അഞ്ചുദിവസത്തെ ജോലി അരമണിക്കൂറില്‍ തീര്‍ക്കാം; സംരംഭകര്‍ക്ക് ഉപദേശവുമായി എ.ഐ വിദഗ്ധന്‍ ആദിത്യ ബെര്‍ലിയ

നിര്‍മിത ബുദ്ധി (Artificial Intelligence/AI) ടൂളുകളായ ചാറ്റ് ജിപിടി, ഗൂഗിള്‍ ജെമിനി, മെറ്റ എഐ തുടങ്ങിയവയുടെ വരവോടെ സാധാരണക്കാര്‍ പോലും ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിന്റെ ഉപയോഗത്തില്‍ വ്യാപൃതരായിരിക്കുകയാണ്. ഈ അവസരത്തിലാണ് ധനം ബിസിനസ് സമിറ്റില്‍ എ.ഐയുടെ ബിസിനസ് മേഖലകളിലെ വ്യത്യസ്ത പ്രയോഗ സാധ്യതകളെക്കുറിച്ച് വിശദമായ അവതരണം എപിജെ സത്യ യൂണിവേഴ്‌സിറ്റി പ്രൊ വൈസ് ചാന്‍സലര്‍ ആദിത്യ ബെര്‍ലിയ നടത്തിയത്.

ബിസിനസ് മേഖലയില്‍ പവര്‍ പോയിന്റ് പ്രസന്റേഷന്‍ നടത്താനുളള സഹായത്തിനൊപ്പം എച്ച്ആര്‍ മേഖലയിലും കസ്റ്റമര്‍ കെയര്‍ രംഗത്തും അക്കൗണ്ടിംഗ് രംഗത്തും അടക്കം എ.ഐക്ക് വിപുലമായ സാധ്യതകളാണ് ഉള്ളതെന്ന് ആദിത്യ ബെര്‍ലിയ പറയുന്നു. മുന്‍കാലങ്ങളില്‍ മൂന്നു മുതല്‍ അഞ്ചു ദിവസം വരെ എടുത്തിരുന്ന ജോലികള്‍ എ.ഐ ടൂളുകളുടെ സഹായത്തോടെ അരമണിക്കൂറിനുള്ളില്‍ ചെയ്യാന്‍ സാധിക്കും എന്നതാണ് ഈ സാങ്കേതിക വിദ്യ ബിസിനസ് മേഖലയില്‍ കൊണ്ടുവരുന്ന വിപ്ലവകരമായ മാറ്റങ്ങള്‍.
എ.ഐ ടൂളുകളില്‍ നമ്മള്‍ ചോദിക്കുന്ന ചോദ്യത്തിന്റെ വ്യക്തത അനുസരിച്ചായിരിക്കും നമുക്ക് ഈ ടൂളുകളില്‍ നിന്ന് ലഭിക്കുന്ന ഉത്തരത്തിന്റെ കൃത്യത. കുറഞ്ഞത് 450 അക്ഷരങ്ങളില്‍ എങ്കിലും നമ്മള്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ ശ്രമിക്കണം. എങ്കില്‍ മാത്രമാണ് നമുക്ക് ആവശ്യമായ ഉത്തരങ്ങള്‍ വിശദമായി എ.ഐക്ക് പറഞ്ഞുതരാന്‍ സാധിക്കുക. നിങ്ങള്‍ തെറ്റായ ഡാറ്റകളാണ് എ.ഐ ടൂളുകളില്‍ നല്‍കുന്നത് എങ്കില്‍ നിങ്ങള്‍ക്ക് കിട്ടുന്ന ഉത്തരവും തെറ്റാകാനുള്ള സാധ്യതയാണ് ഉള്ളത്.
വൈദ്യശാസ്ത്രരംഗത്ത് കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ വേഗത്തില്‍ കണ്ടെത്തുന്നതിന് ഏറെ സഹായകമാണ് എ.ഐ, മെഡിക്കല്‍ ഫീല്‍ഡില്‍ പേപ്പര്‍ ജോലികള്‍ ഗണ്യമായി കുറയ്ക്കാനും എ.ഐ ക്ക് സാധിക്കും. എ.ഐ ടൂളുകളില്‍ വൈദഗ്ധ്യം നേടാനുള്ള ഏക പോംവഴി അത് കൂടുതലായി ഉപയോഗിക്കുക എന്നതാണ്. എത്രമാത്രം കൂടുതലായി നമ്മള്‍ ഇത് ഉപയോഗിക്കുന്നുവോ അത്രമാത്രം നമ്മള്‍ എ.ഐ ടൂളുകളില്‍ വിദഗ്ധരാവാനുള്ള സാധ്യതകളും കൂടുതലാണെന്നും ആദിത്യ പറയുന്നു.
. ഇന്ത്യന്‍ ഭാഷകളിലേക്കും മാസങ്ങള്‍ക്കകം എ.ഐ ബോട്ടുകള്‍ പൂര്‍ണതോതില്‍ കടന്നെത്തും. നമ്മുടെ ഭാഷ മനസിലാക്കി അതേ ഭാഷയില്‍ പ്രതികരിച്ചു തുടങ്ങുകയും പ്രശ്‌നങ്ങള്‍ക്ക് മറുപടി നിര്‍ദേശിക്കുകയും ചെയ്യും. വൈകാരികമായല്ല, ലഭ്യമായ വിവരങ്ങള്‍ മുന്‍നിര്‍ത്തിയുള അനുമാനമാണ് Al യെ ഭരിക്കുന്നത്. സ്വന്തം കഴിവുകളെക്കുറിച്ച് നാം നല്‍കുന്ന ഡാറ്റക്ക് അനുസൃതമായി നമ്മുടെ വ്യക്തിത്വത്തെക്കുറിച്ചു വരെ വിശദമായി എ.ഐ സംവിധാനം സംസാരിക്കും.
എ.ഐ ഉപയോഗത്തില്‍ വ്യക്തികളുടെ ഡാറ്റ സ്വകാര്യതക്കും സംരക്ഷണത്തിനും എത്രത്തോളം കഴിയുമെന്ന സംശയത്തില്‍ കഴമ്പില്ല. ഇവിടെ മാത്രമല്ല, പലയിടത്തും നിത്യേനയെന്നോണം നമ്മള്‍ ഡാറ്റ നല്‍കുന്നുണ്ട്. ഇത്തരം ഡാറ്റ ഐ.എ യഥാര്‍ഥത്തില്‍ കാര്യമാക്കുന്നില്ല. പ്രൈവസി റിക്വസ്റ്റ് നല്‍കാന്‍ അതിനുള്ളില്‍ സംവിധാനവുമുണ്ടെന്ന് ആദിത്യ ബെര്‍ലിയ വിശദീകരിച്ചു.

Related Articles

Next Story

Videos

Share it