ഉദയ് കോട്ടകിനെ പിന്തുടര്‍ന്ന് വരുന്നു മകന്‍ ജെയ് കോട്ടക്

ഏഷ്യയിലെ അതിസമ്പന്ന ബാങ്കറായ ഉദയ് കോട്ടക് തന്റെ ബാങ്കിംഗ് സാമ്രാജ്യത്തിലേക്ക് അനന്തരാവകാശിയെ അവരോധിക്കാനുള്ള വ്യക്തമായ പദ്ധതികളോടെ മുന്നോട്ട്. 18 വര്‍ഷം മുമ്പ് സ്ഥാപിതമായ സ്വകാര്യബാങ്കായ കോട്ടക് ബാങ്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് പദവി വഹിക്കുന്ന ഉദയ് കോട്ടക്കിന്റെ കാലാവധി 2023 ഡിസംബറില്‍ അവസാനിക്കാനിരിക്കെയാണ് മകന്‍ ജെയ് കോട്ടക്കിനെ (Jay Kotak) ദീര്‍ഘകാല ആസൂത്രണത്തിലൂടെ നേതൃനിരയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉദയ് കോട്ടക് (Uday Kotak) സ്ഥാനമൊഴിയുമ്പോള്‍ അദ്ദേഹത്തെ പിന്തുടര്‍ന്ന് ബാങ്കിനെ നയിക്കാനെത്തുന്നത് എക്‌സിക്യുട്ടീവ് ഡയറക്റ്ററും ബാങ്കിംഗ് രംഗത്ത് വര്‍ഷങ്ങളുടെ അനുഭവസമ്പത്തുമുള്ള കെവിഎസ് മണിയനാവുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്.

അതേ സമയം ഉദയ് കോട്ടക് മകന്‍ ജെയ് കോട്ടക്കിനെ കൃത്യമായ പദ്ധതികളോടെ ബാങ്കിന്റെ നേതൃനിരയിലെത്തിക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. ബാങ്കിന്റെ ഇന്‍വെസ്റ്റര്‍ മീറ്റില്‍ ഭാവി പദ്ധതികളും ഡിജിറ്റല്‍ ബാങ്കിംഗ് രംഗത്തെ പുതിയ ഉല്‍പ്പന്നങ്ങളും വിവരിച്ചത് ജെയ് കോട്ടക്കായിരുന്നു. ഇന്‍വെസ്റ്റര്‍ മീറ്റിലെ ജെയ് കോട്ടക്കിന്റെ സാന്നിധ്യം ബാങ്കിന്റെ നേതൃനിരയിലെ ഉടച്ചുവാര്‍ക്കലിന്റെ സൂചനയായാണ് നീരീക്ഷകര്‍ കാണുന്നത്.

ബാങ്കില്‍ ആരുടെയും കരിയര്‍ നിശ്ചയിക്കുന്നത് മെരിറ്റ് മാത്രമാണെന്നും ജെയ് കോട്ടക്, 'കോട്ടക് 811' ന്റെ മേധാവി മാത്രമാണെന്നും ബാങ്ക് വൃത്തങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ക്ക് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.

ഹാര്‍വാഡില്‍ നിന്ന് എം ബി എ എടുത്തശേഷം 2017ലാണ് ജെയ് കോട്ടക് കോട്ടക് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. 2019ല്‍ ബാങ്കിന്റെ കണ്‍സ്യൂമര്‍ ബാങ്കിംഗ് വിഭാഗത്തിലേക്ക് മാറി. 2021 ജനുവരി മുതള്‍ കോട്ടക് 811 ലാണ് ജെയ് പ്രവര്‍ത്തിക്കുന്നത്. McKinsey & Coയിലും ഗോള്‍ഡ്മാന്‍ സാക്‌സിലും ജോലി ചെയ്ത ശേഷമാണ് പിതാവിനൊപ്പം ചേരാന്‍ ജെയ് കോട്ടക് ബാങ്കിലെത്തുന്നത്.

റിസര്‍വ് ബാങ്ക് ചട്ടപ്രകാരം ബാങ്ക് സി ഇ ഒ പദവിയില്‍ ഒരു വ്യക്തിക്ക് തുടര്‍ച്ചയായി 15 വര്‍ഷമാണ് കാലാവധി. ഉദയ് കോട്ടക്കിന്റെ കാലാവധി മൂന്നുവര്‍ഷം കൂട്ടി ദീര്‍ഘിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് വന്നതിന് തൊട്ടുപിന്നാലെ 2021 ഏപ്രിലിലാണ് റിസര്‍വ് ബാങ്കിന്റെ ഈ ചട്ടവും വന്നത്. അതുകൊണ്ട് ഇനി ഉദയ് കോട്ടക്കിന് സി ഇ ഒ പദവിയില്‍ തുടരാന്‍ അനുമതി ലഭിച്ചേക്കില്ല.


Related Articles

Next Story

Videos

Share it