'ബിസിനസ് തുടങ്ങണം, ഇപ്പോൾ അല്ലെങ്കിൽ പിന്നെയില്ല'

"എന്തെങ്കിലും കാര്യം ചെയ്യാനുറച്ചാൽ അത് ഉടൻ നടപ്പാക്കണം. ഇല്ലെങ്കിൽ പിന്നെ അതു നടക്കാതെ പോകും," തെക്കു കിഴക്കൻ ഏഷ്യയിലെ അറിയപ്പെടുന്ന ഫാഷൻ സ്റ്റാർട്ടപ്പ് ആയ സിലിംഗോയുടെ സിഇഒ അങ്കിതി ബോസിന്റെ പ്രമാണമാണിത്.

അഞ്ചു വർഷം മുൻപ് ബെംഗളൂരുവിലെ ഒരു ഈവനിംഗ് പാർട്ടിയിൽ കണ്ടുമുട്ടിയ ധ്രുവ് കപൂറുമായി സംസാരിച്ചപ്പോൾ തങ്ങൾ ഇരുവരും ഒരേ സ്വപ്‌നം മനസ്സിൽ കൊണ്ടു നടക്കുന്നവരാണെന്ന് മനസിലായി. സ്വന്തമായി എന്തെങ്കിലും തുടങ്ങണമെന്ന സ്വപ്നം. "ചെറുപ്പകാലം മുതലേ ബിസിനസ് തുടങ്ങണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്തെങ്കിലും ചെയ്യണമെങ്കിൽ ഇപ്പോൾ വേണം അല്ലെങ്കിൽ പിന്നെ നടക്കില്ല എന്നെനിക്ക് അറിയാമായിരുന്നു," അങ്കിതി ഒരു അഭിമുഖത്തിൽ പറഞ്ഞു.

2014-ൽ സെഖോയ ഇന്ത്യയിൽ അനലിസ്റ്റ് ആയി ജോലി നോക്കുന്ന സമയത്താണ് ധ്രുവുമൊത്ത് സിലിംഗോ ആരംഭിച്ചത്. രണ്ടുപേരും ജോലി രാജിവെച്ച് അതു വരെയുണ്ടായിരുന്ന സേവിങ്സ് ഇതിൽ നിക്ഷേപിച്ചു.

തെക്കുകിഴക്കൻ ഏഷ്യയിലെ ചെറുകിട വ്യാപാരികൾക്ക് വളരെയധികം പ്രാമുഖ്യം നൽകിയാണ് ഓൺലൈൻ ഫാഷൻ പ്ലാറ്റ് ഫോമായ സിലിംഗോ പ്രവർത്തിക്കുന്നത്.

ഈയിടെ നിക്ഷേപകരായ സെഖോയ ക്യാപിറ്റൽ, തെമാസെക് ഹോൾഡിങ്‌സ് എന്നിവരുടെ പക്കൽ നിന്നും 226 മില്യൺ ഡോളർ ഫണ്ടിംഗ് സിംഗപ്പൂർ ആസ്ഥാനമായ അങ്കിതിയുടെ കമ്പനി നേടി. 100 കോടി ഡോളറി (970 മില്യൺ ഡോളർ) നടുത്താണ് ഇപ്പോൾ കമ്പനിയുടെ മൂല്യം.

ഏഷ്യയിൽ 100 കോടി മൂല്യമുള്ള സ്റ്റാർട്ടപ്പ് നയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ സിഇഒയാണ് ഇപ്പോൾ അങ്കിതി. ലോകത്താകമാനം വിസി (venture capital) ഫണ്ടിംഗ് ഉള്ള 239 സ്റ്റാർട്ടപ്പുകളിൽ 23 വനിതാ സ്ഥാപകരാണ് ഉള്ളത്.

2017 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 1.3 മില്യൺ ഡോളർ വരുമാനമാണ് സിലിംഗോ നേടിയത്. 2018 മാർച്ച് ആയപ്പോഴേക്കും വരുമാനം 12 ശതമാനം വർധിച്ചു.

സിലിംഗോയെ മറ്റ് ഓൺലൈൻ സ്റ്റോറുകളിൽ നിന്ന് വ്യത്യസ്തമാക്കാൻ അങ്കിതിയ്ക്ക് സാധിച്ചു. ഇനിയുള്ള വെല്ലുവിളി കമ്പനിയുടെ 'ഹൈപ്പർ ഗ്രോത്ത്' കൈകാര്യം ചെയ്യുക എന്നതാണ്.

അങ്കിതിയുടെ സിലിംഗോ ഇന്നിംഗ്സ് വളരെ കണക്കുകൂട്ടിയുള്ള ഒന്നായിരുന്നു. സ്വന്തം ബിസിനസ് ആരംഭിക്കുന്നതിന് മുൻപ് മക്കിൻസി, സെഖോയ തുടങ്ങിയ സ്ഥാപനങ്ങളിൽ ജോലി നോക്കിയതിന്റെ ലക്ഷ്യം വേണ്ടത്ര വൈദഗ്ധ്യം നേടുകയെന്നതായിരുന്നു.

മറ്റ് കമ്പനികളിൽ ജോലി നോക്കുന്ന സമയത്ത് 18 മണിക്കൂറും വർക്ക് ചെയ്യാറുണ്ടെന്ന് അങ്കിതി പറയുന്നു. കൂടുതൽ കാര്യങ്ങൾ പഠിക്കാമല്ലോ എന്നായിരുന്നു ചിന്ത.

Related Articles
Next Story
Videos
Share it