'തലമുറകളായി പടുത്തുയര്‍ത്തിയത് വിശ്വാസം കൂടിയായിരുന്നു' ധനം ഡി-ഡേയിൽ സദസിനെ പിടിച്ചിരുത്തി പാനല്‍ ചര്‍ച്ച

തങ്ങള്‍ നിക്ഷേപിക്കുന്നത് സ്വന്തം മേഖലയില്‍ കഴിവ് തെളിയിച്ചിട്ടുള്ളതും, എന്നാല്‍ കൂടുതല്‍ പിന്തുണ ആവശ്യമുള്ളതുമായ സ്ഥാപനങ്ങളിലാണെന്ന് ഗ്രൂപ്പ് മീരാന്‍ വൈസ് ചെയര്‍മാന്‍ ഫിറോസ് മീരാന്‍
ധനം ബിസിനസ് സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ കൊച്ചിന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രസിഡന്റ് വിനോദിനി സുകുമാര്‍, മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് ഡെപ്യൂട്ടി എംഡി ജോര്‍ജ് എം ജോര്‍ജ്, ഇവിഎം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സാബു ജോണി, ഗ്രൂപ്പ് മീരാന്‍ വൈസ് ചെയര്‍മാന്‍ ഫിറോസ് മീരാന്‍ എന്നിവര്‍.
ധനം ബിസിനസ് സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ കൊച്ചിന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രസിഡന്റ് വിനോദിനി സുകുമാര്‍, മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് ഡെപ്യൂട്ടി എംഡി ജോര്‍ജ് എം ജോര്‍ജ്, ഇവിഎം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സാബു ജോണി, ഗ്രൂപ്പ് മീരാന്‍ വൈസ് ചെയര്‍മാന്‍ ഫിറോസ് മീരാന്‍ എന്നിവര്‍.
Published on

ബിസിനസ് ലോകത്ത് വലിയ സ്വപ്‌നങ്ങള്‍ കാണുന്നവരെല്ലാം ഒരു കുടക്കീഴിൽ എത്തിയ പതിനെട്ടാമത് ധനം ബിസിനസ് സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റില്‍ സദസിനെ ആവേശത്തിലാഴ്ത്തി പാനല്‍ ചര്‍ച്ച. കൊച്ചിന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രസിഡന്റ് വിനോദിനി സുകുമാര്‍ നേതൃത്വം കൊടുത്ത ചര്‍ച്ചയില്‍ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് ഡെപ്യൂട്ടി എംഡി ജോര്‍ജ് എം ജോര്‍ജ്, ഇവിഎം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സാബു ജോണി, ഗ്രൂപ്പ് മീരാന്‍ വൈസ് ചെയര്‍മാന്‍ ഫിറോസ് മീരാന്‍ എന്നിവരാണ് പങ്കെടുത്തത്.

മൂല്യങ്ങളിലൂന്നിയ ബിസിനസ് വളര്‍ച്ചയാണ് മുത്തൂറ്റ് ഗ്രൂപ്പ് എന്നും കാത്തുസൂക്ഷിച്ചതെന്ന് മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് ഡെപ്യൂട്ടി എംഡി ജോര്‍ജ് എം ജോര്‍ജ് വ്യക്തമാക്കി. തുടക്കകാലത്ത് പല ഉപഭോക്താക്കള്‍ക്കും സമയത്തിന് അവരുടെ വായ്പ തിരിച്ചടയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നിരുന്നാലും, അവര്‍ക്ക് തിരിച്ചടയ്ക്കാന്‍ കൂടുതല്‍ സമയം ഞങ്ങള്‍ അനുവദിച്ചു. കാരണം അവര്‍ ഞങ്ങള്‍ക്ക് നല്‍കിയിരുന്നത് സ്വര്‍ണം മാത്രമല്ല, തലമുറകളായി പടുത്തുയര്‍ത്തിയ വിശ്വാസവുമായിരുന്നു.

ഒരു ഘട്ടത്തില്‍, ബിസിനസ് എങ്ങനെ വളര്‍ത്തണം, അടുത്ത ഘട്ടത്തിലേക്ക് എങ്ങനെ കൊണ്ടുപോകണം എന്നത് ചിന്തിക്കേണ്ടിവരും. വളര്‍ച്ചയില്ലാത്ത പാരമ്പര്യം വെറും ഓര്‍മ്മകളായി മാറും. എന്നാല്‍ മൂല്യങ്ങളില്ലാത്ത വളര്‍ച്ചയും നിലനില്‍ക്കില്ല. അതുകൊണ്ട് ഈ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുമ്പോള്‍ മൂല്യങ്ങള്‍ സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

ആരെങ്കിലും സുരക്ഷിതമായി സൂക്ഷിക്കാന്‍ എന്തെങ്കിലും നിങ്ങളെ ഏല്‍പ്പിക്കുമ്പോള്‍ അതിനൊപ്പം ലഭിക്കുന്ന ഉത്തരവാദിത്തവും വിശ്വാസവുമാണ് പ്രധാന പാഠമെന്നാണ് തങ്ങൾ കരുതുന്നതെന്നും ജോര്‍ജ് എം ജോര്‍ജ് പറഞ്ഞു.

ഇവിയാണ് ഭാവി

ഇലക്ട്രിക് വാഹനങ്ങളാണ് ഭാവി. ഡല്‍ഹി ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങള്‍ ഇതിനായി ശക്തമായ നയങ്ങള്‍ സ്വീകരിച്ചുകഴിഞ്ഞു. പെട്രോളും ഡീസലും ഉടന്‍ അപ്രത്യക്ഷമാകില്ല. പ്രത്യേകിച്ച് വാണിജ്യ വാഹനങ്ങളിലും ഹൈഎന്‍ഡ് വാഹനങ്ങളിലും അവ തുടരും. പക്ഷേ നിയമപരമായ മാറ്റങ്ങളും പരിസ്ഥിതി നയങ്ങളും കാരണം അവയുടെ വളര്‍ച്ച മന്ദഗതിയിലാകുമെന്ന് ചോദ്യത്തിന് ഉത്തരമായി ഇവിഎം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സാബു ജോണി വ്യക്തമാക്കി.

അതേസമയം ഹൈഡ്രജന്‍ പോലുള്ള പുതിയ സാങ്കേതികവിദ്യകളും പുനരുപയോഗ ഊര്‍ജവും വരുന്നു. ഈ മാറ്റങ്ങളെല്ലാം വളരെ വേഗത്തിലാണ് സംഭവിക്കുന്നത്. 2030ഓടെ സെല്‍ഫ് ഡ്രൈവിംഗ് വാഹനങ്ങള്‍ ഇന്ത്യയില്‍ സാധാരണമായേക്കുമെന്നും സാബു ജോണി കൂട്ടിച്ചേര്‍ത്തു.

ഏതൊരു കാര്യവും മികച്ച രീതിയില്‍ ചെയ്യണമെങ്കില്‍ അതിന് സമയം നല്‍കണം. അതിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കണം. തങ്ങള്‍ നിക്ഷേപിക്കുന്നത് സ്വന്തം മേഖലയില്‍ കഴിവ് തെളിയിച്ചിട്ടുള്ളതും, എന്നാല്‍ കൂടുതല്‍ പിന്തുണ ആവശ്യമുള്ളതുമായ സ്ഥാപനങ്ങളിലാണെന്ന് ഗ്രൂപ്പ് മീരാന്‍ വൈസ് ചെയര്‍മാന്‍ ഫിറോസ് മീരാന്‍ വ്യക്തമാക്കി. തങ്ങളുടെ അനുഭവവും പിന്തുണയും ഉപയോഗിച്ച് അവരെ വളരാന്‍ സഹായിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സദസിന്റെ ചോദ്യങ്ങള്‍ക്കും മൂവരും മറുപടി നല്കി.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com