ബജറ്റില്‍ പൊതുജനാരോഗ്യത്തിന് 2828 കോടി; നേത്രാരോഗ്യത്തിന് നേര്‍ക്കാഴ്ച

സംസ്ഥാന ബജറ്റില്‍ പൊതുജനാരോഗ്യത്തിന് 2828.33 കോടി വകമാറ്റി. മുന്‍ വര്‍ഷത്തേക്കാള്‍ 196.6 കോടി അധികമാണിത്. കൂടാതെ സംസ്ഥാനത്തെ 'ഹെല്‍ത്ത് ഹബ്ബ്' ആയി മറ്റുമെന്നും ഇതിനായി കെയര്‍ പോളിസി നടപ്പാക്കുമെന്നും ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍ പറഞ്ഞു. ഇതിന് 30 കോടി രൂപ വകയിരുത്തി. ആരോഗ്യ മേഖലയ്ക്കുള്ള പ്രധാന പ്രഖ്യാപനങ്ങള്‍ നോക്കാം.

കാരുണ്യ മിഷന്‍, കോവിഡ്, ആരോഗ്യ വിദ്യാഭ്യാസ മേഖല

കാരുണ്യ മിഷന് 574.5 കോടി രൂപ വകമാറ്റി. ഇത് മുന്‍വര്‍ഷത്തേക്കാള്‍ 74.50 കോടി രൂപ അധികമാണ്. കോവിഡ് ആരോഗ്യ പ്രശ്‌നം കൈകാര്യം ചെയ്യുന്നതിനായി 5 കോടി രൂപ മാറ്റിവയ്ക്കും. പകര്‍ച്ചവ്യാധി പ്രതിരോധത്തിന് 11 കോടി രൂപ വകമാറ്റി. ഇ- ഹെല്‍ത്തിന് 30 കോടി രൂപയും, ഹോമിയോപ്പതിക്ക് 25 കോടി രൂപയും, ആരോഗ്യ വിദ്യാഭ്യാസ മേഖലക്ക് 463.75 കോടി രൂപയും ബജറ്റില്‍ വകയിരുത്തി.

ദേശീയ ആരോഗ്യ മിഷന്‍

ദേശീയ ആരോഗ്യ മിഷന് വേണ്ടി 500 കോടി രൂപ സംസ്ഥാന വിഹിതമായി വികയിരുത്തും. ആയൂര്‍വേദ, സിദ്ധ, യുനാനി, യോഗ, നാച്ചുറോപ്പതി എന്നീ ചികിത്സാ ശാഖകള്‍ ഉള്‍പ്പെടുന്ന ഭാരതീയ ചികിത്സാ വകുപ്പിന് 49.05 കോടി രൂപ നീക്കിവച്ചു. തിരുവനന്തപുരം, തൃപ്പൂണിത്തുറ, കണ്ണൂര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജുകള്‍ക്ക് 20.15 കോടി രൂപയും ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലള്ള സ്ഥാപനങ്ങള്‍ക്ക് 24 കോടി രൂപയും നീക്കിവച്ചു.

കാന്‍സറിനെ നേരിടും

തിരുവനന്തപുരത്തെ റീജിയണല്‍ കാന്‍സര്‍ സെന്ററിനായി 81 കോടി രൂപയും കൊച്ചി കാന്‍സര്‍ സെന്ററിന് 14 കോടിയും മലബാര്‍ കാന്‍സര്‍ സെന്ററിന് 28 കോടിയും ബജറ്റില്‍ വകയിരുത്തി. എല്ലാ ജില്ലാ ആശുപത്രികളിലും ക്യാന്‍സര്‍ ചികിത്സ കേന്ദ്രങ്ങള്‍ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. 2.05 കോടി ഇതിനായി വകയിരുത്തും.

നേത്രാരോഗ്യം

നേത്രാരോഗ്യത്തിനായി ബജറ്റില്‍ അമ്പത് കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു. എല്ലാവര്‍ക്കും നേത്രാരോഗ്യം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി 'നേര്‍ക്കാഴ്ച' എന്ന പദ്ധതിയും പ്രഖ്യാപിച്ചു. എല്ലാവര്‍ക്കും നേത്രാരോഗ്യം എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളെയും കാഴ്ച പരിശോധനയ്ക്ക് വിധേയമാക്കുന്ന പദ്ധതിയാണിത്. കാഴ്ച വൈകല്യങ്ങള്‍ കണ്ടെത്തുന്നവരില്‍ സാമ്പത്തിക പിന്നോക്കാവസ്ഥയുടെ അടിസ്ഥാനത്തില്‍ സൗജന്യ കണ്ണടകളും നല്‍കും. ഇവര്‍ക്ക് സൗജന്യ വൈദ്യോപദേശവും മരുന്നുകളും ലഭ്യമാക്കും.

റാബീസ് വാക്‌സിന്‍, മാലിന്യ സംസ്‌കരണം

ഓറല്‍ റാബീസ് വാക്‌സിന്‍ വികസിപ്പിക്കുന്നതിന് 5 കോടി രൂപ വകയിരുത്തും. മെഡിക്കല്‍ കോളേജുകളിലേയും മറ്റ് ആശുപത്രികളിലേയും മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കായി 13 കോടി രൂപ അനുവദിച്ചു.

Related Articles
Next Story
Videos
Share it