എല്ലാം മനസിലാക്കിയെന്ന എന്റെ മിഥ്യാധാരണ മാറി: കല്യാണ്‍ സില്‍ക്‌സിന്റെ പട്ടാഭിരാമന്‍

വര്‍ഷങ്ങളായി റീറ്റെയ്ല്‍ രംഗത്തുള്ള എനിക്ക് ഈ മേഖലയെ കുറിച്ച് എല്ലാം അറിയാമെന്നായിരുന്നു ധാരണ. പക്ഷേ ധനം റീറ്റെയ്ല്‍, ഫ്രാഞ്ചൈസ് സമിറ്റിലെ ഇന്‍ഫ്‌ളുവന്‍സേഴ്‌സിനെ അണി നിരത്തിയുള്ള പാനല്‍ ചര്‍ച്ച കണ്ടപ്പോള്‍ ആ മിഥ്യാധാരണ മാറി. കാരണം എനിക്ക് അവരെ ആരെയും തന്നെ അറിയില്ല, എന്നാല്‍ അവര്‍ പറഞ്ഞ കാര്യങ്ങള്‍ എനിക്ക് ഒരു പുതിയ അറിവായിരുന്നുവെന്ന് കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ് പട്ടാഭിരാമന്‍. ധനം റീറ്റെയ്‌ലര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ഏറ്റു വാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇങ്ങനെയൊരു വേദിയിലേക്ക് ക്ഷണിച്ചതില്‍ 'ധനത്തിനോട്' നന്ദി പറയുന്നു. അടുത്ത മാര്‍ച്ചിനുള്ളില്‍ കേരളത്തില്‍ കല്യാണ്‍ ഗ്രൂപ്പില്‍ നിന്നുള്ള ഫാസ്റ്റ് ഫാഷന്‍ ബ്രാന്‍ഡായ ഫാസിയോയുടെ 10 ഷോറൂമുകള്‍ തുറക്കുമെന്ന് അദ്ദേഹം പറഞ്ഞു.

''രണ്ട് വര്‍ഷത്തെ ഹോം വര്‍ക്കിനു ശേഷമാണ് ഫാസിയോ തുടങ്ങിയത്. ഗുണമേന്മയ്ക്കാണ് മുന്‍തൂക്കം കൊടുക്കുന്നത്. ഫാസിയോ ശ്രേണിയിലേക്കുള്ള വസ്ത്രങ്ങളുടെ നിര്‍മാണം കേരളത്തില്‍ തുടങ്ങാനാണ് പദ്ധതി. കല്യാണിനെ കല്യാണാക്കിയത് കേരളമാണ്. കിട്ടാവുന്ന അവസരങ്ങളിലൊക്കെ കേരളത്തെ മോശം പറയാനാണ് പലരും ശ്രമിക്കുന്നത്. അതിന് മാറ്റം വരുത്തണമെന്നാണ് ആഗ്രഹം. 7,000 മലയാളി ജീവനക്കാരാണ് കല്യാണിനൊപ്പമുള്ളത്. അവരാണ് എന്റെ സമ്പത്ത്''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ധനം റീറ്റെയ്ല്‍ സ്റ്റാര്‍ട്ടപ്പ് ഓഫ് ദി ഇയര്‍
ധനം റീറ്റെയ്ല്‍ സ്റ്റാര്‍ട്ടപ്പ് ഓഫ് ദി ഇയര്‍ ബിയോണ്ട് സ്‌നാക്കിനുവേണ്ടി സ്ഥാപകന്‍ മാനസ് മധുവിന് സമ്മാനിച്ചു.
''2019ല്‍ ധനം സമ്മിറ്റില്‍ എന്റെ സ്ഥാനം സദസിലായിരുന്നു. അന്ന് വിചാരിച്ചില്ല വേദിയിലിങ്ങനെ നില്‍ക്കാന്‍ സാധിക്കുമെന്ന്. എന്റെ വീട്ടില്‍ ധനത്തിന്റെ സര്‍ക്കുലേഷന്‍ പാക്കേജിനൊപ്പം ലഭിക്കുന്ന പുസ്തകങ്ങള്‍ ഒട്ടെറെയുണ്ട്. വര്‍ഷങ്ങളായി ധനത്തിന്റെ വായനക്കാരനാണ്. ആദ്യം വായിക്കുന്നത് അവസാന പേജായ ഉള്ളിലിരിപ്പും. ഇന്ന് ഈ വേദിയില്‍ പുരസ്‌കാരം ഏറ്റുവാങ്ങുമ്പോള്‍ ഏറെ അഭിമാനമുണ്ട്''- അവാര്‍ഡ് ഏറ്റു വാങ്ങിക്കൊണ്ട് മാനസ് മധു പറഞ്ഞു.
ധനം ബിസിനസ് മീഡിയയുടെ ആഭിമുഖ്യത്തിലുള്ള അഞ്ചാമത് റീറ്റെയ്ല്‍, ഫ്രാഞ്ചൈസ് സമിറ്റ് ആന്‍ഡ്‌ അവാര്‍ഡ് നൈറ്റാണ് കൊച്ചി ലെ മെറിഡിയനില്‍ നടന്നത്. റീറ്റെയ്ല്‍ ഫ്രാഞ്ചൈസ് രംഗത്തെ ഇരുപതിലേറെ വിദഗ്ധര്‍ പ്രഭാഷകരായെത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 500ഓളം പേര്‍ സമിറ്റില്‍ സംബന്ധിച്ചു.
Related Articles
Next Story
Videos
Share it