രൂപ ജോര്‍ജിന് ബിസിനസും ഒരു കല...
സമുദ്രോല്‍പ്പന്ന കയറ്റുമതി രംഗത്തെ പ്രമുഖരായ ബേബി മറൈന്‍ ഇന്റര്‍നാഷണലിന്റെ മാനേജിംഗ് പാര്‍ട്ണര്‍ ജോര്‍ജ് കെ നൈനാന്റെ ഭാര്യയായ രൂപയ്ക്ക് രക്തത്തിലുണ്ട് സംരംഭകത്വം. ഷൊര്‍ണൂരിലെ പ്രശസ്തമായ മയില്‍വാഹനം മോട്ടോഴ്‌സ് ഉടമ സി എ എബ്രഹാമിന്റെയും ഗീത എബ്രഹാമിന്റെയും മകളാണ് രൂപ. കാസ്റ്റ് അയണില്‍ നിര്‍മിക്കുന്ന ദോശക്കല്ലുകളും അപ്പച്ചട്ടികളും കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള ഉപകരണങ്ങളും കേരളത്തിലുടനീളം ലഭ്യമാക്കുന്ന മയൂര ബ്രാന്‍ഡും ഇവരുടേതാണ്.
''ഞാന്‍ വിവാഹിതയായി എത്തിയതും വലിയ ബിസിനസ് പാരമ്പര്യമുള്ള കുടുംബത്തിലേക്കാണ്. സീഫുഡ് എക്‌സ്‌പോര്‍ട്ടിംഗില്‍ 2017ല്‍ 50 വര്‍ഷം
പൂര്‍ത്തിയാക്കുകയാണ് ബേബി മറൈന്‍ ഗ്രൂപ്പ്. ഹോസ്പിറ്റാലിറ്റി രംഗത്ത് ഞങ്ങളുടെ ആദ്യത്തെ സംരംഭമാണ് ഏഷ്യന്‍ കിച്ചണ്‍ ബൈ ടോക്കിയോ ബേ എന്ന പാന്‍ ഏഷ്യന്‍ റെസ്റ്റൊറന്റ്. ഫോര്‍ട്ട്‌കൊച്ചിയിലെ കൊച്ചിന്‍ ക്ലബിലാണ് ഈ മള്‍ട്ടി ക്യുസീന്‍ റെസ്റ്റൊറന്റ്.'' ഇതിന്റെ മാനേജിംഗ് ഡയറക്റ്ററാണ് രൂപ.
''എന്റെ ഭര്‍തൃപിതാവും ഭര്‍ത്താവും അദ്ദേഹത്തിന്റെ സഹോദരനും ഒക്കെ ഇതില്‍ സഹകരിക്കുന്നുണ്ട്. ഞാന്‍ മാര്‍ക്കറ്റിംഗിനൊപ്പം ഫുഡിന്റെ കാര്യങ്ങളും ശ്രദ്ധിക്കുന്നു.'' ഹോസ്പിറ്റാലിറ്റി മേഖലയില്‍ സ്ത്രീസാന്നിദ്ധ്യം സംരംഭത്തിന് ഗുണം ചെയ്യുമെന്ന് രൂപ വിശ്വസിക്കുന്നു.
ഏഴ് ഏഷ്യന്‍ രുചികള്‍
ഏഴ് ഏഷ്യന്‍ രാജ്യങ്ങളിലെ വിഭവങ്ങള്‍ - ജാപ്പനീസ്, തായ്, മലേഷ്യന്‍, ഇന്തോനേഷ്യന്‍, സിംഗപ്പൂരിയന്‍, വിയറ്റ്‌നാമീസ്, ചൈനീസ് - ഇവിടെ ലഭ്യമാണ്. ''ഈ രുചിവൈവിധ്യത്തിനു പുറമേ, ഞങ്ങളുടെ സീഫുഡ് വിഭവങ്ങളും പ്രശസ്തമാണ്,'' രൂപ വ്യക്തമാക്കുന്നു.
'കുക്കറി ടിപ്‌സ് ബൈ രൂപ ജോര്‍ജ്' അടക്കം പല ടിവി ഷോകളും അവര്‍ അവതരിപ്പിച്ചിട്ടുണ്ട്. ഈ പൊടിക്കൈകള്‍ ഡിസി ബുക്‌സ് പുസ്തകമാക്കിയിട്ടുണ്ട്. കേരള കലാമണ്ഡലത്തിലെ അധ്യാപകരുടെ കീഴില്‍ ഭരതനാട്യവും മോഹിനയാട്ടവും പഠിച്ച രൂപ, ഇപ്പോഴും ഭരതനാട്യവും വീണയും പഠിക്കുന്നു; വേദിയില്‍ അവതരിപ്പിക്കുന്നു. ദൂരദര്‍ശനിലും പാലക്കാട്ടെ സ്വരലയയും കേരള ഫോക്‌ലോര്‍ മ്യൂസിയവും പോലുള്ള പ്രമുഖ സാംസ്‌കാരിക വേദികളിലും, മൂകാംബികയും ഗുരുവായൂരും പോലുള്ള പ്രമുഖ ക്ഷേത്രങ്ങളിലും ഭരതനാട്യം അവതരിപ്പിക്കാറുള്ള രൂപ, നിര്‍ധനരായ ക്യാന്‍സര്‍ രോഗികള്‍ക്കായുള്ള ധനശേഖരണാര്‍ത്ഥം നടത്തുന്ന പ്രോഗ്രാമുകളിലും നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.
സാമൂഹിക സേവനരംഗത്ത്
നോര്‍ത്ത് പറവൂരിലെ കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് സൊസൈറ്റിയുടെയും എറണാകുളത്ത് തമ്മനത്തുള്ള സഹൃദയ വെല്‍ഫെയര്‍ സര്‍വീസസിന്റെയും ഗുഡ്‌വില്‍ അംബാസഡറാണ് രൂപ. ''സ്ത്രീകളുടെയും സഹായം അര്‍ഹിക്കുന്നവരുടെയും ശാക്തീകരണത്തിനു വേണ്ടിയാണ് ഞാന്‍ അധികവും പ്രവര്‍ത്തിക്കുന്നത്,'' രൂപ പറയുന്നു.
ഓരോ സ്ത്രീയിലെയും സംരംഭകയെ കണ്ടെത്താനും വളര്‍ത്താനും ഇഷ്ടപ്പെടുന്ന രൂപയ്ക്ക് മുന്നില്‍ ശക്തമായ ചില മാതൃകകളുണ്ട്. ''എന്റെ അച്ഛനും
അമ്മയും; പിന്നെ ഒരു ബസ് മാത്രമായി ആരംഭിച്ച മയില്‍വാഹനം മോട്ടോഴ്‌സിനെ പ്രശസ്തമായ നിലയില്‍ കെട്ടിപ്പടുത്ത എന്റെ ഗ്രാന്‍ഡ് പേരന്റ്സും. എന്റെ ഫാദര്‍ തൃശൂര്‍ ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളെജില്‍ 10 വര്‍ഷം പഠിപ്പിച്ചതിനു ശേഷമാണ് ബിസിനസിലേക്കു വന്നത്. റോട്ടറി ക്ലബിന്റെ പ്രസിഡന്റായിരുന്ന അമ്മ ദൂരദര്‍ശനില്‍ നൃത്തം അവതരിപ്പിച്ചിട്ടുള്ള മോഹിനിയാട്ടം നര്‍ത്തകിയാണ്. അമ്മ ഒരുപാട് സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുണ്ട്. മണ്‍പാത്രങ്ങള്‍ നിര്‍മിക്കുന്ന കുംഭാരന്മര്‍ എന്ന പട്ടികജാതിക്കാരെക്കൊണ്ട് വ്യത്യസ്തങ്ങളായ പാത്രങ്ങള്‍ ഉണ്ടാക്കിപ്പിച്ച് അവ കയറ്റുമതി ചെയ്യിക്കുന്ന ലെവല്‍ വരെ എത്തിച്ചു. അത് അവരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയിരുന്നു.''
ആ മാറ്റങ്ങള്‍ കണ്ടു വളര്‍ന്ന രൂപയും, സ്വന്തം ആശയങ്ങളും ഇടപെടലും കൊണ്ട് എല്ലാവരുടെയും ജീവിതത്തില്‍ പ്രകാശം പരക്കട്ടെ എന്നാഗ്രഹിക്കുന്നു; അതിനായി പ്രവര്‍ത്തിക്കുന്നു.
2016 ഒക്ടോബറില്‍ ധനം മാഗസിന്‍ പ്രസിദ്ധീകരിച്ചത്.