

മാറുന്ന കാലത്ത് ആശുപത്രികളുടെ വളര്‍ച്ച എന്നത് കെട്ടിടങ്ങള്‍ ഉയര്‍ത്തുന്നതിലോ ബെഡുകള്‍ വര്‍ധിപ്പിക്കുന്നതിലോ മാത്രമല്ല, രോഗിക്ക് ലഭിക്കുന്ന ചികിത്സാ മൂല്യത്തിലും സ്ഥാപനത്തിന്റെ സുസ്ഥിരതയിലുമാണെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍. ധനം ഹെല്‍ത്ത്കെയര്‍ സമ്മിറ്റിനോടനുബന്ധിച്ച് നടന്ന 'CEOs Perspective: Key Challenges in Hospital Administration Today' എന്ന പാനല്‍ ചര്‍ച്ചയിലാണ് ആശുപത്രി ഭരണരംഗത്തെ പുതിയ വെല്ലുവിളികളും അവസരങ്ങളും ചര്‍ച്ചയായത്.
രാജഗിരി ഹോസ്പിറ്റല്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. സണ്ണി പി. ഓരത്തേല്‍ മോഡറേറ്ററായ ചര്‍ച്ചയില്‍, കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാദര്‍ ഡോ. ബിനു കുന്നത്ത്, ശ്രീ സുധീന്ദ്ര മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജുനൈദ് റഹ്‌മാന്‍, എസ്.പി മെഡിഫോര്‍ട്ട് ഹോസ്പിറ്റല്‍ സി.ഒ.ഒ ഡോ. രശ്മി നായര്‍ എന്നിവര്‍ പങ്കെടുത്തു.
ആശുപത്രി വിപുലീകരണം എന്നാല്‍ അത്യാധുനിക സാങ്കേതികവിദ്യ വാങ്ങിക്കൂട്ടലോ സ്‌പെഷ്യാലിറ്റി സെന്ററുകള്‍ നിര്‍മ്മിക്കലോ മാത്രമാണെന്ന പഴയ ധാരണ തിരുത്തപ്പെടണമെന്ന് പാനല്‍ ചൂണ്ടിക്കാട്ടി. നഴ്‌സിംഗ് ജീവനക്കാരുടെ ലഭ്യത, ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പോലുള്ള നിയമപരമായ സമ്മര്‍ദ്ദങ്ങള്‍, രോഗികളുടെ വര്‍ധിച്ചുവരുന്ന പ്രതീക്ഷകള്‍ എന്നിവയെല്ലാം ഇന്ന് മാനേജ്മെന്റുകള്‍ക്ക് വലിയ വെല്ലുവിളിയാണ്.
'സാമ്പത്തിക ഭദ്രതയില്ലാതെ ഗുണനിലവാരം നിലനില്‍ക്കില്ല; ഗുണനിലവാരമില്ലാതെ രോഗികളുടെ വിശ്വാസം നേടിയെടുക്കാനും കഴിയില്ല,' പാനല്‍ അംഗങ്ങള്‍ ഒരേ സ്വരത്തില്‍ വ്യക്തമാക്കി. ലാഭക്ഷമതയും സേവന ഗുണനിലവാരവും ഒരേപോലെ കൊണ്ടുപോകുമ്പോള്‍ മാത്രമേ ഒരു ആരോഗ്യസ്ഥാപനത്തിന് സുസ്ഥിരമായ വളര്‍ച്ച കൈവരിക്കാനാകൂ. കേവലം ലാഭം മാത്രം ലക്ഷ്യമിടാതെ, ഉത്തരവാദിത്തത്തോടെയുള്ള വളര്‍ച്ചയാണ് (Responsible Growth) ഇന്നത്തെ കാലഘട്ടം ആവശ്യപ്പെടുന്നത്.
ലഭ്യമായ വിഭവങ്ങളെ (Resources) പരമാവധി പ്രയോജനപ്പെടുത്തുകയും ചെലവ് (Cost) കുറയ്ക്കുകയും ചെയ്യുന്നതിലാണ് ആശുപത്രികളുടെ വിജയം. മികച്ച വൈദഗ്ധ്യവും ഒപ്പം രോഗികളോട് കൃത്യമായി ആശയവിനിമയം നടത്താന്‍ കഴിവുമുള്ള ജീവനക്കാരെ കണ്ടെത്തുന്നത് വലിയ വെല്ലുവിളിയായി തുടരുന്നു.
പ്രശസ്തരായ ഡോക്ടര്‍മാരെ (Star Doctors) മാത്രം ആശ്രയിക്കാതെ, സിസ്റ്റം അധിഷ്ഠിതമായ പ്രവര്‍ത്തനശൈലിയിലൂടെ രോഗികള്‍ക്ക് മിതമായ നിരക്കില്‍ മികച്ച ചികിത്സ ഉറപ്പാക്കുന്ന മാതൃകകള്‍ പ്രോത്സാഹിപ്പിക്കപ്പെടണം.
സാങ്കേതികവിദ്യ എത്ര വളര്‍ന്നാലും രോഗീ പരിചരണമെന്ന അടിസ്ഥാന ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കാതെ, ക്ലിനിക്കല്‍ ആവശ്യങ്ങള്‍ക്കും സാമ്പത്തിക സുസ്ഥിരതയ്ക്കും ഇടയില്‍ കൃത്യമായ ബാലന്‍സ് കണ്ടെത്തുകയാണ് ആശുപത്രി സാരഥികള്‍ ചെയ്യേണ്ടതെന്നും പാനല്‍ ചൂണ്ടിക്കാട്ടി.
Read DhanamOnline in English
Subscribe to Dhanam Magazine