ആരാണ് ജയശ്രീ ഉല്ലാലും നീരജ സേഥിയും?
യുഎസ്സിലെ അതിസമ്പന്നരായ വനിതകളുടെ പട്ടികയിൽ ഇത്തവണ രണ്ട് ഇന്ത്യൻ വംശജർ ഉൾപ്പെട്ടിരുന്നു. ജയശ്രീ ഉല്ലാലും നീരജ സേഥിയും. രണ്ടു പേരും ഐറ്റി മേഖലയിൽ വിജയം വരിച്ചവർ.
ഫോബ്‌സ് മാസിക തയ്യാറാക്കിയ 60 വനിതകളുടെ പട്ടികയിൽ ജയശ്രീ 18 ഉം നീരജ 21 ഉം സ്ഥാനങ്ങളിലാണ്. ഓരോരുത്തരെയും അവരുടെ നെറ്റ് വർത്തിന്റെ അടിസ്ഥാനത്തിലാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
എബിസി സപ്ലൈയുടെ മേധാവിയായ ഡയാന ഹെൻഡ്രിക്‌സ് ആണ് പട്ടികയിൽ ഒന്നാമത്. ടെലിവിഷന്‍ താരവും സംരംഭകയുമായ 21 കാരി കൈലി ജെന്നറാണ് പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിത.
ജയശ്രീ ഉല്ലാൽ
2008 മുതല്‍ 'അരിസ്ത നെറ്റ്‌വര്‍ക്‌സ്' എന്ന സ്ഥാപനത്തിന്റെ പ്രസിഡന്റും സി.ഇ.ഒ യുമാണ് ജയശ്രീ. 1.4 ബില്യൺ ആണ് ഇവരുടെ നെറ്റ് വർത്ത്. ലണ്ടനില്‍ ജനിച്ച് ഇന്ത്യയിൽ വളർന്ന അവർ അരിസ്തയിൽ ജോലിയാരംഭിച്ചപ്പോൾ വരുമാനം ഉണ്ടാക്കി തുടങ്ങിയിട്ടില്ലാത്ത 50 പേരിൽ താഴെ മാത്രം ജീവനക്കാരുള്ള ഒരു കമ്പനിയായിരുന്നു അത്.
2017 ൽ കമ്പനി 1.6 ബില്യൺ ഡോളർ വരുമാനമാണ് നേടിയത്. ഉല്ലാലിന് കമ്പനിയിൽ അഞ്ച് ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. ഇതിൽ കുറച്ചു ഭാഗം തന്റെ രണ്ട് കുട്ടികൾക്കും അനന്തിരവർക്കും വേണ്ടി മാറ്റി വെച്ചിരിക്കുകയാണ് അവർ. സാൻഫ്രാൻസിസ്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിലും സാന്റാക്ലാര യൂണിവേഴ്സിറ്റിയിൽ നിന്നും എഞ്ചിനീയറിംഗ് മാനേജ്മെന്റിലും ബിരുദം നേടി.
നീരജ സേഥി
ഐ.ടി കണ്‍സള്‍ട്ടിങ്, ഔട്ട്‌സോഴ്‌സിങ് കമ്പനിയായ 'സിന്റലി'ന്റെ വൈസ് പ്രസിഡന്റ് ആണ് നീരജ സേഥി. ഒരു ബില്യൺ ആണ് ഇവരുടെ നെറ്റ് വർത്ത്. 1980ല്‍ മിഷിഗണിലെ തങ്ങളുടെ താമസസ്ഥലത്ത് ഭര്‍ത്താവ് ഭരത് ദേശായിയുമൊത്താണ് കമ്പനിയ്ക്ക് തുടക്കമിട്ടത്.
കേവലം 2000 യു.എസ് ഡോളര്‍ ആയിരുന്നു മുടക്കുമുതല്‍. ആദ്യ വര്‍ഷത്തില്‍ തന്നെ 30,000 ഡോളറിന്റെ കച്ചവടം നടന്നു. ഇന്ന് 23,000 ജീവനക്കാരാണ് സിന്റലിനുള്ളത്. ഇതില്‍ 80 ശതമാനവും ഇന്ത്യക്കാരാണ്.
കണക്കിൽ ബിരുദവും കംപ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദവും ഓപ്പറേഷൻസ് റിസർച്ചിൽ എംബിഎയും നീരജ നേടിയിട്ടുണ്ട്.