മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ എപ്പോള്‍ മാറ്റണം, അനുഭവങ്ങള്‍ പങ്കുവെച്ച് ബിസിനസ് പ്രമുഖര്‍

ബിസിനസ് സംരംഭങ്ങളെ വളര്‍ത്താന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളില്‍ എന്തെല്ലാം മാറ്റങ്ങള്‍ അനിവാര്യമാണ്? ഒട്ടേറെ സംരംഭകരെ കുഴക്കുന്ന ഈ ചോദ്യത്തിന് ഉത്തരവുമായി രംഗത്തുവരികയാണ് ബിസിനസ് രംഗത്തെ പ്രമുഖര്‍. കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ധനം ബിസിനസ് സമ്മിറ്റിലാണ് മാര്‍ക്കറ്റിംഗ്, ബ്രാന്‍ഡിംഗ് തുടങ്ങിയ മേഖലകളിലെ പുത്തന്‍ മാറ്റങ്ങളെക്കുറിച്ചും തിരിച്ചറിവുകളെ കുറിച്ചും അവര്‍ അനുഭവങ്ങള്‍ പങ്കുവെച്ചത്. ബ്രാന്‍ഡിംഗ് രീതികളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്ന് പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

പുതിയ മാര്‍ക്കറ്റിംഗ് ട്രെന്‍ഡുകള്‍, പരസ്യമാധ്യമങ്ങളുടെ തെരഞ്ഞെടുപ്പ്, ബ്രാന്‍ഡ് ബില്‍ഡിംഗിന് ബ്രാന്‍ഡ് അംബാസഡര്‍മാരുടെപങ്ക്, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സമാരുടെ പ്രാധാന്യം തുടങ്ങിയ കാര്യങ്ങളിലാണ് സജീവമായി ചര്‍ച്ച നടന്നത്.
സഞ്ജു സാംസനെ കൊണ്ടുവന്നത് ഗുണം ചെയ്തു- രാഹുല്‍ മാമ്മന്‍
ഹീല്‍ എന്റര്‍പ്രൈസസ് എന്ന കമ്പനിയെ ഉപഭോക്താക്കള്‍ക്കിടയില്‍ വളര്‍ത്തിയെടുക്കുന്നതിന് ക്രിക്കറ്റ് താരം സഞ്ജു സാംസനെ ബ്രാന്‍ഡ് അംബാസിഡറായി കൊണ്ടുവരാന്‍ എടുത്ത തീരുമാനം ഗുണം ചെയ്തു എന്ന് ഹീല്‍ എന്റര്‍പ്രൈസസ് സ്ഥാപകനും എം.ഡിയുമായ രാഹുല്‍ മാമ്മന്‍ പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെ സ്‌പോണ്‍സര്‍ ചെയ്തു കൊണ്ടാണ് ഞങ്ങള്‍ തുടങ്ങിയത്. തുടക്കം മുതല്‍ തന്നെ ആ സ്ട്രാറ്റജി വിജയം കണ്ടു. ബ്രാന്‍ഡിംഗിന് ഒപ്പം തന്നെ ഉത്പന്നത്തിന്റെ പ്രൈസിംഗും പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിസിനസ് സ്‌കൂളില്‍ പഠിക്കുന്ന കാര്യങ്ങള്‍ അല്ല, മറിച്ച് വിപണിയിലെ പ്രായോഗിക അറിവുകളാണ് പ്രധാനം. മാര്‍ക്കറ്റിംഗ് ശ്രമകരമായ ജോലിയാണ്. നിരന്തരം പഠിച്ചുകൊണ്ടിരിക്കേണ്ടതുണ്ട്. അദ്ദേഹം പറഞ്ഞു.
ബ്രാന്‍ഡിംഗിന് വേണ്ടി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരെ ഉപയോഗിക്കുന്നത് ചിലപ്പോള്‍ ഗുണം ചെയ്യും. ഓരോ കാറ്റഗറിക്കും ഇത് വ്യത്യസ്ത രീതിയിലാണ് ഫലം ചെയ്യുന്നത്. രാഹുല്‍ മാമ്മന്‍ പറഞ്ഞു.
കോമേഴ്‌സിന്റെ പ്രാധാന്യം കണ്ടെത്തിയത് വിജയ രഹസ്യം- ഓര്‍വല്‍ ലയണല്‍
മെഡിക്കല്‍, എന്‍ജിനീയറിംഗ് പഠനത്തിന് പിന്നാലെ പോയിരുന്ന മലയാളികളുടെ ശീലത്തെ കോമേഴ്‌സിലേക്ക് വഴി തിരിച്ചു വിട്ടതാണ് ലക്ഷ്യയുടെ വിജയമെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്‌സ് ലക്ഷ്യ മാനേജിംഗ് ഡയറക്റ്റര്‍ ഓര്‍വെല്‍ ലയണല്‍ അഭിപ്രായപ്പെട്ടു. പന്ത്രണ്ടാം ക്ലാസ് കഴിയുന്ന കുട്ടിയെ മെഡിസിന്‍ എന്‍ജിനീയറിംഗ് ചേര്‍ത്തുകൊണ്ടിരുന്നത്. എന്നാല്‍ കൊമേഴ്‌സ് അക്കൗണ്ടിംഗ് മേഖലകളിലെ തൊഴില്‍ സാധ്യതകളെ ഉയര്‍ത്തിക്കാട്ടി ആ മേഖലയിലേക്ക് ശ്രദ്ധ തിരിച്ചു വിടാനാണ് ഞങ്ങള്‍ ശ്രമിച്ചത്. ആഗോളതലത്തില്‍ കൊമേഴ്‌സ് മേഖലയിലെ വളര്‍ന്നുവരുന്ന തൊഴില്‍ സാഹചര്യങ്ങളെ ജനങ്ങള്‍ക്കിടയില്‍ പരിചയപ്പെടുത്താന്‍ ലക്ഷ്യയ്ക്ക് കഴിഞ്ഞു. ഒരാള്‍ക്ക് 21മത്തെ വയസില്‍ തന്നെ ജീവിതം തൊഴില്‍ സുരക്ഷയുള്ളതാക്കാം എന്നതായിരുന്നു ഞങ്ങളുടെ പരസ്യത്തിന്റെ പ്രധാനമര്‍മ്മം. ഈ സന്ദേശം ജനങ്ങളില്‍ എത്തിക്കാന്‍ പ്രമുഖ ബ്രാന്‍ഡ് അംബാസഡര്‍മാരെയാണ് നിയമിച്ചത്. ക്രിക്കറ്റ് താരം രവിശാസ്ത്രീയെ അംബാസഡര്‍ ആക്കിയത് ദേശീയതലത്തില്‍ കമ്പനിയുടെ ബ്രാന്‍ഡിംഗിന് സഹായിച്ചു. പിന്നീട് മോഹന്‍ലാലിനെ ബ്രാന്‍ഡ് അംബാസഡര്‍ ആക്കിയതോടെ ലക്ഷ്യയുടെ പ്രശസ്തി കൂടുതല്‍ ഉയര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ ഉത്പന്നത്തെ ആശ്രയിച്ചാണ്, നമ്മള്‍ പരസ്യം ചെയ്യുന്ന മീഡിയയെ തെരഞ്ഞെടുക്കേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തുടക്കത്തില്‍ പരമ്പരാഗത മാധ്യമങ്ങളെയാണ് ആശ്രയിച്ചത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഡിജിറ്റല്‍ മീഡിയയും ഉപയോഗപ്പെടുത്തുന്നുണ്ട്. കാലഘട്ടത്തിനനുസരിച്ച് മീഡിയയില്‍ മാറ്റങ്ങള്‍ വരുത്തും. ഏത് മീഡിയ ഉപയോഗിച്ചാലും നമ്മള്‍ ജനങ്ങള്‍ക്ക് നല്‍കുന്ന സന്ദേശം സത്യസന്ധമായിരിക്കണമെന്നും ഓര്‍വെല്‍ ലയണല്‍ കൂട്ടിച്ചേര്‍ത്തു.
ഇന്‍ഫ്‌ളൂവൻസര്‍മാരെ ഉപയോഗിക്കുന്നത് നല്ലതാണെങ്കിലും നമ്മുടെ ബ്രാന്‍ഡുമായി അത് ഒത്തു പോകുന്നുണ്ടോ എന്ന് നോക്കണം. ചിലപ്പോള്‍ അതിന് നെഗറ്റീവ് ഫലം ആണ് ഉണ്ടാവുക എന്നു അദ്ദേഹം പറഞ്ഞു.
പ്രതികൂല സാഹചര്യങ്ങളിലും പിടിച്ചു നില്‍ക്കാന്‍ പറ്റുന്ന തന്ത്രങ്ങള്‍ പയറ്റണം- മാത്യു ജോസഫ്
വിപണി നേരിടുന്ന പ്രതികൂല സാഹചര്യങ്ങളിലും പിടിച്ചുനില്‍ക്കാന്‍ പറ്റുന്ന മാര്‍ക്കറ്റിംഗ് തന്ത്രങ്ങളാണ് ഓരോ ബിസിനസുകാരനും പയറ്റേണ്ടതെന്ന് ഫ്രഷ് ടു ഹോം സ്ഥാപകന്‍ മാത്യൂസ് ജോസഫ് അഭിപ്രായപ്പെട്ടു. നോട്ടു നിരോധന കാലത്തും കോവിഡ് കാലത്തും ബിസിനസുകാര്‍ പ്രതികൂലമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോയത്. കയ്യിലുള്ള ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ പറ്റാത്ത സാഹചര്യം ചിലപ്പോള്‍ ഉടലെടുത്തെന്നു വരാം. അത്തരം സാഹചര്യങ്ങളിലും വില്‍പ്പന നടത്താന്‍ പറ്റുന്ന തന്ത്രങ്ങളാണ് സ്വീകരിക്കേണ്ടത്. 'ഇന്ന് റൊക്കം നാളെ കടം' എന്ന പരമ്പരാഗത പരസ്യവാചകം മാറ്റുകയാണ് ഞങ്ങള്‍ ചെയ്തത്. പകരം 'ഇന്ന് കടം നാളെ റൊക്കം'എന്ന പരസ്യ വാചകം സ്വീകരിച്ചു. ഇതുവഴി വില്‍പ്പന വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. ജനങ്ങള്‍ക്കിടയില്‍ വിശ്വാസ്യത വളര്‍ന്നത് കൊണ്ട് കടം പിന്നീട് ഏറെക്കുറെ പൂര്‍ണ്ണമായി തിരിച്ചു ലഭിക്കുകയും ചെയ്തു. വ്യക്തികള്‍ ബ്രാന്‍ഡിനെ കുറിച്ച് പരസ്പരം ചര്‍ച്ച ചെയ്യുന്ന മൗത്ത് ടു മൗത്ത് പബ്ലിസിറ്റിയാണ് ഒരു ഉത്പന്നത്തിന് ഏറ്റവും ഗുണകരം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വലിയ പരസ്യ,മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിലേക്ക് കടക്കുന്നതിന് മുമ്പ് അതുവഴി ഉണ്ടാകുന്ന വില്പന അഭിമുഖീകരിക്കാനുള്ള കരുത്ത് നമുക്കുണ്ടോ എന്നുകൂടി നോക്കണം. മികച്ച ബ്രാന്‍ഡ് അംബാസിഡര്‍മാരെ ഉപയോഗിക്കുമ്പോള്‍ വില്‍പ്പന കൂടാന്‍ സാധ്യതയുണ്ട്. അതിനനുസരിച്ചുള്ള ഉല്‍പാദനം നടക്കേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ മനസ്സിലാക്കി തയ്യാറെടുപ്പുകള്‍ നടത്തിയ ശേഷം മാത്രമേ വലിയ മാര്‍ക്കറ്റിംഗ് തന്ത്രത്തിലേക്ക് നീങ്ങാന്‍ പാടുകയുള്ളൂ.
കസ്റ്റമേഴ്‌സിനോട് ബിസിനസുകാര്‍ വിശ്വാസം പുലര്‍ത്തണമെന്നും അത് അവരില്‍ നിന്ന് തീര്‍ച്ചയായും തിരിച്ചുകിട്ടും എന്നും അദ്ദേഹം വിവരിച്ചു. കേരളത്തില്‍ പ്രിന്റ് മീഡിയ വഴിയുള്ള പരസ്യങ്ങള്‍ക്ക് ഇപ്പോഴും ഫലമുണ്ട്. ഓരോ ഉത്പന്നങ്ങളും വാങ്ങുന്നത് ഏത് പ്രായത്തിലുള്ള ആളുകള്‍ ആണെന്ന് തിരിച്ചറിഞ്ഞ് വേണം പരസ്യം ചെയ്യാന്‍. നേരത്തെ പ്രായമുള്ളവരാണ് വീടുകളില്‍ ഷോപ്പിംഗ് സംബന്ധിച്ച തീരുമാനങ്ങള്‍ എടുത്തിരുന്നതെങ്കില്‍ ഇന്ന് അത് ടീനേജ് പ്രായക്കാരാണ്. അപ്പോള്‍ അവരെ അഭിസംബോധന ചെയ്യുന്ന പരസ്യ രീതികളാണ് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ടി.വി.സി ഫാക്ടറി മാനേജിംഗ് ഡയറക്ടര്‍ സിജോയ് വര്‍ഗീസാണ് പാനല്‍ ചര്‍ച്ച നയിച്ചത്.


Related Articles

Next Story

Videos

Share it