കാന്‍സര്‍ പ്രതിരോധം ഭക്ഷണത്തിലൂടെ; ഇന്ന് ലോക കാന്‍സര്‍ ദിനം

ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണം കഴിക്കുന്നത് ശരീരഭാരം ശരിയായി നിലനിര്‍ത്താന്‍ സഹായിക്കുന്നതിനൊപ്പം, കാന്‍സര്‍ വരാനുളള സാധ്യത കുറയ്ക്കുന്നു. കണ്ടുപിടിക്കപ്പെടുന്ന 20 കാന്‍സറുകളില്‍ ഒരെണ്ണം അമിതവണ്ണം മൂലമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. നമ്മുടെ സമൂഹത്തില്‍ ഏറ്റവും സാധാരണമായി കണ്ടുവരുന്ന സ്തനാര്‍ബുദം, കുടല്‍ കാന്‍സര്‍, അണ്ഡാശയ കാന്‍സര്‍, ഗര്‍ഭാശയ കാന്‍സര്‍ എന്നിവയ്‌ക്കൊപ്പം ചികിത്സിക്കാന്‍ പ്രയാസമുള്ള പാന്‍ക്രിയാസ് കാന്‍സര്‍, അന്നനാള കാന്‍സര്‍, പിത്തസഞ്ചി കാന്‍സര്‍ എന്നിവയ്ക്കും അമിതവണ്ണം ഒരു കാരണമാകുന്നുണ്ട്.

ഭക്ഷണക്രമീകരണം പ്രധാനം

കാന്‍സര്‍ തടയുന്നതിന് ഭക്ഷണക്രമീകരണം വളരെ പ്രധാനമാണ്. പഴങ്ങളും പച്ചക്കറികളും കൊണ്ട് സമ്പുഷ്ടവും, സമീകൃതവുമാകണം ഭക്ഷണക്രമം. ആന്റി ഓക്‌സിഡന്റുകള്‍, അവശ്യ വിറ്റാമിനുകള്‍, നാരുകള്‍ എന്നിവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം. നിങ്ങളുടെ ഭക്ഷണത്തിന്റെ പകുതി അളവ് സാലഡുകള്‍ക്കോ, പച്ചക്കറികള്‍ക്കോ ആയി മാറ്റി വെക്കാം.

ഭക്ഷണത്തില്‍ 'ബ്രൗണ്‍ റൈസ്' (തവിടുള്ള അരി), ഓട്സ്, തവിടോടു കൂടിയ ധാന്യങ്ങള്‍ കൊണ്ട് ഉണ്ടാക്കിയ ബ്രെഡ് മുതലായവയും ധാരാളം ഉള്‍പ്പെടുത്തണം. തവിടോടു കൂടിയ ധാന്യങ്ങള്‍ സ്വാഭാവികമായും കൂടുതല്‍ പോഷകഗുണമുള്ളതും, മൈദ മാവിനേക്കാള്‍ നാരുകള്‍ അടങ്ങിയതുമാണ്. നാരുകള്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നത് വന്‍കുടലിലെ അര്‍ബുദ സാധ്യത കുറയ്ക്കുകയും, മലബന്ധം തടയുകയും ചെയ്യുന്നു. നിത്യേനയുളള ഭക്ഷണത്തിലൂടെ കുറഞ്ഞത് 30 ഗ്രാം നാരുകള്‍ എങ്കിലും, ഒരു വ്യക്തിയുടെ ശരീരത്തിന് ലഭിക്കണമെന്നാണ് ആരോഗ്യവിദ്ഗധര്‍ ശുപാര്‍ശ ചെയ്യുന്നത്.

ഒഴിവാക്കാം ചിലത്

പ്രോട്ടീനുകള്‍ കൂടുതലായി ഉള്‍പ്പെട്ടിട്ടുളള പയറുവര്‍ഗ്ഗങ്ങള്‍, മുട്ട, മീന്‍, ശുദ്ധമായ കോഴി ഇറച്ചി എന്നിവയും ഭക്ഷണത്തിന്റെ ഭാഗമാക്കാം. ഒപ്പം അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ തിരിച്ചറിയുകയും അവ മാറ്റുകയും വേണം. ഉദാഹരണത്തിന്, വളരെയധികം മധുരമുള്ള ഭക്ഷണപാനീയങ്ങള്‍ കഴിക്കുന്നത്, അല്ലെങ്കില്‍ കലോറി കൂടുതലുള്ള ഭക്ഷണം (ഫാസ്റ്റ് ഫുഡ് ഉള്‍പ്പെടെ) ശരീരഭാരം വര്‍ധിക്കാനും കാന്‍സര്‍ സാധ്യത കൂട്ടുന്നതിനും കാരണമാകും. ഭക്ഷണത്തിന്റെ അളവ് ശരീരത്തിന് ആവശ്യമായ രീതിയില്‍ പരിമിതപ്പെടുത്തുക എന്നത് വളരെ പ്രധാനമാണ്.

നൈട്രോസാമിനോ സംയുക്തങ്ങള്‍ അടങ്ങിയിട്ടുളള ഭക്ഷണ സാധനങ്ങള്‍ കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. സംസ്‌കരിച്ച മാംസ പദാര്‍ത്ഥങ്ങള്‍ (പാക്കറ്റുകളില്‍ ലഭിക്കുന്ന സംസ്‌കരിച്ച ഇറച്ചി, ഉണക്കമീനുകള്‍) അമിതമായി കഴിക്കുന്നത് വയറിലെ കാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിക്കും. അനാരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ചുവന്ന മാംസം (ബീഫ്, പന്നി, ആട്ടിറച്ചി) കൂടുതലായി കഴിക്കുന്നതും കുടല്‍ കാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിക്കും. എണ്ണയില്‍ വറുത്ത സാധനങ്ങള്‍ പരമാവധി കുറയ്ക്കുന്നതും നല്ലതാണ്, വറുക്കാന്‍ ഉപയോഗിക്കുന്ന എണ്ണ വീണ്ടും ഉപയോഗിക്കുന്നത് ഒഴിവാക്കണം. പഞ്ചസാര, ഉപ്പ്, ചുവന്ന മാംസം, ഫാസ്റ്റ് ഫുഡ്, പാക്കറ്റ് ഭക്ഷണങ്ങള്‍ എന്നിവ മിതമായി ഉപയോഗിക്കുക.

ജീവിതശൈലി മാറ്റൂ

കാന്‍സര്‍ രോഗം തടഞ്ഞ് നിര്‍ത്താന്‍ ആഹാരത്തില്‍ മാറ്റം വരുത്തുന്നത് പോലെ ജീവിതശൈലിയിലും മാറ്റങ്ങള്‍ അനിവാര്യമാണ്. പതിവ് വ്യായാമം പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും, ആരോഗ്യകരമായ ശരീര ഭാരം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും. മദ്യത്തിന്റെയും പുകവലിയുടെയും ഉപയോഗം ഒന്നിലധികം തരത്തിലുള്ള കാന്‍സറുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇവ പൂര്‍ണമായി ഒഴിവാക്കുക എന്നതല്ലാതെ, ഇതിന് സുരക്ഷിതമായ ഒരു പരിധിയില്ല.

Related Articles
Next Story
Videos
Share it