ലോക്ഡൗണ്‍ കാലത്ത് അധികം തടി കൂട്ടേണ്ട; മറക്കരുത് ഈ ആരോഗ്യകാര്യങ്ങള്‍

വീട്ടില്‍ ഇരിക്കുമ്പോള്‍ ഡയറ്റും വര്‍ക്കൗട്ടും ഒക്കെ ചെയ്ത് ശരീര ഭാരം നിയന്ത്രിച്ച് നിര്‍ത്തണമെന്നും പ്രമേഹത്തെയും രക്താദിസമ്മര്‍ദ്ദത്തെയും പടിക്ക് പുറത്താക്കണമെന്നും പലര്‍ക്കും ആഗ്രഹമുണ്ട്. പലരും പ്രതിജ്ഞയും എടുത്തിട്ടുണ്ടാകാം. എന്നാല്‍ ദിവസവും അനുഭവിക്കുന്ന ജോലിത്തിരക്കിലും ടെന്‍ഷനുകളിലും ഈ പ്രതിജ്ഞകള്‍ മുങ്ങിപ്പോയേക്കാം. ചെറിയ വ്യായാമങ്ങള്‍ ചെയ്യുമെങ്കിലും പല ദിവസങ്ങളിലും ഇതിനൊന്നും സമയവും ലഭിച്ചേക്കില്ല. ഇങ്ങനെയുള്ളവര്‍ ഭക്ഷണം കഴിക്കുന്നതില്‍ അല്പം ശ്രദ്ധ കൊടുത്താല്‍ അനായാസം തടി കൂട്ടാതെ നോക്കാം. ഭാരം കൂടിയെങ്കില്‍ കുറയ്ക്കാനും ഈ ശീലങ്ങള്‍ നിങ്ങളെ സഹായിക്കും.

കഴിക്കുന്ന ഭക്ഷണത്തില്‍ 30 ശതമാനം കുറയ്ക്കൂ
അമിത വണ്ണത്തിന് ഒരു പ്രധാന കാരണം രുചിക്കു പുറമേ പോയി അമിതമായി കഴിക്കുന്നത് തന്നെയാണ്. വയറു നിറഞ്ഞാലും ഇഷ്ടഭക്ഷണം രുചിയോടെ വീണ്ടും വീണ്ടും കഴിക്കും. ശരീരഭാരം കുറയ്ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് ശ്രദ്ധിക്കാം. ഇന്നുമുതല്‍ ആകെ എടുക്കുന്ന ഭക്ഷണത്തില്‍ അല്‍പ്പം(30 ശതമാനം വരെ) അളവ് കുറച്ചു നോക്കൂ. എടുക്കുന്നത് വലിയ പാത്രമെങ്കില്‍ ചെറിയ പാത്രത്തിലേക്ക് കഴിക്കുന്ന ശീലത്തെ ഷിഫ്റ്റ് ചെയ്യാം. ഇത് ഏറെ സഹായിക്കുമെന്ന് പഠനങ്ങള്‍.
ലോക്ഡൗണ്‍ അമിത പാചക പരീക്ഷണങ്ങളും അവ കഴിക്കലും സ്‌ട്രെസ് ഈറ്റിംഗും ഒഴിവാക്കണം. സമ്മര്‍ദ്ദമുളളപ്പോള്‍ മനസിന് ഭക്ഷണം കൊടുക്കാം, ശരീരത്തെ വെറുതെ വിടാം. അതായത്, ശരീര ഭാരം കൂട്ടുന്നതിന് സ്‌ട്രെസ് കൂടുമ്പോഴുള്ള അമിതമായ മധുരം കഴിക്കലും കാര്‍ബോഹൈഡ്രേറ്റ് ഇന്‍ടേക്കുമെല്ലാം കാരണമാകും. യോഗയും മെഡിറ്റേഷനും വഴി മനസ്സ് ശാന്തമാക്കി വയ്ക്കാം. ഭക്ഷണം മിതമായി കഴിക്കാം. ഭക്ഷണ നിയന്ത്രണം ഭാരം കുറയ്ക്കുന്നതില്‍ പ്രധാനമാണ്.
കോണ്‍ഷ്യസ് ഈറ്റിംഗ് പരിശീലിക്കാം
വീട്ടില്‍ തന്നെ ഇരുന്ന് ജോലി ചെയ്യുമ്പോള്‍ ഇടയ്ക്ക് വിശക്കാം. അപ്പോള്‍ പെട്ടെന്ന് ഭക്ഷണവും ഇടയ്ക്കിടെ കഴിക്കും. ഈ രീതി നിയന്ത്രിച്ചേ മതിയാകൂ. വിശപ്പ് നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. ഇടയ്ക്കിടെ വെള്ളം കുടിക്കാം. ഡ്രൈ ഫ്രൂട്ട്‌സോ പഴങ്ങളോ കഴിക്കാം. ചിലപ്പോള്‍ ദാഹമായിരിക്കാം വിശപ്പായി നിങ്ങള്‍ തെറ്റിദ്ധരിച്ചിട്ടുണ്ടാകുക. കോണ്‍ഷ്യസ് ആകുക എന്നത് പ്രധാനമാണ്. കഴിക്കുന്നതിന്റെ സമയം, അളവ്, ചേരുവകള്‍, അതിലെ കലോറികള്‍ എന്നിവയോടൊക്കെ അല്‍പ്പം ശ്രദ്ധ നല്‍കി ഭക്ഷണം കഴിക്കുന്നത് അമിതഭാരത്തില്‍ നിന്നും സഹായിക്കും.
നാരുകളടങ്ങിയ ഭക്ഷണം കഴിക്കാം
വീട്ടിലിരിക്കുമ്പോള്‍ ഓറഞ്ച് പോലുള്ള നാരുകള്‍ ധാരാളമടങ്ങിയ ഭക്ഷണം കഴിക്കാം. നാരുകള്‍ ധാരാളമുള്ള ഭക്ഷണം ദഹനം മെച്ചപ്പെടുത്തുമെന്നു മാത്രമല്ല, ഏറെ നേരം വിശക്കാതെ ഇരിക്കാനും സഹായിക്കും. കാലറി കൂടിയ ഭക്ഷണം കഴിക്കുന്നതില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാനും ഇത് സഹായിക്കും.
ജ്യൂസ് അല്ല, വെള്ളം കുടിക്കാം
ദാഹം വരുമ്പോള്‍ വീട്ടില്‍ ഇരിക്കുകയല്ലേ, ഹെല്‍ത്തി അല്ലേ എന്ന ചിന്തയില്‍ ജ്യൂസ് കൂടുതലായി കഴിക്കുമായിരിക്കാം. എന്നാല്‍ മധുരമുള്ള ഫ്രൂട്ട് ജ്യൂസുകള്‍ നിങ്ങളെ തടി വയ്പിക്കും. വെള്ളം ധാരാളം കുടിക്കുന്നതും ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ഊര്‍ജ്വസ്വലരായിരിക്കാനും ഉന്മേഷത്തോടെയിരിക്കാനും ഇത് സഹായിക്കും. ഏറെ നേരം വയര്‍ നിറഞ്ഞിരിക്കാനും ധാരാളം വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും.
നേരത്തെ അത്താഴം
രാത്രി വൈകി ഭക്ഷണം കഴിക്കരുത്. രാത്രി ഭക്ഷണത്തിന് ഏഴ്- എട്ട് എന്നത് ശീലമാക്കുക. ഈ സമയത്ത് ലഭ്യമായ ഭക്ഷണം കഴിച്ച് ഒരു ദിവസത്തെ ആകെ ഭക്ഷണം നിര്‍ത്തുക. രാത്രി ഉറങ്ങും മുമ്പ് വിശന്നാല്‍ പാല്‍ മധുരം തീരെ ഇല്ലാതെ ഒന്നോ രണ്ടോ കശുവണ്ടിയോ ബദാമോ പൊടിച്ചിട്ട് കുടിക്കാം.
ഉറക്കം പ്രധാനം
വിശപ്പിനെയും ദാഹത്തെയും എല്ലാം നിയന്ത്രിക്കുന്ന ഹോര്‍മോണുളെയും സ്ട്രെസ് ഹോര്‍മോണുകളെയും എല്ലാം നിയന്ത്രിക്കാന്‍ ആവശ്യത്തിനുള്ള ഉറക്കം പ്രധാനമാണ്. ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കില്‍ ശരീരം കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണ്‍ ഉല്‍പ്പാദിപ്പിക്കുകയും ഇത് ശരീരത്തില്‍ കൊഴുപ്പ് നിലനിര്‍ത്താന്‍ കാരണമാകുകയും ചെയ്യും. രാത്രി ആവശ്യത്തിന് ഉറങ്ങേണ്ടത് ശരീരഭാരം കുറയ്ക്കാന്‍ പ്രധാനമാണ്.
പ്രഭാതഭക്ഷണത്തില്‍ പ്രോട്ടീന്‍ കൂട്ടാം
ശരീരഭാരം കുറയ്ക്കാന്‍ കാര്‍ബോഹൈഡ്രേറ്റ്, കൊഴുപ്പ്, പ്രോട്ടീന്‍ ഇവയെല്ലാം കുറയ്ക്കണം എന്നാണ് പൊതുവെയുള്ള വിശ്വാസം. എന്നാല്‍ ഇവയെല്ലാം ചേര്‍ന്ന ഭക്ഷണം കഴിക്കണം എന്നാണ് വിദഗ്ധര്‍ പറയുന്നത്. അമിതമുള്ള കാലറി കത്തിച്ചു കളയാനുള്ള ഊര്‍ജ്ജം പ്രോട്ടീന്‍ ധാരാളമടങ്ങിയ ഭക്ഷണത്തിലൂടെ ലഭിക്കും. പ്രഭാതഭക്ഷണത്തില്‍ പ്രൊട്ടീന്‍ നിറയെ ചേര്‍ക്കണം. മുട്ട വെള്ള, നട്‌സ്, പാലുല്‍പ്പന്നങ്ങള്‍ എന്നിവ രാവിലെയും ഉച്ചയ്ക്കും കഴിക്കാം. രാത്രി ഇവ അധികം വേണ്ട.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it