ധനം ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ഫെഡറല്‍ ബാങ്ക് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ശ്യാം ശ്രീനിവാസൻ ഏറ്റുവാങ്ങി

ധനം ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ഫെഡറല്‍ ബാങ്ക് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ശ്യാം ശ്രീനിവാസന് കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററിൽ നടന്ന ധനം ബിസിനസ് സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റില്‍ ടാറ്റ സ്റ്റീൽ സി.ഇ.ഒയും മാനേജിംഗ് ഡയറക്ടറുമായ ടി.വി നരേന്ദ്രന്‍ സമ്മാനിച്ചു. Apeejay Stya & Svran Group സഹ പ്രമോട്ടറും എ.ഐ വിദഗ്ധനുമായ ആദിത്യ ബെര്‍ലിയ,വി ഗാർഡ് ഗ്രൂപ്പ്‌ ചെയർമാൻ എമിരറ്റസ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, സാമ്പത്തിക വിദഗ്ധന്‍ വേണുഗോപാല്‍ സി. ഗോവിന്ദ്, മുതിർന്ന മാധ്യമപ്രവർത്തകൻ എം കെ ദാസ്, ധനം പബ്ലിക്കേഷന്‍സ് ചീഫ് എഡിറ്ററും മാനേജിംഗ് ഡയറക്ടറുമായ കുര്യന്‍ ഏബ്രഹാം, ധനം ബിസിനസ്‌ മീഡിയ എക്സിക്യൂട്ടീവ് എഡിറ്ററും ഡയറക്ടറുമായ മരിയ എബ്രഹാം എന്നിവരും ചടങ്ങില്‍ സന്നിഹിതരായി.

2010ല്‍ ശ്യാം ശ്രീനിവാസന്‍ മാനേജിംഗ് ഡയറക്റ്ററും സി.ഇ.ഒയുമായി സ്ഥാനമേറ്റെടുക്കുമ്പോള്‍ ഫെഡറല്‍ ബാങ്ക് ഒരു പ്രാദേശിക സ്വകാര്യബാങ്കായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ചടുലമായ നേതൃത്വത്തില്‍ ബാങ്ക് ഇന്ന് ഒരു ദേശീയ ബ്രാന്‍ഡായി വളര്‍ന്നുകഴിഞ്ഞു. ഫെഡറല്‍ ബാങ്കിന്റെ വിജയനായകന്‍ ഇന്ന് മറ്റൊരു ലക്ഷ്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിലാണ്. ഇന്ത്യയിലെ ഏറ്റവും ആദരണീയമായ ബാങ്ക് ആക്കി ഫെഡറല്‍ ബാങ്കിനെ വളര്‍ത്തുകയെന്നതാണ് അദ്ദേഹത്തിന്റെ ആത്യന്തികമായ ലക്ഷ്യം. ഗുണമേന്മയും സ്ഥിരതയുള്ള മികച്ച റിസല്‍ട്ടുകളും കൊടുത്തുകൊണ്ടും ഇടപാടുകളുടെ പ്രതീക്ഷകളെ മറികടന്നുകൊണ്ടും ഓഹരിയുടമകള്‍ക്ക് മികച്ച നേട്ടം നല്‍കിക്കൊണ്ടും ശ്യാം ശ്രീനിവാസന്റെ നേതൃത്വത്തില്‍ അതിലേക്കുള്ള പ്രയാണത്തിലാണ് ബാങ്ക്.

ശ്യാം ശ്രീനിവാസന്റെ നേതൃത്വത്തില്‍ ബാങ്ക് ചില നിര്‍ണ്ണായകമായ നാഴികക്കല്ലുകള്‍ പിന്നിടുകയുണ്ടായി. 500 കോടി രൂപ വാര്‍ഷികലാഭം നേടിയിരുന്ന സ്ഥാനത്ത് ബാങ്കിന്റെ പാദലാഭം ഇപ്പോൾ 1000 കോടി രൂപയിലെത്തി നിൽക്കുന്നു. അഞ്ചിരട്ടിയാണ് വര്‍ധന. ബാങ്കിന്റെ ബിസിനസ് നാല് ലക്ഷം കോടി മറികടന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിലേറെയായി മധ്യനിര സ്വകാര്യബാങ്ക് വിഭാഗത്തില്‍ ഏറ്റവും മികച്ച വരുമാനമാണ് ശ്യാം ശ്രീനിവാസന്റെ നേതൃത്വത്തില്‍ ഫെഡറല്‍ ബാങ്ക് ഓഹരിയുടമകള്‍ക്ക് കൊടുക്കുന്നത്. എല്ലാ പ്രൈവറ്റ് ബാങ്കുകളെയും വിലയിരുത്തുമ്പോള്‍ രണ്ടാമത്തെ ഏറ്റവും കൂടിയ വരുമാനം കൂടിയാണിത്. ഈ നേട്ടങ്ങളാണ് ഫെഡറല്‍ ബാങ്കിന്റെ വിജയക്കുതിപ്പിന് വഴിയൊരുക്കിയത്.

നിക്ഷേപകരോടുള്ള കരുതല്‍ പോലെ തന്നെ പ്രകൃതിയെയും സമൂഹത്തെയും ചേര്‍ത്തുപിടിക്കാനും ശ്യാം ശ്രീനിവാസന്‍ മറക്കുന്നില്ല. ഫെഡറല്‍ ബാങ്കിന്റെ സസ്റ്റെയ്നബിള്‍ ആയ പ്രവര്‍ത്തനങ്ങളും ഉത്തരവാദിത്ത പൂര്‍ണ്ണമായ ബാങ്കിംഗ് പ്രാക്ടീസുകളും തിരിച്ചറിഞ്ഞ് വേള്‍ഡ് ബാങ്കിന്റെ ഇന്‍വെസ്റ്റ്മെന്റ് വിഭാഗമായ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷന്റെ ഗ്രീന്‍ ഇക്വിറ്റി ഇന്‍വെസ്റ്റ്മെന്റ് ഫെഡറല്‍ ബാങ്കിന് ലഭിക്കുകയുണ്ടായി.

എല്ലാ നേട്ടങ്ങള്‍ക്കും മുന്നില്‍ വിനയാന്വിതനാകുന്ന അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരോടുള്ള സമര്‍പ്പണമനോഭാവം പ്രശംസനീയമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി എല്ലാ ഞായറാഴ്ചകളിലും മുടക്കം കൂടാതെ തന്റെ ബ്ലോഗിലൂടെ അദ്ദേഹം തന്റെ സഹപ്രവര്‍ത്തകര്‍ക്ക് വേണ്ടി എഴുതുന്നു.

'Digital at the fore, Human at the core,'' എന്നതാണ് അദ്ദേഹത്തിന്റെ മന്ത്രം. ബാങ്കിനെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളിലേക്ക് കൈപിടിച്ച് നടത്തുമ്പോഴും എല്ലാറ്റിന്റെയും കേന്ദ്രം മനുഷ്യകേന്ദ്രീകൃതമായ മൂല്യങ്ങളായിരിക്കണമെന്ന് അദ്ദേഹം ഉറച്ചുവിശ്വസിക്കുന്നു.


Related Articles

Next Story

Videos

Share it