സ്ത്രീ കൂട്ടായ്മയുടെ ശക്തി വിളിച്ചോതി 'മഹിളാമാൾ'

സ്ത്രീശാക്തീകരണത്തില്‍ പുതിയ കേരളീയ മാതൃകയാണു കോഴിക്കോട് കോര്‍പ്പറേഷന്‍ കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള മഹിളാമാളെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടതിനെ ശരിവെക്കുന്ന രീതിയിലാ
ണ് മാളിന്റെ തലയെടുപ്പ്.

ആറു നിലകളിലായി 36000 ചതുരശ്ര അടി വ്യാപ്തിയില്‍ 79 ഷോപ്പുകളുമായി സന്ദര്‍ശകരെ വരവേല്‍ക്കുന്ന ഈ മാളില്‍ 70 ഷോപ്പുകളും കുടുംബശ്രീ സംരംഭങ്ങളാണ്. നാടന്‍ ഉല്‍പ്പന്നങ്ങളുമായി 24 സ്റ്റാളുകളില്‍ ഒരു മൈക്രോബസാറും ഒരുക്കിയിട്ടുണ്ട്.

കുടുംബശ്രീയുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നത് സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമായിരുന്നു. പകരം ഒരു ആധുനിക മാള്‍ തന്നെ തുടങ്ങാനായതിന്റെ സന്തോഷത്തിലാണ് കോഴിക്കോട് കോര്‍പ്പറേഷന്‍ കുടുംബശ്രീ പ്രോജക്ട് ഓഫീസര്‍ എം.വി റംസി ഇസ്മായിലും 10 കുടുംബശ്രീ അംഗങ്ങളടങ്ങുന്ന യൂണിറ്റി ഗ്രൂപ്പെന്ന ഭരണ സമിതിയും.

നേരിട്ട് 250 സ്ത്രീകള്‍ക്കും പരോക്ഷമായി 500 സ്ത്രീകള്‍ക്കും തൊഴില്‍ നല്‍കുന്ന മാളില്‍ സ്പായും ഡേ കെയറും ബ്യൂട്ടി പാര്‍ലറും മസാജ് സെന്ററും തുടങ്ങി വനിതാ ബാങ്കും ഫാമിലി കൗണ്‍സലിംഗ് സെന്ററും വനിതാ തൊഴില്‍ പരിശീലനകേന്ദ്രവും ഓണ്‍ലൈന്‍ സര്‍വീസുകളും ഉപഭോക്തൃ സേവനങ്ങളും സൂപ്പര്‍ മാര്‍ക്കറ്റും കഫേയും ഫുഡ്‌കോര്‍ട്ടും പ്ലേ ഏരിയയും എന്നുവേണ്ട ഒരു ആധുനിക മാളില്‍ ലഭിക്കാവുന്ന എല്ലാ സൗകര്യങ്ങളുമുണ്ട്.

ഫാഷന്‍ വസ്ത്രങ്ങളും കരകൗശല വസ്തുക്കളും മാളിന്റെ പകിട്ടിനു മാറ്റു കൂട്ടുന്നു. ഇതിന്റെ ലൈസന്‍സും ബിസിനസും നടത്തിപ്പും ശുചീകരണവും സുരക്ഷയുമെല്ലാം സ്ത്രീകളുടെ ചുമതലയാണ്.
പോക്കറ്റിനിണങ്ങും ഷോപ്പിംഗ് എല്ലാ ഉല്‍പ്പന്നങ്ങളും സേവനങ്ങളും വിനോദവും ഭക്ഷണവൈവിധ്യവുമെല്ലാം ഒന്നിച്ചൊരു കുടക്കീഴില്‍ ഒരുക്കിയിരിക്കുകയാണിവിടെ. ആധുനിക മാളുകളില്‍ നിന്നു വിഭിന്നമായി സമൂഹത്തിന്റെ എല്ലാ തട്ടിലുമുള്ളവര്‍ക്ക് പ്രാപ്യമായ ഒരിടമെന്നാണ് പ്രോജക്ട് ഓഫീസര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. എല്ലാ പോക്കറ്റിനുമിണങ്ങുന്ന ഷോപ്പിംഗ് അനുഭവമെന്നു മഹിളാ മാളിനെ ചുരുക്കത്തില്‍ വിശേഷിപ്പിക്കാം.

കോര്‍പ്പറേഷന്‍ പരിധിയില്‍ മാത്രം 360 അയല്‍ക്കൂട്ടങ്ങളിലായി രണ്ടര ലക്ഷം അംഗങ്ങള്‍ കുടുംബശ്രീക്കുണ്ട്. അവരുടെ പ്രോത്സാഹനമുണ്ടെങ്കില്‍ തന്നെ പദ്ധതി വിജയിക്കു
മെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

സ്ത്രീകള്‍ക്ക് ഒറ്റയ്‌ക്കോ കൂട്ടായോ ഭയമേതുമില്ലാതെ ഷോപ്പിംഗ് നടത്താമെന്നതാണ് മഹിളാ മാളിന്റെ മെച്ചം. ഇത്തരമൊരു
കൂട്ടായ്മയായതു കൊണ്ടുമാത്രം ഇവിടെ ബിസിനസ് ആരംഭിച്ച സ്ത്രീകളുണ്ട്. എവിടെ തിരിഞ്ഞാലും സ്ത്രീകളുടെ ചിരിക്കുന്ന മുഖങ്ങള്‍ മാത്രം മെഡിശ്രീയെന്ന പേരില്‍ സൗജന്യ നിരക്കില്‍ ഒരു മെഡിക്കല്‍ ലാബും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കഫേശ്രീയില്‍ രുചികരമായ പലഹാരങ്ങള്‍ക്കൊപ്പം കാപ്പി നുകരാം.

ജൈവ പച്ചക്കറി വില്‍പ്പനശാലയില്‍ കുടുംബശ്രീപ്രവര്‍ത്തകരുടെ ജൈവ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്. ബീന. കെ പ്രസിഡന്റും വിജയ. കെ സെക്രട്ടറിയുമായ 10 അംഗ യൂണിറ്റി ഗ്രൂപ്പാണ് മാളിന്റെ ഭരണകാര്യങ്ങള്‍ നടത്തുന്നത്. ഓണ്‍ലൈന്‍ ഷോപ്പിംഗ് സൗകര്യമൊരുക്കാനും പദ്ധതിയുണ്ട്. കുടുംബശ്രീയുടെ കീഴില്‍ കോഴിക്കോട് നഗരത്തില്‍ 2013 മുതല്‍തന്നെ നാല് വനിതാഹോസ്റ്റലുകള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന്റെ ആത്മവിശ്വാസം ചെറുതല്ല.

ഇത്രയും വലിയൊരു സംരംഭത്തിനു ധൈര്യമായത് ഈ മുന്‍പരിചയം തന്നെയാണ്. നാലു ഹോസ്റ്റലുകളിലും കൂടി 300 വനിതകള്‍ക്കുള്ള താമസസൗകര്യവും നാടന്‍ ഭക്ഷണവും ലഭ്യമാണ്.

Related Articles
Next Story
Videos
Share it