സൗദിയിലെ നിതാഖത്ത് നടപടികള്‍ തുടങ്ങി, പ്രവാസികളുടെ തിരിച്ചുവരവ് വര്‍ദ്ധിക്കും

സൗദിയിലെ നിതാഖത്ത് നടപടികള്‍ തുടങ്ങി, പ്രവാസികളുടെ തിരിച്ചുവരവ് വര്‍ദ്ധിക്കും
Published on

സ്വദേശികളായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കൂടുതല്‍ തൊഴിലവസരം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സൗദിയിലെ തൊഴില്‍ മന്ത്രാലയം തുടക്കമിടുന്ന സ്വദേശിവല്‍ക്കരണ നടപടികള്‍ സെപ്റ്റംബർ 11ന് ആരംഭിക്കും. വിവിധ റീറ്റെയ്ല്‍ മേഖലകളില്‍ മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കപ്പെടുന്ന നിതാഖത്ത് പദ്ധതിയുടെ ആദ്യഘട്ടമാണ് നാളെ തുടങ്ങുന്നത്. ഇക്കഴിഞ്ഞ ജനുവരിയില്‍ പ്രഖ്യാപിച്ച പദ്ധതിയാണ് ഇപ്പോള്‍ സൗദി ഭരണകൂടം നടപ്പാക്കിത്തുടങ്ങുന്നത്.

പുതിയ തൊഴില്‍ നിയമം അനുസരിച്ച് റീറ്റെയ്ല്‍ രംഗത്ത സുപ്രധാന മേഖലകളായ ആട്ടോമൊബീല്‍, റെഡിമെയ്ഡ് ഗാര്‍മെന്റ്‌സ്്, ഫര്‍ണിച്ചര്‍, കിച്ചണ്‍വെയര്‍ ഷോറൂമുകളിലൊക്കെ നാളെ മുതല്‍ 70 ശതമാനവും സൗദി പൗരന്മാരായിരിക്കണം ജീവനക്കാരായി ഉണ്ടാകേണ്ടത്. വാച്ചുകള്‍, കണ്ണടകള്‍, ഇലക്ട്രിക് & ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ എന്നിവ വില്‍ക്കുന്ന കടകളില്‍ നവംബര്‍ 10 മുതലും മെഡിക്കല്‍ ഉപകരണങ്ങള്‍, കെട്ടിടനിര്‍മ്മാണ വസ്തുക്കള്‍, സ്‌പെയര്‍പാര്‍ട്ട്‌സ് തുടങ്ങിയ മേഖലകളില്‍ 2019 ജനുവരി 8 മുതലും 70 ശതമാനം സ്വദേശിവല്‍ക്കരണം നടപ്പാക്കപ്പെടും.

ഇപ്പോള്‍ സൗദിയിലെ മൊത്തവ്യാപാര മേഖലയില്‍ ജോലി ചെയ്യുന്ന 70.5 ശതമാനം തൊഴിലാളികളും വിദേശീയരാണ്. 2018ന്റെ ആദ്യപാദത്തില്‍ 36,379 സ്ഥാപനങ്ങളിലായി ആകെ 241076 തൊഴിലാളികളാണ് പണിയെടുക്കുന്നത്. ഇതില്‍ 170026 പേര്‍ വിദേശീയരാണ്. 71050 പേര്‍ മാത്രമാണ് സൗദി പൗരന്മാരായുള്ളത്. ആകെ തൊഴിലാളികളില്‍ 99 ശതമാനവും (238251) പുരുഷന്മാരാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

സൗദി വ്യാപാര മേഖലയിലെ വിദേശികളായുള്ള 170026 തൊഴിലാളികളില്‍ ഭൂരിഭാഗവും മലയാളികളാണെന്നതാണ് കേരളത്തിനുണ്ടാകുന്ന വലിയൊരു തിരിച്ചടി. വിവിധ മേഖലകളില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കപ്പെടുന്നതോടെ ഇവരില്‍ ഭൂരിഭാഗത്തിനും കേരളത്തിലേക്ക് മടങ്ങേണ്ടിവരും. സൗദി പൗരന്മാര്‍ക്ക് ഉയര്‍ന്ന വേതനം നല്‍കേണ്ടി വരുമെന്നതിനാല്‍ ഇപ്പോള്‍ തന്നെ മലയാളികള്‍ കടകള്‍ കൈയൊഴിഞ്ഞ് നാട്ടിലേക്ക് പോകാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇവരെക്കാള്‍ ഇരട്ടിയിലധികം ആയിരിക്കും തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങുന്ന മലയാളികളുടെ എണ്ണം.

കട പരിശോധന തുടങ്ങും

ജീവനക്കാരില്‍ 70 ശതമാനവും സൗദി പൗരന്മാരായിരിക്കണമെന്ന നിബന്ധന പാലിക്കാനാകാതെയും നിരവധി കടകള്‍ ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണ്. നാളെ മുതല്‍ സൗദിയിലെ റീറ്റെയ്ല്‍ ഷോപ്പുകളില്‍ നൂറ് കണക്കിന് ഇന്‍സ്‌പെക്ടര്‍മാര്‍ കട പരിശോധന തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിശോധനയെയും തുടര്‍ന്നുണ്ടാകാനിടയുള്ള പിഴയെയും ഭയന്നാണ് കുറെയധികം കടകള്‍ തല്‍ക്കാലത്തേക്ക്് അടച്ചിട്ടിരിക്കുന്നത്.

പുതിയ തൊഴില്‍ നിയമം സൗദിയിലുള്ള ലക്ഷക്കണക്കിന് വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമുണ്ടാക്കും. ഷോപ്പിംഗ് മാളുകളില്‍ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും വിദേശികളായതിനാല്‍ അവയും തല്‍ക്കാലത്തേക്ക് അടച്ചിട്ടേക്കും. വിദേശികളെ വന്‍തോതില്‍ ആശ്രയിക്കുന്ന റീറ്റെയ്ല്‍ മേഖലകളിലായിരിക്കും പ്രതിസന്ധിയുണ്ടാകുക.

അതേസമയം തൊഴില്‍ വൈദഗ്ധ്യവും വേതനവും കുറഞ്ഞ ജോലികള്‍ ചെയ്യുന്നതിനായി സൗദി പൗരന്മാര്‍ മുന്നോട്ട് വരുമോയെന്ന ആശങ്കയും വ്യാപാര മേഖലയില്‍ ഉയര്‍ന്നിട്ടുണ്ട്. സൗദി വ്യാപാര മേഖലയിലെ ഇത്തരമൊരു പരിവര്‍ത്തനം സുഗമമല്ലെങ്കിലും ഘട്ടംഘട്ടമായി അതിനെ യാഥാര്‍ത്ഥ്യവല്‍ക്കരിക്കുകയാണ് അവിടത്തെ തൊഴില്‍ മന്ത്രാലയം.

ഗള്‍ഫ് മേഖലയിലെ സ്വദേശിവല്‍ക്കരണ നടപടികള്‍ കേരളീയരുടെ കുടിയേറ്റത്തിന് തിരിച്ചടിയാകുമെന്ന് അടുത്തകാലത്ത് സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പ്രവാസികളായ മലയാളികളില്‍ 5ല്‍ 4 പേരും ഗള്‍ഫ് രാജ്യങ്ങളിലാണ് പണിയെടുക്കുന്നത്. അതിനാല്‍ ഗള്‍ഫ് മേഖലയിലെ സ്വദേശിവല്‍ക്കരണത്താല്‍ വളരെയേറെ പ്രവാസികള്‍ മടങ്ങിവരാനിടയുണ്ടെന്ന് മാത്രമല്ല പ്രവാസിപ്പണത്തിന്റെ തോതില്‍ അത്് വലിയൊരു ഇടിവുണ്ടാക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com