കോവിഡ് 2022 ലും തുടര്‍ന്നേക്കാം: വാക്‌സിന്‍ എടുത്തവരും ശ്രദ്ധിക്കണം ചില കാര്യങ്ങള്‍

കേരളത്തിലടക്കം രാജ്യത്ത് കോവിഡ് രണ്ടാം വരവ് അതി തീവ്രം. നിലവില്‍ അയ്യായിരത്തിനടുത്ത് എത്തിനില്‍ക്കുന്ന കോവിഡ് പ്രതിദിന കേസുകള്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ പതിനായിരത്തിലേക്കു കടക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ ആശങ്കപ്പെടുന്നു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടയില്‍ 1,31,968 പേര്‍ക്ക് കോവിഡ് സ്ഥീരികരിച്ചു. 760 മരണങ്ങളാണ് രേഖപ്പെടുത്തിയത്. അഞ്ച് മാസത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഏപ്രില്‍ 11 മുതല്‍ 14ാം തീയതി വരെ രാജ്യത്ത് വാക്സിനേഷന്‍ ഉത്സവ് ആയി ആചരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

കോവിഡിന്റെ രണ്ടാം തരംഗം അതിശക്തമാകാനിടയുണ്ട് എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. വാക്‌സിന്‍ നടപടികൾ ശക്തമാക്കിയെങ്കിലും കോവിഡ് രോഗം ഒരു വര്‍ഷം വരെ ഇതേ നിലയില്‍ തുടര്‍ന്നേക്കാമെന്ന് രാജഗിരി ഹോസ്പിറ്റല്‍ മെഡിക്കല്‍ സൂപ്രണ്ടും ശ്വാസകോശ രോഗ വിദഗ്ധനുമായ ഡോക്ടര്‍ സണ്ണി പി ഓരത്തേല്‍ അഭിപ്രായപ്പെടുന്നു.

ഇന്ത്യയുടെ ജനസംഖ്യയും രോഗതീവ്രതയും അനുസരിച്ച് ഇതിനോടകം വളരെക്കുറച്ചു ആളുകൾ മാത്രമാണ് വൈറസ് ബാധിച്ചത്. ഇത്തരത്തിലൊരു മാരക വൈറസ് അധികം പേരിലേക്ക് വ്യാപിച്ചതിനുശേഷം മാത്രമായിരിക്കും ദുര്‍ബലമാകുകയുള്ളു എന്നിരിക്കെ രാജ്യത്ത് ഇനിയും രോഗികളുടെ വര്‍ധനവ് ഉണ്ടായേക്കാമെന്നും അദ്ദേഹം പറയുന്നു.

''വാക്‌സിന്‍ വന്നതോടുകൂടി രോഗം നിയന്ത്രിക്കപ്പെട്ടു എന്ന വിശ്വാസത്തോടെ കൂടുതല്‍ സാമൂഹിക സമ്പര്‍ക്കം ഉണ്ടായതാണ് വലിയ തോതിലുള്ള ഈ വര്‍ധനവിന് കാരണം. രോഗികളുടെ എണ്ണം കുറഞ്ഞത് വൈറസ് ഇല്ലാതായിട്ടല്ല, മറിച്ച് ജാഗ്രത പുലര്‍ത്തിയതിനാലാണ്. എന്നാല്‍ ജനങ്ങള്‍ വൈറസിനെ മറന്ന് ആഘോഷങ്ങളില്‍ പങ്കെടുക്കാനും പൊതുഗതാഗതവും മറ്റും ഉപയോഗിക്കാനും ഇലക്ഷന്‍ പ്രചാരണങ്ങളില്‍ സംബന്ധിക്കാനും തുടങ്ങിയത് രോഗികളുടെ എണ്ണവും വര്‍ധിപ്പിച്ചു.'' അദ്ദേഹം വ്യക്തമാക്കുന്നു. വാക്‌സിന്‍ എടുത്തവർ പോലും രോഗത്തില്‍ നിന്നും പൂര്‍ണ മുക്തരല്ല. ഈ അവസരത്തില്‍ ഓര്‍മിക്കേണ്ട ചില കാര്യങ്ങള്‍:

എങ്ങനെയാണ് കോവിഡ് 19 പടരുന്നത് ?

രോഗം ബാധിച്ചവരോ വൈറസ് വാഹകനായ വ്യക്തിയോ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തേക്ക് വരുന്ന സ്രവങ്ങള്‍, തുപ്പല്‍ എന്നിവയിലൂടെ രോഗാണുക്കള്‍ മറ്റുള്ളവരിലേക്ക് പടരുന്നു. രോഗി ഉപയോഗിക്കുന്ന ഈ സ്രവങ്ങള്‍ പുരണ്ട വസ്തുക്കളില്‍ ഏകദേശം അഞ്ച് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഈ വൈറസ് നിലനില്‍ക്കും. ഇത്തരക്കാര്‍ ഉപയോഗിച്ച വസ്ത്രമുള്‍പ്പെടെയുള്ള വസ്തുക്കളിലൂടെയും രോഗം പകരാം.

എന്തൊക്കെയാണ് ലക്ഷണങ്ങള്‍ ?

ചുമ, പനി, തുമ്മല്‍, ശ്വാസംമുട്ട് എന്നിവയാണ് കോവിഡ് 19 ന്റെ ആദ്യ ലക്ഷണങ്ങള്‍. അതുകൊണ്ട് തന്നെ മറ്റു ശ്വാസകോശ രോഗങ്ങളില്‍ നിന്നും ആദ്യഘട്ടത്തില്‍ കോവിഡ് 19 നെ വേര്‍തിരിച്ചറിയുക ബുദ്ധിമുട്ടാണ്. ഇതില്‍ ശ്വാസം മുട്ടലും ചുമയുമാണ് ഏറ്റവും ശ്രദ്ധിക്കേണ്ട ഗുരുതരമായ ലക്ഷണം. ലക്ഷണങ്ങളില്ലാതെയും രോഗബാധ ഉണ്ടായേക്കാം. അതിനാലാണ് സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരും ലക്ഷണങ്ങള്‍ ഇല്ല എങ്കില്‍ പോലും ടെസ്റ്റ് നടത്തേണ്ടതും ക്വാറന്റീന്‍ തുടരേണ്ടതും.

വാക്‌സിന്‍ എടുത്തയാള്‍ക്ക് രോഗം വരുമോ?

വാക്‌സിന്‍ എടുത്തയാള്‍ക്ക് 70 ശതമാനത്തോളം മാത്രമാണ് പരിരക്ഷ ഉറപ്പാക്കാന്‍ കഴിയുന്നത്. കോവിഡ് 19 ബാധിച്ച രോഗിയുടെ ശ്വാസകോശത്തില്‍ ന്യൂമോണിയ മൂര്‍ച്ഛിച്ച് ARDS (Acute Respiratory Distress Syndrome) എന്ന അവസ്ഥയിലേക്ക് മാറുമ്പോഴാണ് കോവിഡ് 19 വൈറസ് ബാധ ജീവന് ഭീഷണിയാവുന്നത്. ഈ അവസ്ഥയിലേക്ക് വാക്‌സിന്‍ എടുത്തവര്‍ എത്താനുള്ള സാധ്യത ഇല്ല എന്നല്ലാതെ രോഗം വരില്ല എന്നത് ഉറപ്പിക്കാനാകില്ല. രോഗം വന്നാലും ശക്തി കുറഞ്ഞേക്കാം. പക്ഷെ ഇത്തരക്കാരും രോഗവാഹകരാണ്. അതിനാല്‍ വാക്‌സിന്‍ എടുത്താലും എടുത്തിട്ടില്ലാത്ത സമയത്ത് പുലർത്തിയ അതേ ജാഗ്രത അതേ രൂപത്തിൽ തുടരണം. മാസ്‌ക് ധരിക്കാനും അകലം പാലിക്കാനും ഇപ്പോഴും ശ്രദ്ധിക്കേണ്ടതാണ്.

മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ക്ക് വാക്‌സിന്‍ എടുക്കാമോ?

ഇത്തരക്കാരാണ് തീര്‍ച്ചയായും വാക്‌സിന്‍ ഉടന്‍ എടുക്കേണ്ടത്. പ്രമേഹം, ശ്വാസകോശരോഗം, കാന്‍സര്‍, തുടങ്ങിയ അസുഖങ്ങളാല്‍ ആരോഗ്യം കുറഞ്ഞ വ്യക്തികള്‍, വൃദ്ധര്‍, കൈക്കുഞ്ഞുങ്ങള്‍, എച്ച്.ഐ.വി. ബാധിതര്‍, പ്രതിരോധശേഷി കുറയ്ക്കുന്ന മരുന്നുകള്‍ കഴിക്കുന്നവര്‍, ഗര്‍ഭിണികള്‍, ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവരാണ് വൈറസ് ബാധയെ കൂടുതല്‍ ഏറെ ഗൗരവമായി കാണേണ്ടത്. ഇത്തരക്കാരെ വാക്‌സിന്‍ സ്വീകരിച്ചാലും നിരീക്ഷണത്തിനു ശേഷമാണ് ആശുപത്രികളില്‍ നിന്നു പോകാന്‍ അനുവദിക്ക. ഭയക്കേണ്ടതില്ല, പ്രതിരോധമാണ് വലുത്. ഗർഭിണികളും മുലയൂട്ടുന്ന 'അമ്മ മാരും വാക്‌സിൻ എടുക്കുന്നതിനെ സർക്കാർ അനുകൂലിക്കുന്നില്ല.

ഓർക്കുക കോവിഡ് 19 നെതിരെ ഫലപ്രദമായ മരുന്ന് ഇതുവരെ ലോകത്തൊരിടത്തും കണ്ടുപിടിച്ചിട്ടില്ല. അത് കൊണ്ട് പ്രതിരോധം തന്നെയാണ് ഏറ്റവും ഫലപ്രദം. ഒപ്പം വാക്‌സിനേഷനും.

വാക്‌സിന്‍ എടുത്തവരും എടുക്കാത്തവരും ഒരുപോലെ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?

കോവിഡ് വ്യാപനം ആരംഭിച്ചപ്പോഴുള്ള കരുതല്‍ അതേ രൂപത്തിൽ വീണ്ടും തുടരുക. വ്യക്തിശുചിത്വം, പരിസര ശുചിത്വം, അകലം പാലിക്കല്‍ എന്നിവയാണ് പ്രധാനം. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ തൂവാലയോ ടിഷ്യൂ പേപ്പറോ ഉപയോഗിക്കുക. ഇതിന് ശേഷം കൈ സാനിറ്റൈസറോ അല്ലെങ്കില്‍ സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക.

രോഗബാധിതര്‍ ഉപയോഗിച്ച പ്രതലങ്ങള്‍ ഇടയ്ക്കിടെ സോപ്പോ സൊല്യൂഷനോ സാനിറ്റൈസറോ ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക. ഇവര്‍ ഉപയോഗിച്ച തുണികള്‍, കിടക്ക വിരികള്‍ എന്നിവ നശിപ്പിക്കുകയോ അല്ലെങ്കില്‍ അണുനശീകരണം നടത്തുകയോ ചെയ്യുക. ആളുകള്‍ തിങ്ങിനിറഞ്ഞ വിവാഹം മറ്റ് ചടങ്ങുകള്‍, ആരാധനാലയങ്ങളിലെ ഒത്തുചേരൽ, തിയേറ്റര്‍, മാള്‍, ബീച്ച്, സര്‍ക്കസ്, ഉത്സവങ്ങള്‍ എന്നീ സ്ഥലങ്ങളിലെ സന്ദർശനം എന്നിവ ഈ സമയത്ത് പരമാവധി ഒഴിവാക്കുക. ഇടയ്ക്കിടെ കൈകള്‍ ഉപയോഗിച്ച് മുഖം തൊടാതിരിക്കുക.

Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles

Next Story

Videos

Share it