്‍ സാന്നിധ്യം അറിയിച്ചിട്ടുള്ള കുടുംബശ്രീ മാട്രിമോണിയുടെ മാനേജിംഗ് ഡയറക്ടര്‍പദവിയിലെത്തിച്ചത്.
തുടക്കം ഒരു വാര്‍ത്തയില്‍ നിന്ന്
വിവാഹ തട്ടിപ്പിനിരയായ ഒരു പെണ്‍കുട്ടി തന്റെ അവസ്ഥയെ കുറിച്ച് ഒരു ടിവി പരിപാടിയില്‍ പറയുന്നതു കേട്ടപ്പോഴാണ് എത്രയോ പെണ്‍കുട്ടികള്‍ ഇത്തരത്തില്‍ വഞ്ചിക്കപ്പെടുന്നുണ്ടാകുമെന്ന ചിന്ത സിന്ധുവിനെ അലട്ടിയത്. സ്ത്രീശക്തി വിളിച്ചോതുന്ന കുടുംബശ്രീയുടെ ഭാഗമെന്ന നിലയില്‍ ഇതിനൊരു പരിഹാരം കാണാനുള്ള വഴികളായിരുന്നു പിന്നീട് സിന്ധു അലോചിച്ചത്. അങ്ങനെയാണ് കുടുംബശ്രീ മാട്രിമോണി എന്ന ആശയത്തില്‍ എത്തുന്നത്. പിന്നീട് സംസ്ഥാന തലമീറ്റിംഗില്‍ ഈ ആശയം അവതരിപ്പിക്കുകയും അത് അംഗീകരിക്കുകയും ചെയ്തു. കുടുംബശ്രീ ജില്ലാമിഷന്റെ പിന്തുണയോടെ 2016 ജൂലായ് 25ന് ആ സ്വപ്നം സഫലമായി. മൂന്നു കുടുംബശ്രീ അംഗങ്ങളെക്കൂട്ടി പോര്‍ക്കുളത്ത് ഓഫീസ് ആരംഭിച്ചു. ഇതുവരെ 150 ഓളം വിവാഹങ്ങള്‍ കുടുംബശ്രീ മാട്രിമോണിയല്‍ ടീം നടത്തിക്കഴിഞ്ഞു. തൃശൂര്‍ ജില്ലയില്‍ മാത്രം ഒതുങ്ങി നിന്ന സേവനം ഇപ്പോള്‍ കേരളത്തിന്റെ എല്ലാ ജില്ലകളിലേക്കും സേവനം വ്യാപിപ്പിച്ചു കഴിഞ്ഞു. കുടുംബശ്രീ മാട്രിമോണിയലിലൂടെ 500 ഓളം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കാനും സിന്ധുവിന് സാധിച്ചു.
ഇനി ഒരു പെണ്‍കുട്ടിയും കരയരുത്
പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള വെറുമൊരു വീട്ടമ്മയായ തനിക്ക് ഈ തലത്തിലേക്ക് ഉയരാനായത് കുടുംബശ്രീയിലെ പ്രവര്‍ത്തനങ്ങളിലൂടെയാണെന്ന് സിന്ധു പറയുന്നു. ''ഇനി ഒരു പെണ്‍കുട്ടിയും വിവാഹത്തിന്റെ പേരില്‍ വഞ്ചിക്കപ്പെടരുത്. കേരളത്തിലെ ആരെ കുറിച്ചും കൃത്യമായ വിവരങ്ങള്‍ കണ്ടെത്താന്‍ കുടുംബശ്രീയിലൂടെ സാധിക്കും. കാരണം കേരളത്തിലെ മിക്ക വീടുകളിലും ഒരു കുടുംബശ്രീ മെംബര്‍ കാണും. തൊട്ടടുത്തുള്ള ആളുകളെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ അവര്‍ക്കുണ്ടാകും. വെബ്സൈറ്റ് രൂപ കല്‍പ്പന ചെയ്തപ്പോള്‍ ആദ്യം ചിന്തിച്ചത എന്തൊക്കെ വിവരങ്ങള്‍ കിട്ടിയാല്‍ ഒരാളെ കുറിച്ച് അന്വേഷിക്കാനാകുമെന്നാണ്. അതനുസരിച്ച് സാധാരണ മാട്രിമോണിയല്‍ സൈറ്റില്‍ നിന്നും വ്യത്യസ്തമായ ചില ചോദ്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് കുടുംബശ്രീ മാട്രിമോണിയല്‍ വെബ്സൈറ്റ് ഡിസൈന്‍ ചെയ്തത്.'' സിന്ധു പറയുന്നു.
മാട്രിമോണിയലില്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ കുടുംബം, വിദ്യാഭ്യാസം, ജോലി, സാമൂഹ്യപശ്ചാത്തലം, പോലീസ് കേസുണ്ടോ തുടങ്ങിയ വിവരങ്ങള്‍ എല്ലാം അന്വേഷിക്കും. ഇവ മനസിലാക്കിയ ശേഷമേ സൈറ്റില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുകയുളളൂ. അതിനായി കുടുംബശ്രീയുടെ റിസോഴ്‌സ് പേഴ്‌സണ്‍മാരെ നിയോഗിച്ചിട്ടുണ്ട്. പെണ്‍കുട്ടികള്‍ക്ക് രജിസ്ട്രേഷന്‍ സൗജന്യമാണ്. പുരുഷന്മാര്‍ക്ക് വിദ്യാഭ്യാസയോഗ്യതയുടെ അടിസ്ഥാനത്തില്‍ 500 -1000 രൂപ വരെയാണ് ഫീസ്. മാട്രിമോണി കൂടാതെ കുടുംബശ്രീയുടെ ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതു കൂടാതെ ലേഡീസ് ഹോസ്റ്റല്‍ അടക്കമുള്ള പുതിയ സംരംഭങ്ങള്‍ തുടങ്ങാനുള്ള ആലോചനയിലാണ് കുടുംബശ്രീ.
സിന്ധുബാലന്‍ യുവസംരംഭകര്‍ക്ക് നല്‍കുന്ന ടിപ്‌സ്
- സ്വയം അതിരുകള്‍ നിശ്ചയിക്കരുത്
- ആഗ്രഹിച്ചാല്‍ നേടിയെടുക്കാന്‍ കഴിയും. കഠിന പ്രയത്‌നം ചെയ്യണമെന്നു മാത്രം.
- സമൂഹത്തിന് മുന്‍നിരയിലേക്കെത്താന്‍ മടിച്ചു നില്‍ക്കരുത്.
- കുടുംബത്തിന്റെ പിന്തുണ എളുപ്പത്തില്‍ ലഭിച്ചെന്നിരിക്കില്ല, എന്നാല്‍ നേടിയെടുക്കാന്‍ കഴിയും.
- നമ്മുടെ ചുറ്റും അവസരങ്ങളുണ്ട്. കണ്ടെത്തണമെന്നു മാത്രം.
3.
ഫണ്ട് മാനേജ്‌മെന്റ് ഏറ്റവും പ്രധാനം; അഞ്ജലി ചന്ദ്രന്‍
കൈത്തറിയെ ലോകവിപണിയില്‍ ട്രെന്‍ഡ് ആക്കി മാറ്റിയ സംരംഭകരിലൊരാളാണ് അഞ്ജലി ചന്ദ്രന്‍. 'ഇംപ്രസ' എന്ന തന്റെ ഓണ്‍ലൈന്‍/ ഓഫ് ലൈന്‍ സ്ഥാപനത്തിലൂടെ ഇന്ത്യന്‍ കൈത്തറി വ്യവസായത്തിന്റെ മേന്മ ആഗോളതലത്തില്‍ എത്തിക്കാന്‍ അഞ്ജലിക്കു കഴിഞ്ഞതിനു പിന്നില്‍ തന്റെ പാഷന്റെയും കഠിന പ്രയത്‌നത്തിന്റെയും കഥയുണ്ട്.
വിപ്രോയിലെ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ജോലി ഉപേക്ഷിച്ച് തന്റെ പാഷന്‍ സംരംഭകത്വമാണെന്ന് തിരിച്ചറിഞ്ഞ് ഇ - കൊമേഴ്‌സ് സംരംഭത്തിലേക്ക് ചുവടുവെച്ചപ്പോള്‍ ഇത് വിജയിക്കുമോ അതോ തകരുമോ എന്നുള്ള ഐഡിയയൊന്നും അഞ്ജലിക്കുണ്ടായിരുന്നില്ല. ആ ഭയമില്ലായ്മ തന്നെയാണ് ഇപ്പോളും തന്നെ മുന്നോട്ടു നയിക്കുന്നതെന്ന് അഞ്ജലി പറയുന്നു. അസംഘടിത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നെയ്ത്തുകാര്‍ക്ക് ഇടനിലക്കാരില്ലാതെ വിപണിയിലേക്കെത്താനുള്ള ഒരു സ്മാര്‍ട്ട് പ്ലാറ്റ്‌ഫോം. അതാണ് www.impresa.in. ഒരു സാമൂഹിക സംരംഭത്തിലേക്കിറങ്ങിയപ്പോള്‍ ചിലരെങ്കിലും ഇതിന്റെ വരുംവരായ്കകളെക്കുറിച്ച് ചോദ്യവുമായി മുന്നോട്ട് വന്നിരുന്നു. സ്വന്തമായി അത്തരത്തിലൊന്നു ചെയ്തു കാണിക്കലായിരുന്നു ആദ്യ പടി. ഇംപ്രസ പച്ചപിടിച്ചപ്പോള്‍ ഇതിന്റെ സാധ്യതകളെക്കുറിച്ച് ആളുകള്‍ മനസ്സിലാക്കി തുടങ്ങി.
''തുടക്കത്തില്‍ തന്നെ വലിയ സ്വപ്‌നങ്ങളും വലിയ ഫിഗറുകളും വെച്ച് കളിക്കില്ല എന്നതായിരുന്നു സ്വയം എടുത്തിരുന്ന തീരുമാനം. അത് തന്നെയാണ് ബിസിനസിലേക്കിറങ്ങുന്ന ഓരോരുത്തരോടും അഞ്ജലിക്ക് പറയാനുള്ളതും. '' ബാങ്ക് ലോൺ ഉൾപ്പെടെയുള്ള ബാധ്യതകൾ പരമാവധി കുറച്ചു കൊണ്ടാവണം തുടക്കം. ഓവര്‍ സ്‌ട്രെസ്ഡ് ആവുകയും അത് നമ്മളിലെ സംരംഭകയുടെ ക്രിയേറ്റീവ് തിങ്കിംഗിനെ ഹനിക്കുകയും ചെയ്യും.'' പ്രതിസന്ധികളെ സമചിത്തതയോടെ സമീപിക്കാനും കഴിയാതെ വരും അഞ്ജലി പറയുന്നു.
ഉയര്‍ന്ന
ഗുണനിലവാരം ഉള്ളതും കയറ്റുമതി മൂല്യമുള്ളതുമായ കൈത്തറി വസ്ത്രങ്ങള്‍
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് സമാഹരിച്ച് ലോകത്തിന്റെ വിവിധ
ഭാഗങ്ങളിലുള്ള ഉപഭോക്താക്കളിലേക്ക് ഇംപ്രസയിലൂടെ എത്തുന്നു. ആന്ധ്ര,
മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളിലെ പരമ്പരാഗത
കൈത്തറികളിലും കേരളത്തിലെ കൈത്തറി കേന്ദ്രങ്ങളില്‍ നിന്നുമാണ്
വസ്ത്രങ്ങളെത്തുന്നത്. ഓണ്‍ലൈന്‍ സ്‌റ്റോറിന് പുറമെ കോഴിക്കോട് ഇംപ്രസ എന്ന
പേരില്‍ ബൂട്ടീക്കും ഉണ്ട്. സാധാരണ ആശയമായിരിക്കാം. എന്നാല്‍ അവയില്‍
ഉപഭോക്താക്കള്‍ക്ക് സംതൃപ്തി നല്‍കുന്ന വ്യത്യസ്തമായ പ്രവര്‍ത്തന രീതിയും
ഗുണമേന്മയുമുണ്ടാകണമെന്ന് വിജയ ചിരിയോടെ അഞ്ജലി പറയുന്നു. ഇക്കോ ഫ്രണ്ട്‌ലി
സൊല്യൂഷന്‍സ് നല്‍കുന്ന ഒരു പുതിയ സംരംഭത്തിന്റെ പണിപ്പുരയിലാണ് ഇപ്പോള്‍
അഞ്ജലി.
വനിതാ സംരംഭകര്‍ക്ക് അഞ്ജലിയുടെ 'ഇംപ്രസീവ്' ടിപ്‌സ്
- ഫണ്ട് മാനേജ്‌മെന്റ് സ്വായത്തമാക്കുക അത്യാവശ്യമാണ്.
- അന്നന്നുള്ള കണക്കുകള്‍ നോക്കണം.
- മൂന്നു ദിവസം കൂടുമ്പോള്‍ ഉല്‍പ്പന്നങ്ങളുടെ സ്റ്റോക്ക്, ഗുണനിലവാരം, വിപണിയുടെ ആവശ്യം എന്നിവ ചെക്ക് ചെയ്ത് കൊണ്ടേ ഇരിക്കണം.
- പാഷന്‍ മാത്രമല്ല ആത്മാർപ്പണം പ്രധാനം.
- ആദ്യം തന്നെ വലിയ ലാഭം പ്രതീക്ഷിക്കരുത്.
4.
പാഷന്‍ മാത്രമല്ല, ഉപഭോക്താക്കളെ അറിഞ്ഞ് നില്‍ക്കാന്‍ കഴിയണം; പാര്‍വതി ബി നായര്‍
രണ്ട് വ്യത്യസ്തമായ സംരംഭങ്ങള്‍, ഒന്നു രുചിയും മറ്റൊന്ന് വസ്ത്രവ്യാപാരവും. രണ്ടിലും ഒരേ സമയം തിളങ്ങുക എന്നത് അത്ര നിസ്സാരമല്ല. എന്നാല്‍ പാര്‍വതി ബി നായര്‍ക്ക് ഇത് രണ്ടും ഇപ്പോള്‍ തന്റെ രണ്ട് കുഞ്ഞുങ്ങളെപ്പോലെയാണ്. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് 'ടേസ്റ്റ് ജെറ്റ'് എന്ന സംരംഭത്തിലേക്കിറങ്ങുമ്പോള്‍ പാര്‍വതിക്കുമുന്നില്‍ ഒരുപാട് വമ്പന്‍ ബ്രാന്‍ഡുകളുണ്ടായിരുന്നു. അവയോടൊന്നും മത്സരിക്കാതെ തനതായ സ്വാദൊരുക്കിയ ടേസ്റ്റ് ജെറ്റ് അച്ചാറുകളും കറിക്കൂട്ടുകളുമെല്ലാം ബ്രാന്‍ഡ് ചെയ്ത് സോഷ്യല്‍മീഡിയയിലൂടെ വിപണിയിലെത്തിക്കാന്‍ തുടങ്ങി. നിരവധി ഗ്രൂപ്പുകളൊക്കെ വഴി രുചിപ്രേമികള്‍ ടേസ്റ്റ് ജെറ്റിന്റെ പിന്നാലെ ടേസ്റ്റ് പിടിച്ച് കൂടി. അവരില്‍ പലരും ടേസ്റ്റ് ജെറ്റിന്റെ സ്ഥിരം ഉപഭോക്താക്കളായി. വാങ്ങി ഉപയോഗിച്ചവരുടെ വാക്കുകളിലൂടെ കൂടുതൽ പേർ കേട്ടറിഞ്ഞ് വാങ്ങുകയായിരുന്നു. അപ്പോഴാണ് പാര്‍വതി തന്റെ ബിസിനസിനെ അല്‍പ്പമൊന്നു പുതുക്കി പണിയാമെന്നു കരുതിയത്.
സ്ഥിരം ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം ഓണമോ വിഷുവോ വന്നാല്‍ ഇന്‍സ്റ്റന്റ് പായസവും ക്രിസ്മസ് വന്നാല്‍ കൊതിയൂറുന്ന കേക്കുകളും ടേസ്റ്റ് ജെറ്റിന്റെ ബ്രാന്‍ഡില്‍ ലഭ്യമാകും. ഒപ്പം പാചകം ചെയ്യാന്‍ ്‌റിയാവുന്ന സംരംഭകരാകാന്‍ ആഗ്രഹമുള്ള വീട്ടമ്മമാര്‍ക്ക് ടേസ്റ്റ് ജെറ്റിലൂടെ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ കൂടെ ബ്രാന്‍ഡ് ചെയ്ത് വില്‍ക്കാനുള്ള അവസരവും. ഗുണമേന്മയും മറ്റും നേരിട്ട് പരിശോധിച്ചാണ് അവര്‍ക്കുള്ള എന്‍ട്രികള്‍
നല്‍കിയതെന്നു മാത്രം.മാത്രമല്ല ഓര്‍ഡറുകള്‍ എടുത്ത് അച്ചാറുകളും മറ്റും വലിയ തോതില്‍ എത്തിച്ചും നല്‍കാനും ടേസ്റ്റ് ജെറ്റ് തുടങ്ങി. ക്വാളിറ്റിയും കസ്റ്റമര്‍ സര്‍വീസും കൊണ്ട് ടേസ്റ്റ് ജെറ്റ് ഇപ്പോള്‍ മികച്ച ഹോം മേഡ് ഫുഡ് ബ്രാന്‍ഡായി.
അങ്ങനെയിരിക്കുമ്പോഴാണ് വസ്ത്രവ്യാപാര രംഗത്തിലേക്ക് കൂടി ഇറങ്ങിയാലോ എന്ന ചിന്ത വരുന്നത്. സീസണലായി പായസവും മറ്റുമെത്തിക്കുന്നതു പോലെ സീസണലായി മലയാളികള്‍ക്കിടയില്‍ ഡിമാന്‍ഡുള്ള കൈത്തറി സെറ്റ് സാരിയിലേക്ക് കൂടി ശ്രദ്ധ തിരിച്ചു. അങ്ങനെ കൈത്തറി കേന്ദ്രങ്ങളില്‍ നിന്ന് നല്ല തനതായ ഹാന്‍ഡ് ലൂം, പവര്‍ ലൂം സാരികളും മെറ്റീരിയലുകളും ശേഖരിച്ച് വീവേഴ്‌സ് ഹബ് എന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ പേജുകള്‍ ആരംഭിച്ച് വില്‍ക്കാന്‍ തുടങ്ങി. നിരവധിപേര്‍ ഇത്തരത്തില്‍ ചെയ്യുന്നുണ്ടെങ്കിലും ക്വാളിറ്റി തിരിച്ചറിഞ്ഞ ഉപഭോക്താക്കള്‍ വീണ്ടും വീണ്ടും എത്താന്‍ തുടങ്ങി.
പാചകം കൈവശമുള്ളവര്‍ക്കു മാത്രമേ ടേസ്റ്റ് ജെറ്റിലൂടെ സംരംഭകരാകാന്‍ കഴിഞ്ഞുള്ളുവെങ്കിലും ഹാന്‍ഡ്‌ലൂം സാരികളും മെറ്റീരിയലുകളും വാങ്ങി റീ സെല്ലിംഗ് വഴി ഇന്ന് ആര്‍ക്കും സംരംഭകരാകാനുള്ള അവസരവും പാര്‍വതി ഒരുക്കുന്നു. അതിനുള്ള കംപ്ലീറ്റ് പ്ലാറ്റ് ഫോം ആക്കി വീവേഴ്‌സ് ഹബിനെ പാര്‍വതി മാറ്റിയിരിക്കുകയാണ്. വീവേഴ്‌സ് ഹബ് ബൈ പാര്‍വതി (Weavers hub by Parvathy) എന്ന പേജിലൂടെ 50 ഓളം വീട്ടമ്മമാരാണ് ഇന്ന് വീട്ടിലിരുന്ന് വരുമാനം കണ്ടെത്തുന്നത്. ഉപഭോക്താക്കളുടെ വില്‍പ്പനാനന്തര സേവനമാണ് പാര്‍വതി വീവേഴ്‌സ് ഹബിന്റെ ഉല്‍പ്പന്നങ്ങളിലൂടെ ഉറപ്പു നല്‍കുന്നത്. ഓണ്‍ലൈന്‍ വില്‍പ്പനയുടെ തട്ടിപ്പില്‍ വീണ് കൈപൊള്ളിയ മലയാളികള്‍ക്ക് വീവേഴ്‌സ് ഹബ് വിശ്വാസമായതും ഈ സവിശേഷതയിലൂടെയാണ്. പാഷന്‍ മാത്രം നോക്കി ബിസനസ് ചെയ്യരുത്. ഉപഭോക്താക്കളുടെ ആവശ്യം കണ്ടറിഞ്ഞു നില്‍ക്കുന്നതിലാണ് കാര്യമെന്ന് പാര്‍വതി ബി നായര്‍ വ്യക്തമാക്കുന്നു.
പാര്‍വതിക്ക് വനിതാ സംരംഭകരോട് പറയാനുള്ളത്
- നിങ്ങളുടെ മൂഡ് സ്വിംഗ്‌സ് അഥവാ വൈകാരിക മാറ്റങ്ങള്‍ ഒരിക്കലും ബിസിനസില്‍ കലര്‍ത്തരുത്.
- ജോക്കര്‍ സിനിമയിലെന്നപോലെ എന്ത് സംഭവിച്ചാലും ഷോ മസ്റ്റ് ഗോ ഓണ്‍.
- സമയ നിഷ്ട പാലിക്കണം.
- കഥ പറച്ചിലിലൂടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള മാര്‍ക്കറ്റിംഗ് തന്ത്രം അറിയണം.
- എന്ത് ചെയ്യുന്നതിലും ഒരു എത്തിക്‌സ് ഉണ്ടായിരിക്കുക.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline