മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ 5 കാര്യങ്ങള്‍

മാനസികാരോഗ്യം എല്ലാവരുടെയും അവകാശമാണ്. മികച്ച ശാരീരിക ആരോഗ്യമുണ്ടായിരുന്നാല്‍ കൂടി മാനസിക ആരോഗ്യം മോശമായാല്‍ അത് ആയുര്‍ദൈര്‍ഘ്യത്തെ പോലും പ്രതികൂലമായി ബാധിക്കും. മാനസിക സമ്മര്‍ദ്ദം നിയന്ത്രിക്കാനുള്ള 5 വഴികള്‍ നോക്കാം:

1. മനസിന്റെ വ്യതിയാനങ്ങള്‍ തിരിച്ചറിയുക: സാധാരണയില്‍ കവിഞ്ഞ് പെരുമാറ്റത്തില്‍ വ്യത്യാസങ്ങള്‍ വരുന്നുണ്ടോയെന്ന് സ്വയം നോക്കുക. ചിന്തകളില്‍ വ്യത്യാസം കണ്ടെന്നിരിക്കും. ഇത് ഒരു മാനസിക രോഗാവസ്ഥയിലേക്ക് പോകുന്നതല്ല. പക്ഷേ മാനസിക സമ്മര്‍ദ്ദം ഉണ്ട് എന്ന തിരിച്ചറിവ് ഈ ഘട്ടത്തില്‍ ഉണ്ടാകണം.

2. മാറ്റങ്ങള്‍ തിരിച്ചറിഞ്ഞാല്‍ തുറന്ന് സംസാരിക്കുക: മനസിന്റെ വ്യതിയാനം തിരിച്ചറിഞ്ഞാല്‍ അധികം അത് വെച്ചുകൊണ്ടിരുന്ന് അസ്വസ്ഥത കൂട്ടാതെ ആരോടെങ്കിലും, പ്രത്യേകിച്ച് മനസിന് അടുപ്പമുള്ളവരോട് അത് സംസാരിക്കുക. ഇനി ഇത്തരം അവസ്ഥകള്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ഉണ്ടെങ്കില്‍ ചോദിച്ചറിയാനും അവരെ കേള്‍ക്കാനുംഅവര്‍ക്ക് ഉപദേശം നല്‍കാനും ശ്രദ്ധിക്കുക.

3. ആരോഗ്യത്തില്‍ ശ്രദ്ധിക്കുക: മാനസിക ഉല്ലാസം നിലനിര്‍ത്താന്‍ ശാരീരിക ആരോഗ്യകാര്യങ്ങളിലും ശ്രദ്ധ ചെലുത്തണം. ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ പിന്തുടരണം. നന്നായി ഉറങ്ങണം. വ്യായാമത്തിന് സമയം കണ്ടെത്തണം. ആരോഗ്യത്തെ ക്ഷയിപ്പിക്കുന്ന ദുഃശീലങ്ങള്‍ ഉണ്ടെങ്കില്‍ അവ മാറ്റിനിര്‍ത്തണം.

4. മടിപിടിച്ച് ഇരിക്കരുത്: എപ്പോഴും എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കാന്‍ ശ്രമിക്കുക. മാത്രമല്ല,പരിചയക്കാരോ സുഹൃത്തുക്കളോ അടുത്ത ബന്ധുക്കളോ ഒക്കെയായി ബന്ധം മെച്ചപ്പെടുത്തുക. ആളുകളുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുക.

5. സ്വയം പുറത്തുവരാന്‍ സാധിക്കുന്നില്ലേ? വിദഗ്ധരുടെ സഹായം തേടാം: പറയുന്നത് പോലെ എല്ലാവര്‍ക്കും ഇതെല്ലാം ലളിതമായി സാധിക്കണമെന്നില്ല. മനസിനെ വരുതിക്ക് നിര്‍ത്താന്‍ പറ്റുന്നില്ലെന്ന് തോന്നിയാല്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടണം. ശരീരത്തിന് ബുദ്ധിമുട്ട് വരുമ്പോള്‍ വിദഗ്ധരെ കാണില്ലേ? അതുപോലെ തന്നെയാണ് ഇതും. അതികഠിനമായ മാനസിക രോഗാവസ്ഥയിലൂടെ കടന്നുപോകുന്ന ആരെങ്കിലും നിങ്ങളുടെ പരിചയത്തിലുണ്ടെങ്കില്‍ അവരോട് സംസാരിച്ച് ചികിത്സ വേണമെങ്കില്‍ അത് നല്‍കാന്‍ സഹായിക്കുക.

(ആലുവ രാജഗിരി ഹോസ്പിറ്റലില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റാണ് ലേഖിക)

Related Articles

Next Story

Videos

Share it