കോര്‍പ്പറേറ്റ് ഇന്ത്യയുടെ ഫസ്റ്റ് ലേഡി
റിലയന്‍സ് ഇന്‍ഡസ്ട്രീസ് സാരഥിയായ മുകേഷ് അംബാനിയുടെ ഭാര്യയും റിലയന്‍സ് ഫൗണ്ടേഷന്‍ സ്ഥാപകയുമായ നിത അംബാനി വിദ്യാഭ്യാസ കായിക മേഖലകളില്‍ വരുത്തിയ മാറ്റങ്ങളിലൂടെ സ്വന്തമായൊരു മേല്‍വിലാസം നേടിക്കഴിഞ്ഞു.
ബിസിനസിനൊപ്പം ഫുട്‌ബോളും ക്രിക്കറ്റും സാമൂഹ്യ സേവനവും കലാ പ്രവര്‍ത്തനങ്ങളും ഒരുപോലെ വിജയിപ്പിക്കുന്ന അപൂര്‍വ വ്യക്തിത്വം. ലോകത്തി ലെ ഏറ്റവും ധനികരായ സ്ത്രീകളുടെ ലിസ്റ്റില്‍ നിത അംബാനിയുമുണ്ട്.
ഇന്റര്‍നാഷണല്‍ ഒളിമ്പിക്‌സ് കമ്മിറ്റിയില്‍ അംഗമാകുന്ന ആദ്യത്തെ ഇന്ത്യക്കാരിയാണ് നിത.
കഴിഞ്ഞ വര്‍ഷം ഒളിമ്പിക്‌സ് കമ്മിറ്റിയുടെ ഡിജിറ്റല്‍ ചാനല്‍, എജ്യുക്കേഷന്‍ എന്നീ രണ്ട് കമ്മീഷനു കളിലേക്കും നിത തെര ഞ്ഞെടുക്കപ്പെട്ടു, വയസ് 70 ആകുന്നതുവരെ കമ്മിറ്റിയില്‍ തുടരാം.
കൊമേഴ്‌സില്‍ ബിരുദം നേടി ഒരു സ്‌കൂള്‍ അധ്യാപികയായി ജോലി ചെയ്യുമ്പോഴാണ് അംബാനി കുടുംബത്തിലെ മരുമകളാകുന്നത്. ഭരതനാട്യ നര്‍ത്തകിയായ നിതയെ സ്റ്റേജില്‍ കണ്ട ധീരുഭായ് അംബാനി മകന് വേണ്ടി വിവാഹാലോചന നടത്തുകയായിരുന്നു.
മുകേഷ് അംബാനിയുടെ ഭാര്യയായാലും സ്‌കൂളിലെ ജോലി തുടരും എന്ന നിബന്ധന വച്ചാണ് നിത വിവാഹത്തിന് സമ്മതിച്ചത്. ഇന്ത്യയിലെ ഏറ്റവും സമ്പന്ന കുടുംബത്തിന്റെ ഭാഗമാണെങ്കിലും നിത വളരെ അപൂര്‍വമായാണ് പൊതുവേദികളില്‍ ആദ്യകാലങ്ങളില്‍ പങ്കെടുത്തിരുന്നത്.
ഏകദേശം പതിനേഴ് വര്‍ഷങ്ങളോളം കുടുംബകാര്യങ്ങളുമായി ഒതുങ്ങിക്കഴിഞ്ഞ നിതയുടെ പിന്നീടുള്ള മാറ്റം അതിശയിപ്പിക്കുന്നതാണ്. ഇപ്പോള്‍ പല ചടങ്ങുകളിലും സിനിമാതാരങ്ങളെക്കാളും മറ്റ് സെലിബ്രിറ്റികളെക്കാളും ശ്രദ്ധ നേടുന്നത് നിതയാണ്.
മുകേഷ് അംബാനി മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ഉടമസ്ഥനാകുന്ന കാലത്ത് ക്രിക്കറ്റിനെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നു നിതയ്ക്ക്. പക്ഷേ, രണ്ട് സീസണിലും ടീമിന്റെ പ്രകടനം മോശമായപ്പോള്‍ ഇവരെ ശരിയാക്കിയേ അടങ്ങൂ എന്നായി വാശി.
പിന്നീട് ഒരു വര്‍ഷം ക്രിക്കറ്റിനെക്കുറിച്ച് പഠിക്കാന്‍ ചെലവഴിച്ചു നിത. ടീമിനൊപ്പം യാത്ര ചെയ്തും ടെലിവിഷനില്‍ എല്ലാ മാച്ചുകളും കണ്ടും ഇപ്പോള്‍ ഈ മേഖലയെക്കുറിച്ച് അറിയാത്തതായി ഒന്നുമില്ല ഇവര്‍ക്ക്.
ഒരിടയ്ക്ക് നിതയോട് ചോദിക്കാന്‍ പലര്‍ക്കും ഒരു ചോദ്യമേ ഉണ്ടായിരുന്നുള്ളു. ആ വീട് എങ്ങനെ മാനേജ് ചെയ്യുന്നു? വീട് എന്ന് പറഞ്ഞാല്‍ നാലായിരം കോടി രൂപ ചെലവിട്ടു നി ര്‍മിച്ച, 27 നിലകളുള്ള ആന്റിലിയ! ഈ വീടിന്റെ വിശേഷങ്ങള്‍ക്കപ്പുറം നിത അംബാനി വളര്‍ന്നു എന്നതാണ് സത്യം.
സാമൂഹ്യ സേവനം നിതയ്ക്ക് പ്രശസ്തി നേടാനുള്ള എളുപ്പവഴിയല്ല. ആരോഗ്യം, വിദ്യാഭ്യാസം എന്നിങ്ങനെ ഒട്ടേറെ രംഗങ്ങളില്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ഇന്ന് സജീവമാണ്. സാമൂഹ്യസേവനം ജീവിതത്തിന്റെ ഭാഗമാക്കിയവരെ അംഗീകരിക്കാന്‍ സിഎന്‍എന്‍ ഐബിഎന്നുമായി സഹകരിച്ച് ദ് റിയല്‍ ഹീറോസ് എന്ന അവാര്‍ഡ് ഏര്‍പ്പെടുത്തിയതും നിത തന്നെ.
റിലയന്‍സിന്റെ പ്ലാന്റുകള്‍ സ്ഥാപിച്ച ഗ്രാമപ്രദേശങ്ങളില്‍ സ്‌കൂളുകള്‍ തുടങ്ങിയതാണ് നിത തന്റെ പ്രി യപ്പെട്ട മേഖലയായ അദ്ധ്യാപനത്തിലേക്ക് തിരിച്ചെത്തിയത്. പിന്നീട് 2003 ല്‍ ഗ്ലോബല്‍ സ്‌കൂളുകളുടെ നിലവാരമുള്ള ധീരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ തുടങ്ങിയതും വിഭ്യാഭ്യാസത്തിലുള്ള വിശ്വാസം കൊണ്ടുതന്നെ. ഷാരൂഖ് ഖാന്‍ ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികള്‍ മക്കള്‍ക്കായി തെരഞ്ഞെടുക്കുന്ന സ്‌കൂള്‍. അഡ്മിഷന്റെ സമയത്ത് നിതയുടെ ഫോണ്‍ ഓഫായിരിക്കും, കാരണം അത്രയേറെയാണ് ആവശ്യക്കാരും ശുപാര്‍ശക്കാരും.
കൃത്യമായ ഓഫീസ് ചട്ടവട്ടങ്ങളൊന്നും നിതയ്ക്കില്ല. തന്റേതൊരു 'മൂവിംഗ് ഓഫീസ്' ആണ് എന്നാണ് അഭിപ്രായം. സ്‌കൂളിലായിരിക്കുമ്പോള്‍ മീറ്റിംഗുകളെല്ലാം അവിടെ, ചിലപ്പോള്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ഹോസ്പിറ്റലില്‍.
ഏഷ്യയിലെ ഏറ്റവും സമ്പന്ന കുടുംബത്തിന്റെ ഗൃഹനായികയാണ് നിത. പക്ഷെ, സ്വത്തിനേക്കാളേറെ ഉയരങ്ങളിലാണ് ഇന്ന് നിത എന്ന വ്യക്തിയുടെ സ്ഥാനം.
ഇന്ത്യയ്ക്ക് ഫുട്‌ബോളിനോടുള്ള ഇഷ്ടം വീണ്ടെടുക്കാന്‍ സഹായിച്ച ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ചെയര്‍പേഴ്‌സണാണ് നിത. പ്രമുഖ ബിസിനസുകാരുടെ ഭാര്യമാര്‍ സാധാരണ രീതിയില്‍ ഏറ്റെടുക്കാത്ത സ്‌പോര്‍ട്‌സ് പ്രൊമോഷന്‍ പോലുള്ള ദൗത്യങ്ങള്‍ സ്വതസിദ്ധമായ പാഷനോടെ ഇവര്‍ ആഘോഷമാക്കുകയും ചെയ്യുന്നു