

വ്യവസായ രംഗത്തെ പുതിയ സാങ്കേതിക വിദ്യകളും നിക്ഷേപ സാധ്യതകളും പരിചയപ്പെടുത്തുകയെന്ന ലക്ഷ്യവുമായി ലഘു ഉദ്യോഗ് ഭാരതിയുടെ നേതൃത്വത്തില്‍ പാലക്കാട്ട് പ്രദര്‍ശനമൊരുങ്ങുന്നു. ലൂബെക്‌സ് എക്‌സ്‌പോ 2025 എന്ന പേരിലുള്ള അഖിലേന്ത്യാ പ്രദര്‍ശനം മെയ് എട്ട് മുതല്‍ 11 വരെ ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കും. മെട്രോമാന്‍ ഇ. ശ്രീധരന്‍ ചെയര്‍മാനായുള്ള കമ്മിറ്റി ഇതിനു വേണ്ടിയുള്ള ശ്രമത്തിലാണ്.
ബംഗളൂരു-ചെന്നൈ വ്യവസായ ഇടനാഴി കേരളത്തിലേക്ക് നീട്ടാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം കേരളത്തിന്, പ്രത്യേകിച്ച് പാലക്കാട്ടിന് മുന്നില്‍ വലിയ അവസരങ്ങളാണ് ഒരുക്കുന്നത്. സംസ്ഥാനത്തിന്റെ വ്യാവസായിക ഭൂപടത്തില്‍ വലിയ സ്ഥാനമുള്ള പാലക്കാടിന്റെ സാധ്യത പതിന്മടങ്ങ് വര്‍ധിപ്പിക്കുന്നതാകും ഈ തീരുമാനം. ഇതിന്റെ ഭാഗമായി 1700ലേറെ ഏക്കര്‍ ഭൂമി വ്യവസായങ്ങള്‍ക്കായി മാറ്റിവെയ്ക്കപ്പെടുന്നുണ്ട്. അതുവഴി ഉയര്‍ന്നുവരുന്ന വ്യവസായ സാധ്യതകളെ കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നതും പ്രദര്‍ശനത്തിന്റെ ലക്ഷ്യമാണെന്നും ഭാരവാഹികള്‍ പറയുന്നു.
കേന്ദ്ര എംഎസ്എംഇ മന്ത്രാലയ ത്തിന്റെ അംഗീകാരത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്ന, ഉദ്യം രജിസ്‌ട്രേഷനുള്ള എംഎസ്എംഇ യൂണിറ്റുകള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ചെലവിന്റെ 80 ശതമാനം വരെ സബ്‌സിഡിയും അനുവദിക്കും.
നാല് ദിവസങ്ങളിലായി രാവിലെ 10 മുതല്‍ രാത്രി ഒമ്പത് വരെയായിരിക്കും പ്രദര്‍ശനം. വ്യവസായ സംബന്ധമായ സെമിനാറുകളും ഇതിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്. ഉദ്ഘാടന-സമാപന ചടങ്ങുകളിലായി മൂന്ന് കേന്ദ്ര മന്ത്രിമാരും പങ്കെടുക്കും. പ്രദര്‍ശനത്തിന്റെ ലോഗോ പ്രകാശനം ചെയ്തത് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയാണ്. എക്‌സ്‌പോയില്‍ ഒരു ലക്ഷത്തോളം പേര്‍ സന്ദര്‍ശകരായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാര്‍ഷികാധിഷ്ഠിത വ്യവസായങ്ങള്‍, മെഷിനറി നിര്‍മാതാക്കള്‍, റബ്ബര്‍, കയര്‍, ഊര്‍ജം, ഐടി, ആഭരണ നിര്‍മാണം, ഫര്‍ണിച്ചര്‍, പാക്കേജിംഗ്, ഫുഡ് തുടങ്ങി 30ലേറെ മേഖലകളില്‍ നിന്നുള്ളവര്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കും.
നെറ്റ്‌വര്‍ക്കിംഗ് അവസരത്തിനൊപ്പം തങ്ങളുടെ ബ്രാന്‍ഡ് പ്രദര്‍ശിപ്പിക്കാനും ബിസിനസ് വളര്‍ച്ച നേടാനും പുതിയ കാര്യങ്ങള്‍ പഠിക്കാനും വിപണിയെ കുറിച്ച് മനസിലാക്കാനും ഫണ്ടിംഗ് സാധ്യതകളെയും സര്‍ക്കാര്‍ തല പിന്തുണകളെയും കുറിച്ച് അറിയാനുമെല്ലാം പ്രദര്‍ശനം അവസരമൊരുക്കുന്നുണ്ട്.
വിവരങ്ങള്‍ക്ക്: ഇ-മെയ്ല്‍:
വെബ്‌സൈറ്റ്: www.lubiexpo.com.
ഫോണ്‍: +91 94474 31972
(ധനം മാഗസിന്‍ 2025 ഏപ്രില്‍ 30 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്.)
Read DhanamOnline in English
Subscribe to Dhanam Magazine