മീന്‍ വിഭവങ്ങള്‍ മുതല്‍ ഡ്രോണ്‍ പ്രദര്‍ശനം വരെ; സിഎംഎഫ്ആര്‍ഐയുടെ മത്സ്യമേള ശനിയാഴ്ച തുടങ്ങും

മല്‍സ്യമേഖലയെ കുറിച്ച് കൂടുതല്‍ അറിയാന്‍ സഹായിക്കുന്ന മേളയില്‍ ജൈവ കാര്‍ഷിക ഉല്‍പ്പന്നങ്ങളും ലഭിക്കും
Millet and Fish items
Canva
Published on

വ്യത്യസ്തമായ മീന്‍ വിഭവങ്ങളുടെ രൂചിക്കൂട്ടുകളുമായി മൂന്നു ദിവസത്തെ മല്‍സ്യമേളക്ക് കൊച്ചി വേദിയാകുന്നു. സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (സിഎംഎഫ്ആര്‍ഐ) ശനിയാഴ്ച ആരംഭിക്കുന്ന മേളയില്‍ രുചികരമായ സമുദ്രവിഭവങ്ങള്‍, പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കുന്ന ജൈവ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, ഡ്രോണ്‍ പ്രദര്‍ശനം തുടങ്ങി വ്യത്യസ്തമായ പരിപാടികള്‍ നടക്കും. സാങ്കേതിക പ്രദര്‍ശനം, വില്‍പ്പന മേള, ഓപ്പണ്‍ ഹൗസ്, വര്‍ക്ക്‌ഷോപ്പുകള്‍, പരിശീലന സെഷനുകള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് പ്രദര്‍ശനം.

വൈവിധ്യമാര്‍ന്ന സ്റ്റാളുകള്‍

കല്ലുമ്മക്കായ (പച്ച കക്ക), മുത്തുച്ചിപ്പി, നീരാളി, വിവിധ മത്സ്യങ്ങള്‍ എന്നിവയുടെ വിഭവങ്ങള്‍ മേളയുടെ പ്രധാന ആകര്‍ഷണമാകും. വനിതാ സ്വയം സഹായ സംഘങ്ങള്‍, കുടുംബശ്രീ യൂണിറ്റുകള്‍, സമുദ്രവിഭവ സംരംഭകര്‍ എന്നിവരുടെ സ്റ്റാളുകള്‍ മേളയിലുണ്ടാകും. പരമ്പരാഗത ലക്ഷദ്വീപ് വിഭവങ്ങളും പ്രദര്‍ശിപ്പിക്കും. പോഷകമൂല്യ സമ്പന്നമായ ശുദ്ധീകരിച്ച കക്കകള്‍ ജീവനോടെ കഴിക്കാന്‍ അവസരമുണ്ടാകും. ജീവിതശൈലി രോഗങ്ങളുടെ നിര്‍ണയത്തിനുള്ള സൗജന്യ ആരോഗ്യ പരിശോധനകളും കൗണ്‍സിലിംഗും ഒരുക്കിയിട്ടുണ്ട്.

നാടന്‍ കാര്‍ഷിക വിഭവങ്ങളുടെ വേദി

കര്‍ഷകരെ നേരിട്ട് ഉപഭോക്താക്കളുമായി ബന്ധിപ്പിക്കുന്നതിന് പ്രത്യേക സൗകര്യമുണ്ടാകും. തിന, പോഷക ഉല്‍പ്പന്നങ്ങള്‍, പൊക്കാളി ഇനങ്ങള്‍, നാടന്‍ ശര്‍ക്കര, പരമ്പരാഗത മധുരപലഹാരങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, അച്ചാറുകള്‍, തേന്‍, സംസ്‌കരിച്ച മത്സ്യ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കുന്ന ഫാം ഫ്രഷ് ഇനങ്ങള്‍ മേളയില്‍ ലഭിക്കും. അലങ്കാര മത്സ്യങ്ങള്‍, പച്ചക്കറി തൈകള്‍, ഔഷധ സസ്യങ്ങള്‍, വിത്തുകള്‍, ജൈവ വളങ്ങള്‍ എന്നിവയും പ്രദര്‍ശിപ്പിക്കും.

ഡ്രോണുകളെ അടുത്തറിയാം

നെല്‍വയലുകളിലും പൈനാപ്പിള്‍ ഫാമുകളിലും ഡ്രോണുകളുടെ ഉപയോഗം മനസിലാക്കുന്നതിന് മേള ഉപകരിക്കും. വിവിധ ഗവേഷണ സ്ഥാപനങ്ങള്‍ വികസിപ്പിച്ചെടുത്ത മത്സ്യബന്ധന മേഖലയിലെ ഏറ്റവും പുതിയ കണ്ടെത്തലുകള്‍ സാങ്കേതിക പ്രദര്‍ശനത്തില്‍ ഉണ്ടാകും. സൂക്ഷ്മ സംരംഭകര്‍ക്ക് ലഭ്യമായ സര്‍ക്കാര്‍ പിന്തുണാ പദ്ധതികളെക്കുറിച്ചും പ്രത്യേക ബാങ്കിംഗ് സൗകര്യങ്ങളെക്കുറിച്ചും ബോധവല്‍ക്കരണം ക്ലാസുകളും ഒരുക്കിയിട്ടുണ്ട്.

സമുദ്രജീവികളുടെ പ്രദര്‍ശനം

ഓപ്പണ്‍ ഹൗസിന്റെ ഭാഗമായി, തിങ്കളാഴ്ച രാവിലെ 10 മുതല്‍ വൈകീട്ട് 3 വരെ സമുദ്രജീവികളുടെ അത്ഭുതങ്ങളെക്കുറിച്ചുള്ള ഒരു പ്രത്യേക പ്രദര്‍ശനം നടക്കും. സിഎംഎഫ്ആര്‍ഐയുടെ മ്യൂസിയം, മറൈന്‍ അക്വേറിയം, ആഴക്കടലിന്റെ കാഴ്ചയൊരുക്കുന്ന ലാബുകള്‍ എന്നിവ പ്രദര്‍ശനത്തിലുണ്ടാകും. വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്രജ്ഞരുമായി സംവദിക്കുന്നതിനും മേളയില്‍ അവസരമുണ്ടാകും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com